2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇടുക്കി വൈദ്യുതിനിലയം വിസ്മയക്കൂടാരം

ബാസിത് ഹസന്‍

 

മഴ അതിഭീകരമായി പെയ്തു നിറഞ്ഞു തുളുമ്പാറായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ ആശ്വാസകരമായ നിലയിലേയ്ക്കു കുറഞ്ഞു. ഇതു കുറഞ്ഞതു വെറുതെ വെള്ളം തുറന്നുവിട്ടതു കൊണ്ടല്ല. അങ്ങനെയായിരുന്നെങ്കില്‍ അതു ജലനഷ്ടം മാത്രമാകുമായിരുന്നു. പക്ഷേ, ആറാഴ്ചക്കാലത്ത് നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ ഇടുക്കി ഭൂഗര്‍ഭനിലയത്തില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചതുകൊണ്ടു ജലം കുറയ്ക്കാനുമായി, വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ വരുമാനം നേടാനുമായി.
ഇന്ത്യ-കാനഡ പദ്ധതിയായ ഇടുക്കി ഭൂഗര്‍ഭ വൈദ്യുതി നിലയം സത്യത്തില്‍, ഇന്നും ഒരു വിസ്മയമാണ്. 2500 അടി ഉയരമുള്ള നാടുകാണിമലയുടെ ചുവട്ടില്‍ നിന്നു തുടങ്ങി 1966 അടി നീളമുള്ള തുരങ്കത്തിലൂടെ മൂലമറ്റത്ത് അവസാനിക്കുന്നതാണ് ആ വിസ്മയം. 20 അടി ഉയരമുള്ള ഭൂഗര്‍ഭ തുരങ്കത്തിന് കുതിരലാടത്തിന്റെ ആകൃതിയാണ്. 463 അടി നീളവും 65 അടി വീതിയും 115 അടി ഉയരവുമാണ് ഭൂഗര്‍ഭവൈദ്യുതിനിലയത്തിനുള്ളത്. സമുദ്രനിരപ്പിന് 200 അടി ഉയരത്തിലാണു പവര്‍ ഹൗസിന്റെ തറനിരപ്പ്.
സമുദ്രനിരപ്പില്‍ നിന്ന് 2200 അടി ഉയരത്തിലുള്ള കുളമാവ് ഡാമില്‍ നിന്നു പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയാണ് പവര്‍ ഹൗസിലേയ്ക്കു വെള്ളമെത്തുന്നത്. രണ്ടു പ്രഷര്‍ ഷാഫ്റ്റുകളിലൂടെ പവര്‍ഹൗസിലേയ്‌ക്കെത്തുന്ന വെള്ളം മൂന്നു വഴിയായി തിരിഞ്ഞ് ഓരോ ജനറേറ്ററുകളിലേയ്ക്കു പോകുകയാണ്. ജനറേറ്ററിനുള്ളിലെത്തുന്ന വെള്ളം ആറു ജെറ്റ് നോസിലുകളിലൂടെ അതിശക്തമായി പായിച്ചാണു ടര്‍ബൈന്‍ കറക്കുന്നത്. പെല്‍ടണ്‍ വീല്‍ ടൈപ്പ് ഹൈ ഹെഡ് ടര്‍ബൈനുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
കുത്തനെ ഘടിപ്പിച്ചിരിക്കുന്ന ടര്‍ബൈനുകള്‍ക്കു മുകളിലാണു ജനറേറ്ററുകള്‍. ജനറേറ്ററുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പവര്‍ഹൗസിനുള്ളില്‍ത്തന്നെ സ്ഥാപിച്ചിരിക്കുന്ന 220 കെ.വി സിംഗിള്‍ ഫേസ് ജനറേറ്റര്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ശേഖരിക്കുകയും അവിടെനിന്നു സ്വിച്ച്‌യാര്‍ഡിലേയ്ക്കു പ്രവഹിക്കുകയുമാണ്. 57 ടണ്‍ ഭാരമാണ് ഓരോ ജനറേറ്റര്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കുമുള്ളത്. ഒരു സ്റ്റാന്റ്‌ബൈ ട്രാന്‍സ്‌ഫോര്‍മറുള്‍പ്പെടെ 10 ട്രാന്‍സ്‌ഫോര്‍മറുകളാണ് 10 അറകളിലായി സ്ഥാപിച്ചിരിക്കുന്നത്.
അത്യാധുനിക യന്ത്രസംവിധാനങ്ങളുടെ കലവറയാണു കണ്‍ട്രോള്‍ റൂം. കളമശേരി, പള്ളം എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി പ്രവാഹത്തെ ഇവിടെ നിന്നും നിയന്ത്രിക്കാനാകും. ജനറേറ്റര്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നും വൈദ്യുതി പവര്‍ ഹൗസിന് പുറത്തുള്ള സ്വിച്ച് യാര്‍ഡിലേയ്ക്കു കൊണ്ടുപോകുന്നത് ഓയില്‍ നിറച്ച പ്രത്യേകതരം ചെമ്പു കേബിളുകളിലൂടെയാണ്. സ്വിച്ച് യാര്‍ഡിലേക്ക് ഈ കേബിളുകള്‍ പോകുന്നത് 1400 അടി നീളമുള്ള തുരങ്കത്തിലൂടെയാണ്.
