2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘അവര്‍ പിന്നെ പ്രൂഫ് ചോദിച്ചു, ‘ഹിന്ദു നാഷണലിസം: എ റീഡര്‍’ എന്ന പുസ്തകം കാണിച്ചപ്പോള്‍ മറിച്ചുനോക്കി എന്നെ വിട്ടുപോയി: എ.ബി.വി.പി പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് രക്ഷപ്പെട്ടത് വിവരിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി

 

ന്യൂഡല്‍ഹി: എ.ബി.വി.പി പ്രവര്‍ത്തകനാണെന്ന് കള്ളം പറഞ്ഞതു കൊണ്ട് മാത്രം മര്‍ദനമേല്‍ക്കാതെ രക്ഷപ്പെട്ട കഥ വിവരിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാണഷല്‍ സ്റ്റഡീസ് വിദ്യാര്‍ഥി രാജേഷ് കുമാര്‍ ആര്യയുടേതാണ് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിന്റെ നാലംഗ വസ്തുതാന്വേഷണ കമ്മിറ്റിക്കു മുന്‍പാകെയാണ് വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍.

ആര്യ വിവരിക്കുന്നതിങ്ങനെ:
വടിയും ഇരുമ്പുദണ്ഡുകളുമായി ഏകദേശം ഇരുപതോളം പേര്‍ വൈകിട്ട് ആറേ മുക്കാലോടെ സബര്‍മതി ഹോസ്റ്റലിലെത്തി. എന്റെ മുറി രണ്ടാമത്തെ നിലയിലാണ്. ഞാന്‍ താഴോട്ട് നോക്കുമ്പോള്‍, ഈ സംഘം ഓരോ മുറികളിലും കയറി കൂടെയുള്ളവരെ മര്‍ദിക്കുന്നതാണ് കാണുന്നത്. അതില്‍ കൂടുതല്‍ പേരും മുഖം മറച്ചിട്ടുണ്ടായിരുന്നു.

മുഖം മറച്ച ഒരുത്തന്‍ എന്നെ കണ്ടപ്പോള്‍ വിളിച്ചുപറഞ്ഞു: നോക്കൂ.. മുകളിലും ആളുകളുണ്ട്. ഇതോടെ മുകളിലുള്ളവരെല്ലാം വെളിച്ചം കെടുത്തി മുറിയുടെ കുറ്റിയിട്ടു.

എന്നാല്‍ അവര്‍ വെന്റിലേറ്റര്‍ ഗ്ലാസ് പൊളിച്ച് ഞങ്ങളെ നോക്കി കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. വാതില്‍ കുത്തിത്തുറന്നു. അവര്‍ എനിക്ക് ചുറ്റും കൂടി എന്നെ ഒരു മൂലയിലേക്കാക്കി. ചിലര്‍ എന്റെ ബെഡില്‍ കയറി നിന്നു. അവരെന്റെ പേര് ചോദിച്ചു. എന്റെ രാഷ്ട്രീയവും ചോദിച്ചു.

അവനെ നിലത്തിട്ട് അടിക്കൂയെന്ന് ചിലര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു, ഞാനും എ.ബി.വി.പിയാണെന്ന്. അതു നുണ പറഞ്ഞതായിരുന്നു. അപ്പോഴവര്‍ സംഘടനയിലെ മറ്റുള്ളവരുടെ പേരുകള്‍ പറയാന്‍ പറഞ്ഞു. ഞാന്‍ ചിലരുടെ പേരുകള്‍ പറഞ്ഞെങ്കിലും അവര്‍ക്ക് തൃപ്തിയായില്ല.

ഇതോടെ അവര്‍ പ്രൂഫ് ചോദിച്ചു. ഞാന്‍ വായിച്ചുകൊണ്ടിരുന്ന ‘ഹിന്ദു നാഷണലിസം: എ റീഡര്‍’ എന്ന പുസ്തകം കാണിച്ചുകൊടുത്തു. അതിന്റെ ചില ഭാഗങ്ങള്‍ മറിച്ചുനോക്കി. പിന്നെ അവര്‍ പിരിഞ്ഞുപോയി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.