2018 October 15 Monday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

ബിജെപിയിലേക്ക് ചാഞ്ഞ് ഗവര്‍ണര്‍; കച്ചകെട്ടിയിറങ്ങി കോണ്‍ഗ്രസും ദളും

  • കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്‌
  • ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ രാജ്ഭവനുമുന്നില്‍ ധര്‍ണയ്ക്ക് ആളൊരുക്കം
  • ഗുലാംനബി ആസാദിനും 'പിടികൊടുക്കാതെ' ഗവര്‍ണര്‍

ബംഗളൂരു: രാഷ്ട്രീയ അന്തര്‍നാടകങ്ങളില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസിന്റെ 74 എം.എല്‍.എമാരെ ബംഗലൂരുവിന് പുറത്ത്  റിസോര്‍ട്ടിലേക്ക് മാറ്റും. ബസിലാണ് വൈകിട്ടോടെ എം.എല്‍.എമാരെ കൊണ്ടുപോകുന്നത്. കുമാരസ്വാമിയെ പിന്തുണയ്ക്കുന്ന കത്തില്‍ 72 കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു സ്വതന്ത്രനും ഒപ്പുവച്ചിട്ടുണ്ട്. അഞ്ച് എം.എല്‍.എമാര്‍ കൂടി എത്തിച്ചേരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചേക്കുമെന്നാണ് സൂചന.

അങ്ങിനെയെങ്കില്‍ പരസ്യ പ്രതിഷേധത്തിന് കോണ്‍ഗ്രസ്- ജെഡിഎസ് അംഗങ്ങള്‍ തയാറാകുമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.

തങ്ങളെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നാളെ മുതല്‍ രാജ്ഭവനു മുന്നില്‍ ധര്‍ണ നടത്താനാണ് കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരുടെ തീരുമാനം.

ഇരു പാര്‍ട്ടികളിലേയും എംപിമാരും ഇവരോടൊപ്പം ചേരുമെന്നാണ് സൂചന. ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയാണെങ്കില്‍ നിയമനടപടിയിലെക്കു നീങ്ങാനും ഇരുപാര്‍ട്ടികളും തയാറെടുക്കുന്നുണ്ട്.

എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്ന നടപടി അങ്ങേയറ്റം അപമാനകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഭരണഘടനയ്ക്ക് അതീതമായി പ്രവര്‍ത്തിക്കാന്‍ ഒരു സര്‍ക്കാറിനും സാധിക്കില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസ് ജെഡിഎസ് സംഘത്തെ കാണാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുന്നത് ഇരു ക്യാംപുകളിലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

ഉച്ചയ്ക്ക് 12 മണിമുതല്‍ ഗവര്‍ണറെ കാണാന്‍ അനുവാദം ചോദിച്ചിട്ടും കിട്ടിയില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. രണ്ടു പിന്‍തുണകത്തുകള്‍ കൈമാറാനാണ് ഗവര്‍ണറെ കാണുന്നത്. ഒന്ന് കോണ്‍ഗ്രസിന്റെയും മറ്റൊന്ന് ജെഡിഎസിന്റെയും. എന്നാല്‍ കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ സമയം അനുവദിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.