2018 May 10 Thursday

കുറ്റവാളികളൊക്കെ നിരപരാധികളാണെങ്കില്‍ പിന്നെ ഞങ്ങളാണോ കുട്ടികളെ കൊന്നത്?- നരോദ പാട്യ ഇരയുടെ ചോദ്യം

അഹമ്മദാബാദ്: 2002 നരോദ പാട്യ കലാപക്കേസിലെ 32 പ്രതികളില്‍ 17 പേരെയും കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ ചോദ്യവുമായി ഇരയായ ഒരു സ്ത്രീ. തന്റെ കണ്‍മുന്നില്‍ സ്വന്തം കുടുംബത്തിലെ എട്ടുപേരെ നഷ്ടപ്പെട്ട സ്ത്രീയാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.

”ഞങ്ങളുടെ കണ്‍മുന്നില്‍ വച്ച് കുടുംബത്തിലെ എട്ടുപേര്‍ കൊല്ലപ്പെട്ടത്. അവര്‍ നിരപരാധികളാണെങ്കില്‍, ഞങ്ങളാണോ സ്വന്തം കുട്ടികളെ കൊന്നത്?”- സ്ത്രീ ചോദിക്കുന്നു.

ബി.ജെ.പി മുന്‍മന്ത്രി മായ കോട്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടിരുന്നു. കോട്‌നാനി അടക്കം 17 പേരെയാണ് വെറുതെവിട്ടത്. 12 പേരെ കുറ്റക്കാരെന്നു കണ്ടെത്തി. രണ്ടു പേര്‍ വിധി കാക്കുകയാണ്. ഒരു പ്രതി ഇതിനകം മരിക്കുകയും ചെയ്തു.

2012 ല്‍ പ്രത്യേക അന്വേഷണ സംഘത്തിനു വേണ്ടി പ്രത്യേക കോടതി 32 പേരെയും ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു. കോട്‌നാനി, ബാബു ബജ്‌രംഗി എന്നിവരും ഇതിലുണ്ടായിരുന്നു. തന്റെ ശിക്ഷാവിധിക്കെതിരെ ബാബു ബജ്‌രംഗി കോടതിയെ സമീപിച്ചിട്ടുണ്ട്. അതില്‍ വിധി പറഞ്ഞിട്ടില്ല.

2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വ്വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ച് തീവയ്പ്പില്‍ 58 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വി.എച്ച്.പിയും ബജ്‌റംഗ്ദളും ഫെബ്രുവരി 28ന് ഗുജറാത്തില്‍ ബന്ദ് പ്രഖ്യാപിച്ചു. അന്ന് അഹമ്മദാബാദിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നരോദ പാട്യയില്‍ കലാപം നടത്തുകയും 97 പേരെ കൊന്നൊടുക്കുകയും ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.