2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

അവസാന നിമിഷം യു.പി.എ പേര് മാറ്റി; എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അധികാരത്തിലെത്തുക മതേതര ജനാധിപത്യ മുന്നണി, പ്രതിപക്ഷത്തിന് മുന്‍പില്‍ മൂന്ന് പദ്ധതി

 

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ബി.ജെ.പിയിതര സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനായി ബഹുമുഖ പദ്ധതിയുമായി പ്രതിപക്ഷം. ഇതിനായി മൂന്നുതരത്തിലുള്ള തന്ത്രമാണ് പ്രതിപക്ഷത്തിനു മുന്‍പിലുള്ളത്. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ ഇല്ലാതായി, പകരം സെക്കുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്) വിശാല മുന്നണിയുടെ പേരിലാവും ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ നിലവില്‍വരിക. യു.പി.എയിലെ കക്ഷികള്‍ക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, തെലുഗുദേശം പാര്‍ട്ടി, ഇടതുമുന്നണി എന്നിവര്‍ കൂടി ഉള്‍പ്പെട്ടതാണ് എസ്.ഡി.എഫ്. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയ്‌റാം രമേശ്, അഭിഷേക് മനു സിങ്‌വി, രണ്‍ദീപ് സുര്‍ജെവാല എന്നിവരെയാണ് വിശാലസഖ്യ നീക്കത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയോഗിച്ചിരിക്കുന്നത്. നാലുദിവസം മുമ്പന്‍പ് രൂപീകരിച്ച കോര്‍ കമ്മിറ്റി ത്രിതല പദ്ധതികളാണു മുന്നോട്ടുവച്ചിരിക്കുന്നത്. കോര്‍കമ്മിറ്റി കഴിഞ്ഞ ദിവസങ്ങളിലായി ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിവന്ന ചര്‍ച്ചയുടെ ഫലമായാണ് എസ്.ഡി.എഫിന്റെ രൂപീകരണം സാധ്യമായത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തങ്ങള്‍ക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാകത്തില്‍ സീറ്റുകള്‍ ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ മറ്റെല്ലാ അഭിപ്രായഭിന്നതകളും മറന്ന് സഖ്യം സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് പ്രതിപക്ഷ നേതാക്കള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത്തരത്തില്‍ നീക്കമുണ്ടായാല്‍ എന്‍.ഡി.എ പക്ഷത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ള ബി.ജെ.ഡി, ടി.ആര്‍.എസ് പാര്‍ട്ടികളും തങ്ങള്‍ക്കൊപ്പമെത്തുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും പ്രതിപക്ഷം പദ്ധതി തയാറാക്കിയിട്ടുണ്ട്.

ഫലം പുറത്തുവരുന്നതിനു മുമ്പു തന്നെ സഖ്യത്തെക്കുറിച്ചു രാഷ്ട്രപതിക്കു കത്തു നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബി.എസ്.പി എതിര്‍ത്തതോടെ ആ നീക്കം പാളുകയായിരുന്നു. കത്തു നല്‍കുന്നതിലൂടെ എന്‍.ഡി.എയ്ക്ക് അനുകൂലമായ നീക്കങ്ങള്‍ക്കു തടയിടാന്‍ കഴിയുമെന്നാണ് പ്രതിപക്ഷ പ്രതീക്ഷ.

എങ്കിലും രാഷ്ട്രപതിക്ക് നല്‍കാനായി അഭിഷേക് മനു സിങ്‌വിയുടെ നേതൃത്വത്തില്‍ മൂന്നു കത്തുകള്‍ തയാറാക്കിയിട്ടുണ്ട്. പുതിയ സഖ്യത്തിന്റെ രൂപീകരണം അറിയിച്ച് സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളുടെയും ഒപ്പുകള്‍ അടങ്ങുന്ന കത്ത് രാഷ്ട്രപതിക്ക് അയക്കുകയായിരിക്കും ആദ്യം ചെയ്യുക. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുന്നതാണ് രണ്ടാമത്തെ കത്ത്. മുന്നണിയുടെ നേതാവ് ആരെന്നറിയിച്ച് ഇന്നു രാത്രി വൈകി നല്‍കാനുള്ള കത്താണ് മൂന്നാമത്തെത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.