2020 July 07 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാട്ടിലാക്കിയും വാക്കിലാഴ്ത്തിയും സൂഫി സദിരുകള്‍

 

ദൈവം ആദമിന്റെ രൂപമുണ്ടാക്കി. ഇനിയതില്‍ ആത്മാവിനെ ഉള്‍ചേര്‍ക്കണം. കളിമണ്ണുകൊണ്ടുണ്ടാക്കിയ ആ പ്രതിമയിലേക്കു നോക്കി ആത്മാവു മൊഴിഞ്ഞു. ‘ഹീനവും ഇരുണ്ടതുമായ ഒരിടം എനിക്കു ചേരുന്നതല്ല ദൈവമേ, എനിക്കതില്‍ വസിക്കുക വയ്യ’. നീതിമാനും പരിശുദ്ധനുമായവന്‍ ആ പ്രതിമയില്‍ പ്രകാശദീപങ്ങളുടെ ജ്വലനമുണ്ടാക്കി. ആത്മാവിനോട് വീണ്ടുമതില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. രൂപത്തിനു കൈവന്ന പ്രഭയെ നോക്കിയും തന്റെ ഭാവി പാര്‍പ്പിടത്തെ കുറിച്ചു നിരൂപിച്ചും ആത്മാവ് വീണ്ടും പറഞ്ഞു. ‘ആഹ്ലാദം പകരുന്ന സ്വരങ്ങളൊന്നും കേള്‍ക്കാനാകാത്ത ഒരിടമാണല്ലോ എനിക്കിത് ‘. അപ്പോള്‍ ദൈവം സംഗീതത്തെയുണ്ടാക്കി. അതു ശ്രവിച്ചു സന്തുഷ്ടനായ ആത്മാവ് അനായാസം ആ മണ്‍കൂട്ടില്‍ കയറി. ‘അശരീരി’യായ സംഗീതമുണ്ടാക്കിയ ഇഴക്കത്തില്‍ കളിമണ്‍ പ്രതിമ മനുഷ്യ ശരീരമായി. ആദം ജനിച്ചു.
മനുഷ്യനൊപ്പം തന്നെ സംഗീതവുമുണ്ടായി എന്നു പറയുന്ന, പൗരസ്ത്യരായ സൂഫികളുടെ ഒരു പുരാവൃത്തമാണിത്. ഈ ഐതിഹ്യത്തിനു പല ഭേദങ്ങളുണ്ട്. ഖുര്‍ആന്റെ ഹൃദയമെന്ന് നബി പറഞ്ഞ യാസീന്‍ ആയിരുന്നു ആദമിന്റെ രൂപത്തെ കേള്‍പിച്ച ആദ്യ സംഗീതമെന്നും അതു കൊണ്ടാണു മരണമെത്തുന്ന നേരത്ത് ആത്മാവിന്റെ പിരിയലിനു കൂട്ടാകാന്‍ യാസീന്‍ ഓതുന്നതെന്നുമാണ് ഒന്ന്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളുടെ വിശ്വാസപാരമ്പര്യങ്ങളും ആചാര അനുഷ്ഠാനങ്ങളും, മനുഷ്യന്റെ പിറവി മുതല്‍ മരണാനന്തരം വരേയുള്ളവ എന്ന ക്രമത്തില്‍ ചടങ്ങുകളും സമ്പ്രദായങ്ങളും ക്രോഡീകരിച്ച 1832ല്‍ പ്രസിദ്ധീകൃതമായ Islam in India: Or the Qanun-I-Islam,The Customs of the Musalmans of India എന്ന കൃതിയിലാണ് ഈ സൂഫി കഥ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് എസ്റ്റാബ്ലിഷ്‌മെന്റില്‍ സര്‍ജനായിരുന്ന ജി.