2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

എറിഞ്ഞുവീഴ്ത്തി വേണോ പരിശോധന


പൊലിസ് നടത്തുന്ന വാഹന പരിശോധനയുടെ പേരില്‍ പൗരന്മാര്‍ക്ക് ജീവഹാനിയോ അപകടമോ സംഭവിക്കുന്നത് കേരളത്തില്‍ പതിവാകുകയാണ്. വാഹന പരിശോധന വേട്ടയാകരുതെന്ന് സര്‍ക്കാരും കോടതിയും പൊലിസിനെ പലതവണ ഓര്‍മപ്പെടുത്തിയിട്ടും എന്നെ തല്ലണ്ടമ്മാവാ എന്ന രീതിയിലാണ് പൊലിസിന്റെ നടപടികള്‍.
കഴിഞ്ഞദിവസം വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരനെ പൊലിസുകാരന്‍ ലാത്തിയെറിഞ്ഞ് വീഴ്ത്തിയത് കേരളത്തിലാണെന്നത് ലജ്ജാകരമാണ്. സര്‍ക്കാരിന് നിരന്തരം ചീത്തപ്പേര് കേള്‍പ്പിക്കുന്ന പൊലിസ് ഇപ്പോള്‍ കോടതി പറഞ്ഞിട്ടും കേള്‍ക്കില്ലെന്ന മട്ടിലാണ്. ഹെല്‍മറ്റ് വേട്ട സംബന്ധിച്ച് ഹൈക്കോടതി പൊലിസിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത് ഈയിടെയാണ്. തുടര്‍ന്ന് സര്‍ക്കാരും ഇക്കാര്യം നടപ്പാക്കുമെന്ന് ഉറപ്പു നല്‍കി. ഹൈടെക് രീതിയില്‍ വാഹനപരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. കൈകാണിച്ച് റോഡരികില്‍ വാഹനം പരിശോധിക്കുന്ന രീതിയില്‍ നിന്ന് പ്രാകൃത രീതിയിലേക്കാണ് പൊലിസിന്റെ പോക്കെന്നാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സംഭവത്തില്‍ കടയ്ക്കല്‍ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറും കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ സംഘാംഗവുമായ ചന്ദ്രമോഹനെ സസ്‌പെന്‍ഡ് ചെയ്തു. എ.എസ്.ഐ ഷിബുലാല്‍, എ.ആര്‍ ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസര്‍ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. കടയ്ക്കലിനു സമീപം ചിതറ കാഞ്ഞിരത്തുംമൂട്ടില്‍ വച്ചാണ് പൊലിസിന്റെ പ്രാകൃത ഹെല്‍മറ്റ് വേട്ട നടന്നത്. ലാത്തിയേറിനെ തുടര്‍ന്ന് ബൈക്ക് അപകടത്തില്‍പ്പെട്ട് കിഴക്കുംഭാഗം പന്തുവിള ജാസ്മി മന്‍സിലില്‍ സിദ്ദീഖ് (19) നാണ് പരുക്കേറ്റത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ വന്ന സിദ്ദീഖിനെ പൊലിസ് കൈകാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ടു പോയ ദേഷ്യത്തിലാണ് ചന്ദ്രമോഹന്‍ ലാത്തിയെറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ സിദ്ദീഖിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം പൊലിസുകാര്‍ സ്ഥലംവിട്ടു.
ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാരെ പരിശോധകര്‍ ഓടിച്ചിട്ടു പിടികൂടരുതെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചതാണ്. ഒരാഴ്ച മുന്‍പായിരുന്നു അവസാനത്തെ ഓര്‍മപ്പെടുത്തല്‍. പരിശോധനകള്‍ നിയമപരമായി നടത്തണമെന്ന് ഡി.ജി.പിയുടെ 2012 ലെ സര്‍ക്കുലറിലുമുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മൊബൈല്‍ഫോണ്‍, ഡിജിറ്റല്‍ കാമറ, നിരീക്ഷണ കാമറ, ഹാന്‍ഡികാം തുടങ്ങിയവ ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്നാണ് ഈ മാസം 20ന് ഹൈക്കോടതി വ്യക്തമാക്കിയത്. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പൊലിസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ലാത്തിയേറിനെ തുടര്‍ന്നുണ്ടായ അപകടത്തെ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടമാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് പൊലിസ് അറിയിച്ചിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പൊലിസിന്റെ ജനപ്രിയ ഫേസ്ബുക്ക് പേജിലും വാഹനപരിശോധനയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടമായിരുന്നു അത്. തങ്ങളുടെ വീഴ്ചകള്‍ സമ്മതിക്കാന്‍ മടിയ്ക്കുന്ന രീതി പൊലിസില്‍ നിന്ന് എക്കാലത്തും ഉണ്ടാവാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ സേനയെ സര്‍ക്കാര്‍ നയത്തിനു അനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ആഭ്യന്തരവകുപ്പിന് കഴിയണം.
പൊലിസിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുന്ന സമീപനമാണ് പലപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത് സര്‍ക്കാരിന് ഗുണമാണോ ദോഷമാണോ ഉണ്ടാക്കുകയെന്ന് കണ്ടറിയണം. 2015 ലും അന്നത്തെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ വാഹനപരിശോധന സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം ആകണമെന്നായിരുന്നു വാഹനപരിശോധനയെന്നും ജനങ്ങളോട് മാന്യമായി മാത്രം പെരുമാറണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. വാഹനത്തില്‍ ഇരിക്കുന്നവരെ സര്‍, സുഹൃത്തേ, മാഡം, സഹോദരി എന്നു മാത്രമേ അഭിസംബോധന നടത്താവൂ എന്നും വ്യക്തമാക്കിയിരുന്നു. ഇതൊക്കെ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ല.
ഗതാഗത തിരക്കുള്ള സ്ഥലങ്ങള്‍, ഇടുങ്ങിയ റോഡുകള്‍, വളവുകള്‍ എന്നിവിടങ്ങളില്‍ അടിയന്തര ആവശ്യത്തിനല്ലാതെ വാഹന പരിശോധന പാടില്ല. പെട്ടെന്നുള്ള യു ടേണ്‍, അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, ഇടതുവശത്തുകൂടിയുള്ള മറികടക്കല്‍, സിഗ്‌നല്‍ ലംഘനം, അപകടസാധ്യതയുള്ള പാര്‍ക്കിങ്, ഹെഡ്‌ലൈറ്റിന് ഡിം നല്‍കാതിരിക്കല്‍ തുടങ്ങിയവയ്ക്കാകണം മുന്‍ഗണന നല്‍കേണ്ടത് എന്നും സര്‍ക്കുലര്‍ പറയുന്നുണ്ട്.
വാഹന പരിശോധന ഹൈടെക് ആക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ ബോര്‍ഡ് സ്‌കാന്‍ ചെയ്ത് കംപ്യൂട്ടര്‍ സഹായത്തോടെ പിഴ നോട്ടിസ് തയാറാക്കുന്ന സംവിധാനമാണ് വരുന്നത്. വിദേശരാജ്യങ്ങളിലെല്ലാം നിലവിലുള്ള സംവിധാനമാണിത്. ഗതാഗത നിരീക്ഷണത്തിനായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റമാണ് ഇവിടെയും വേണ്ടത്. ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയെന്നാണ് വിവരം. മൂന്നു പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി 800 സ്മാര്‍ട് കാമറകള്‍ ഇതിനായി സ്ഥാപിക്കേണ്ടിവരും. ഇപ്പോഴത്തെ കാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്കുള്ള പിഴ നോട്ടിസ് ഉദ്ദ്യോഗസ്ഥരാണ് തയാറാക്കുന്നത്. യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയിലുള്ള പരിശോധനകള്‍ അവസാനിപ്പിച്ച് ഹൈടെക് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ഊര്‍ജിതപ്പെടുത്തണം. വാഹന പരിശോധനയ്ക്കിടെ ഇനിയൊരാള്‍ക്കും അപകടമുണ്ടാവരുത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.