നാലിഞ്ചു വ്യാസമുള്ള ഈ ഒറ്റ കേബിളിനു 28 ടണ്ണിലധികം ഭാരമുണ്ട്. പവര്‍ ഹൗസില്‍ നിന്നു കണ്‍ട്രോള്‍ കേബിളുകള്‍ പോകുന്നതു മറ്റൊരു തുരങ്കത്തിലൂടെയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ മൂലമറ്റം വൈദ്യുതിനിലയം ആറാഴ്ചയായി അത്യധ്വാനത്തിലാണ്. ജലശേഖരം 81 ശതമാനം പിന്നിട്ട് ജൂലൈ 23 മുതല്‍ ഇന്നലെ വരെ ഉത്പാദിപ്പിച്ചതു 542.55 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.
1976 ഫെബ്രുവരി 12ന് മുഖ്യമന്ത്രി സി അച്യുതമേനോന്റെ അധ്യക്ഷതയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. പദ്ധതിയിലെ ഒന്നാമത്തെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഇടുക്കിയിലെ വൈദ്യുതികൊണ്ട് ‘ഇടുക്കി രാഷ്ട്രത്തിന് ‘ എന്നു വൈദ്യുതി ദീപങ്ങളാല്‍ എഴുതിക്കാട്ടിയ അനര്‍ഘനിമിഷം ഇന്നും പലരുടെയും ഓര്‍മയിലുണ്ട്.
മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതിനിലയത്തിനു മുന്നില്‍ ഒരുക്കിയ അതിവിശാലമായ മൈതാനത്തു സൂചികുത്താനിടമില്ലാതെ ജനം തിങ്ങിനിന്ന നിമിഷം. കിഴക്ക് വെള്ളകീറുംമുമ്പെ തങ്ങളുടെ ദേശീയ നേതാവിനെ ഒരുനോക്കുകാണാന്‍ ജനം മൂലമറ്റത്തേക്ക് പ്രവഹിക്കുകയായിരുന്നു. സമ്മേളന നഗറിന് പുറത്തു കിടന്നിരുന്ന പൊലിസ് ജീപ്പിലെ വയര്‍ലസ് സെറ്റില്‍ പ്രധാനമന്ത്രി 15 മിനിട്ടിനുള്ളില്‍ എത്തുമെന്നുള്ള അറിയിപ്പ് മുഴങ്ങി. ഞൊടിയിടയില്‍ ആ ജീപ്പ് മൂലമറ്റം സര്‍ക്യൂട്ട് ഹൗസിലെ ഹെലിപ്പാടിലേക്ക് കുതിച്ചു. നിമിഷങ്ങള്‍ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. എല്ലാ കണ്ണുകളും ആകാശത്തേക്ക്. ആകാശത്തേക്ക് നോക്കിനിന്നവരില്‍ ഏറെയും സംസ്ഥാന പൊലിസിലെ ഉന്നതന്മാര്‍. മെഡിക്കല്‍ ടീമുകള്‍, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാം സുസജ്ജം.
പെട്ടെന്ന് പടിഞ്ഞാറെ ചക്രവാളത്തില്‍ പൊട്ടുപോലെ ഹെലിക്കോപ്ടര്‍ പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ഹെലിക്കോപ്ടര്‍ ഇറങ്ങി. ഹെലിക്കോപ്ടര്‍ പങ്കകള്‍ ഉതിര്‍ത്ത ശക്തമായ കാറ്റില്‍ പൊലിസുകാരുടെ തൊപ്പികള്‍ പറന്നു. പൊടിപടലത്തില്‍ നിന്നും രക്ഷപ്പെടാന്‍ വി.ഐ.പി കള്‍ പലരും മുഖം പൊത്തി. പൊടിക്കാറ്റ് അടങ്ങിയപ്പോള്‍ ഹെലിക്കോപ്ടറിന്റെ വാതില്‍ തുറന്നു. ഇറങ്ങിവന്നത് കേന്ദ്ര മന്ത്രി കെ.സി.പന്ത്. ഇന്ദിരയേയും വഹിച്ചുകൊണ്ടുള്ള ഹെലിക്കോപ്ടര്‍ അപ്പോള്‍ ഇടുക്കി അണക്കെട്ട് പ്രദേശത്തിന് മുകളിലൂടെ പറക്കുകയായിരുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ ആ ഹെലിക്കോപ്ടറും പറന്നിറങ്ങി. റഷ്യന്‍ നിര്‍മ്മിത അല്യൂട്ട് ഹെലിക്കോപ്ടറിന്റെ മുന്‍ സീറ്റില്‍ നിന്നും അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രി കെ.കരുണാകരനും പിന്നില്‍ നിന്നും ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഹെലിപ്പാടിലേക്ക് ഇറങ്ങിവന്നു.
ചോക്കലേറ്റ് നിറമുള്ള ബോര്‍ഡറോടുകൂടിയ വെള്ള സാരിയും കഴുത്തില്‍ കറുത്ത മുത്തുമാലയുമണിഞ്ഞ് ഹെലിപ്പാടിലൂടെ നടന്നുവന്ന ഇന്ദിരാ പ്രിയദര്‍ശനിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ പൂച്ചെണ്ടുമായി ഓടിയെത്തി. പിന്നാലെ വൈദ്യുതി മന്ത്രി എം.എന്‍.ഗോവിന്ദന്‍ നായര്‍, മന്ത്രിമാരായ ബേബി ജോണ്‍, ആര്‍.ബാലകൃഷ്ണപിള്ള, കെ.ജി.അടിയോടി, സി.എം.സ്റ്റീഫന്‍ എം.പി., വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എ.ഐ.ജോര്‍ജ്, കര്‍ണ്ണാടക വൈദ്യുതി മന്ത്രി ശ്രീകണ്ഠഅയ്യര്‍, കനേഡിയന്‍ ഹൈക്കമ്മിഷണര്‍ ജെ.ആര്‍ മെയ്ബി തുടങ്ങിയവര്‍ പാതയ്ക്ക് ