2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഐസറില്‍ അപേക്ഷിക്കാം

 

അടിസ്ഥാന ശാസ്ത്രവിഷയങ്ങളില്‍ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ഐസര്‍) ബി.എസ്, ബി.എസ്. എം.എസ് ഇരട്ട ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇത്തവണ ഒരു മാസം നേരത്തെയാണ് വിജ്ഞാപനം. മുന്‍വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതോടെയാണ് ഐസര്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിരുന്നത്.
പ്രവേശന നടപടികള്‍, യോഗ്യത, എന്‍ട്രന്‍സ് പരീക്ഷ എന്നിവയില്‍ ഇത്തവണ ചില മാറ്റമുണ്ട്. യോഗ്യതയില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാനാകും.

മെയ് 31നാണ് അഭിരുചി പരീക്ഷ. തിരുവനന്തപുരം, ബെറാംപുര്‍, ഭോപാല്‍, കൊല്‍ക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലാണ് ഐസറുകള്‍ ഉള്ളത്. ഓരോ ഐസറിലും 150 സീറ്റ് വീതമുണ്ട്.

ഭോപാലില്‍ മാത്രമേ ബി.എസ് പ്രോഗ്രാമുള്ളൂ. എന്‍ജിനിയറിങ് സയന്‍സസ്, ഇക്കണോമിക്‌സ് എന്നിവയില്‍ നാലു വര്‍ഷത്തെ ബി.എസ് പ്രോഗ്രാമാണ് ഇവിടെയുള്ളത്. മറ്റുള്ളിടത്ത് ബി.എസ്. എം.എസ് ഇരട്ട ബിരുദ പ്രോഗ്രാമുകളാ (ഡ്യൂല്‍ ഡിഗ്രി)ണുള്ളത്. ബയോളജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ് ഡാറ്റ സയന്‍സ്, എര്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് സയന്‍സസ് എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, സാമ്പത്തിക ശാസ്ത്രം, എന്‍ജിനിയറിങ് സയന്‍സസ്, ജിയോളജിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നിവയിലാണ് കോഴ്‌സുകള്‍.

അഞ്ചുവര്‍ഷത്തെ കോഴ്‌സില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസ സ്‌റ്റൈപെന്‍ഡും ലഭിക്കും. കോഴ്‌സിന്റെ ആദ്യ രണ്ടുവര്‍ഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലാണ് പഠനം. മൂന്നും നാലും വര്‍ഷം ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുത്ത് ആഴത്തിലുള്ള പഠനം. അഞ്ചാം വര്‍ഷം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം.

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് (ഇ.ഡബ്ല്യു.എസ്) ഉള്‍പ്പെടെ മുഴുവന്‍ സംവരണ മാനദണ്ഡവും പ്രവേശനത്തിനുണ്ട്.
ഐസറുകളിലേക്ക് മൂന്നു രീതിയിലാണ് പ്രവേശനം. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷ എഴുതി പ്രവേശനം നേടുന്നതിനു പുറമെ അഖിലേന്ത്യാ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇയില്‍ ഐ.ഐ.ടി അഡ്മിഷനുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡില്‍ ആദ്യ 10,000 റാങ്കുകാര്‍ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് വഴി നടപ്പാക്കുന്ന കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ) സ്‌കോളര്‍ഷിപ് നേടിയവര്‍ക്കായി ഒരു വിഭാഗം സീറ്റുകള്‍ നീക്കിവച്ചിട്ടുണ്ട്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ള അപേക്ഷയാണ് മാര്‍ച്ച് 23 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നത്. 2019ല്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കും 2020ല്‍ പ്ലസ് ടു എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. കെ.വി.പി.വൈ സ്‌കോളര്‍ഷിപ്പുകാര്‍ക്ക് ഏപ്രില്‍ 24 മുതല്‍ അപേക്ഷിക്കാം. ജെ.ഇ.ഇ അഡ്വാസ്ഡ് സ്‌കോര്‍ നേടിയവര്‍ ജൂണ്‍ ഒന്നുമുതലാണ് അപേക്ഷിക്കേണ്ടത്. കേരളത്തിലെ എല്ലാ ജില്ലയിലും പ്രവേശനപരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷാ ഫീസ്, അഭിരുചി പരീക്ഷയുടെ സിലബസ്, പരീക്ഷാകേന്ദ്രങ്ങള്‍, അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടുന്ന സര്‍ട്ടിഫിക്കറ്റുകളുടെ മാതൃക എന്നിവയെല്ലാം http:www.iiseradmission.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.