എ ഹെര്‍ക് ലോട്‌സ് ആവശ്യപ്പെട്ട പ്രകാരമാണ് ഡെക്കാന്‍ പൗരനായിരുന്ന ജാഫര്‍ ഷരീഫ് ഉറുദുവില്‍ ഈ ക്രോഡീകരണം നിര്‍വഹിച്ചത്. ശേഷം ഹെര്‍ക് ലോട്‌സ് ഇംഗ്ലീഷിലേക്കതു പരിഭാഷ ചെയ്തു പ്രസിദ്ധപ്പെടുത്തി. ഫലപ്രദമായ ഭരണനിര്‍വഹണത്തിനു ജനങ്ങളെ വിശേഷമായി മനസിലാക്കുക എന്ന കൊളോനിയല്‍ ലക്ഷ്യത്തില്‍ എഴുതപ്പെട്ടതാണെങ്കിലും ഈ ഗ്രന്ഥം ഇന്ത്യയിലെ ശിയാ അല്ലാത്ത, ഇതര മുസ്‌ലിംകളുടെ ജീവിതത്തെ കുറിച്ചുള്ള ആധികാരികരേഖയായി ഗണിക്കപ്പെടുന്നു. ആന്‍ മേരി ഷിമ്മലിന്റെ Islam in India and Pakistan എന്ന പുസ്തകത്തില്‍ ചിലയിടങ്ങളില്‍ റഫറന്‍സായുണ്ട് ഈ കൃതി. ഉള്ളതായാലും ഇല്ലാത്തതായാലും ആത്മാവിനെ ഇണക്കാനും ഇഴക്കാനുമുള്ള സംഗീതത്തിന്റെ ശക്തിവിശേഷത്തെ പ്രതിയുള്ള ഈ സൂഫി പുരാവൃത്തം രുചികരമാണ്.

മാപ്പിളപ്പാട്ടിന്റെ ‘ദുഷിച്ച കാല’ത്തോട് സലാം ചൊല്ലി കേരളം സൂഫി സംഗീതത്തെ പുണരുകയാണിപ്പോള്‍. ഷഹബാസ് അമനും സമീര്‍ ബിന്‍സിയും ഉള്‍പ്പടെ എത്രയോപേര്‍ സൂഫി സദിരുകളാല്‍ മലയാളത്തിന്റെ കേള്‍വി പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു. ഷഹബാസ് സൂഫി റൂട്ട് എന്നും ബിന്‍സി മലയാളം സൂഫിയാന കലാം എന്നും തങ്ങളുടെ പാട്ടുവഴിയെ പരിചയപ്പെടുത്തുന്നു. ഇരുവരും മലപ്പുറത്തുനിന്നു പുറപ്പെട്ട രണ്ടു കൈവഴികള്‍. സൂഫി ഒരു വഴിയും കൈ ആ വഴിയിലെ ഒരു പ്രധാന പിടിത്തവുമാണ്. സൂഫി പാരമ്പര്യത്തിലെ കൊടുക്കലും വാങ്ങലും ഈ കൈയാണ്. പാട്ടാകട്ടെ പറച്ചിലാകട്ടെ, സഹവാസത്തിലായാലും സഹശ്വാസത്തിലായാലും കരങ്ങളെക്കാള്‍ അകതാരിലുള്ള ഹസ്തദാനവും ആലിംഗനവുമാണ് ഈ വഴിയില്‍.
‘നരകത്തില്‍ തീയില്ല, സ്വര്‍ഗത്തില്‍ തോട്ടവും ഇല്ല, എല്ലാം നിന്റെയുള്ളില്‍’ എന്ന് ഷഹബാസ് പാടുന്നു. ബിന്‍സി നുസ്രത്ത് ഫത്തഹലി ഖാന്റെ ‘അല്ലാഹു, അല്ലാഹു’ മലയാളത്തിലേക്കു കൊണ്ടുവരുന്നു. ‘ലാമും’ ‘മീമും’ ഇരുവരും കെട്ടഴിച്ചു നോക്കുന്നു. ‘അഹദത്തിലെ അലിഫ് അലിഫ് ലാം അകമിയം അലിഫക്ഷരപ്പൊരുള്‍ ബിസ്മില്ലാ..’ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടിലെ ആദ്യ ഇശല്‍ ആ കെട്ടാണ്. മലയാളത്തില്‍ മൊഴിഞ്ഞ ഇച്ച മസ്താനെ, അനേകം സൂഫികളെ ബിന്‍സി പാടുന്നു. രണ്ടു കൈവഴികളിലൂടെയും, ഇടകലരുന്ന അനേകം നദികള്‍ ഒഴുകി സംഗമിക്കുന്ന അഴിമുഖത്തിരുന്നു കേള്‍വിക്കാര്‍ എന്ന നിലയില്‍ നമ്മളും വികാരവിചാരത്തിരകളില്‍പെടുന്നു. മാപ്പിളപ്പാട്ട് ജീര്‍ണിച്ചുണ്ടായ വളം ഈ ഗാനശാലകളെ വേഗത്തില്‍ വളരാന്‍ സഹായിക്കും. ഷഹബാസ് പറയുന്നതാകില്ല ബിന്‍സി പറയുന്നത്; നേരെ തിരിച്ചും. രണ്ടാളും പാടുന്നത് ഒന്നല്ല, എന്നാലൊന്നിനെയാണ്.

സംഗീതം പാടില്ലെന്നു കരുതുന്നവര്‍ക്കു കിളികള്‍ പാടുന്ന ഭൂമി വിട്ടുപോകുകയേ നിവൃത്തിയുള്ളൂ എന്നത് ഇമാം അല്‍ ഗസ്സാലി പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍നിന്നു കിട്ടുന്നു. നാം പാട്ടു കേള്‍ക്കുന്നവരാണ്. എന്നാല്‍ പാട്ട് നമ്മെ കേള്‍ക്കും. പറഞ്ഞാല്‍ വിശ്വാസം വരാത്തവര്‍ക്ക് നുസ്രത്ത് ഫത്തഹലി ഖാന്‍ ഒരുത്തരമാണ്. പാട്ട് നമ്മെ കേട്ടുതുടങ്ങിയാല്‍ നമുക്ക് നമ്മെ കേള്‍ക്കാനാകും. സംഗീതം നമ്മിലൂടെയോ നമ്മള്‍ അതിലൂടെയോ സഞ്ചരിക്കുന്നതിനുപകരം അതു നമ്മെ പൊതിയും. അടുത്ത നിമിഷം ഇല്ലാതാകും എന്നറിഞ്ഞ ഒരാള്‍ അവസാനത്തെ ശ്വാസം ഉള്ളിലേക്കെടുക്കുന്ന പോലെ സകല ഭാവങ്ങളിലും ജീവിതത്തെ പുല്‍കുമത്. കുഞ്ഞുങ്ങള്‍ മടിയില്‍ നിന്നൂര്‍ന്നുപോകുന്ന പോലെ അതുവരെ കരുതിയ കനങ്ങള്‍ അഴിയുന്നത് അറിയാമന്നേരം. അപ്പോള്‍ അവന്‍ മാത്രം കൂടെയുണ്ടാകും. മരണം എന്നേക്കുമായി നല്‍കാനിരിക്കുന്ന നിത്യശാന്തിയുടെ ഒരു തുണ്ടില്‍ വസിക്കുകയാണു നാമന്നേരം.

വാക്കിന്റെ ആന്തരികാര്‍ഥങ്ങളിലാണ് സൂഫികളുടെ ശ്രദ്ധ. കാഴ്ചകള്‍ കാഴ്ചകള്‍ മാത്രമായല്ല, അവയുണ്ടാക്കുന്ന പ്രതീതികളാണവര്‍ പതിക്കുന്നത്. പ്രത്യക്ഷ യാഥാര്‍ഥ്യത്തിനു പകരം യാഥാര്‍ഥ്യത്തിന്റെ ആന്തരിക സാധ്യതകള്‍ക്കുള്ള ഒഴിവുകൂടി സൂഫിവചനങ്ങള്‍ ഒഴിച്ചിടുന്നു. ആ ഒഴിവ്, മൗനം നമുക്കു നമ്മെ കേള്‍ക്കാനുള്ളതാണ്. അങ്ങനെ മൗനം അര്‍ഥപൂര്‍ണമാകുന്നു. ഹൃദയത്തിന്റെ അടിത്തട്ടില്‍ കുഴിക്കാനൊന്നും സമയമില്ലാത്തവര്‍ക്കു വേണ്ടി അതു ഖനനം ചെയ്യുന്നു. ഒരേ നിരപ്പില്‍ പായുന്നവരെ അതൊരു ഹൈജംപിലേക്കു പൊക്കിവിടുന്നു. സൂഫിസം ഒരു മാര്‍ഗദര്‍ശനമല്ല, മാര്‍ഗമാണ്. അറിഞ്ഞുപാടുന്നവര്‍ ആ വഴിയേ നമ്മെ തെല്ലിട കൊണ്ടുപോകുന്നു.
പ്രിയപ്പെട്ട സൂഫിയാനാ കലാമുകള്‍ മുഹമ്മദ് ഇഖ്ബാലിന്റേയാണ്. നുസ്രത്ത് ഫത്തഹലി ഖാന്‍ മുതല്‍ എല്ലാ ഗായകരും കലാമെ ഇഖ്ബാല്‍ പാടിക്കേട്ടിട്ടുണ്ട്. മലയാളത്തിലത് എത്തിക്കുന്നതാരാകും എന്ന കൗതുകം കലര്‍ന്ന കാത്തിരിപ്പിലാണ് ഞാന്‍. എത്രയോ മുന്‍പേ, സൂഫിസത്തെ വിശദമാക്കിയ ശേഷം ഇഖ്ബാല്‍ എഴുതിയിട്ടുണ്ട്. സ്വന്തം ഔന്നത്യത്തെ പുരസ്‌കരിച്ചും സനാതനതത്ത്വങ്ങളുടെ വെളിച്ചത്തില്‍ സാമൂഹികജീവിതത്തെ പുനസംവിധാനം ചെയ്തും എപ്പോഴും ഭാഗികമായി മാത്രം പ്രകാശിപ്പിക്കപ്പെടാറുള്ള ഇസ്‌ലാമിന്റെ മൗലികലക്ഷ്യത്തെ പരിണമിപ്പിച്ചും മുന്നോട്ടുപോകേണ്ട ചുമതല മുസ്‌ലിമിനുണ്ട്. ആത്മീയ ജനാധിപത്യ(Spiritual Democracy)മാണ് ഇസ്‌ലാമിന്റെ അന്തിമലക്ഷ്യമെന്ന് ഓരോ മുസ്‌ലിമും ഓര്‍ക്കേണ്ടതുണ്ട്.

സൂഫിസം കൊണ്ടും സൂഫികള്‍ ആത്മാവിന്റെ ഇരുള്‍വീണ ഇടനാഴികളില്‍ ഉറ്റിച്ച വെളിച്ചത്തെ കണ്ടെടുത്തും മേപ്പടി ലക്ഷ്യത്തെ നിറവേറ്റുക ഒരു വഴിയാണ്. പാട്ടു കൊണ്ട് ചമക്കാവുന്ന ജീവിതത്തിന്റെ ദൂരം പരിഗണിക്കുമ്പോള്‍, ഗ്രഹണശേഷം വെളിവാകുന്ന നിലാവു പോലെ സൂഫി ഗാനശാഖക്ക് കേരളത്തില്‍ പലപാടു വെളിപ്പെടാനും വെളിപ്പെടുത്താനും ഒരുപാടുണ്ട്. ഷഹബാസിന്റെയും ബിന്‍സിയുടെയും മറ്റു പലരുടെയും ശ്രമങ്ങളെ സംഗീതമായി ശ്രവിക്കുന്നതിനൊപ്പം രാഷ്ട്രീയമായി ഗ്രഹിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നു. അരാഷ്ട്രീയത അബ്ദുല്‍ ഖാദര്‍ ജീലാനിയോ ജലാലുദ്ദീന്‍ റൂമിയോ ഖ്വാജാ മുഈനുദ്ദീനോ ഇഷ്ടപ്പെട്ടതായി എവിടെയും കാണുന്നില്ല.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.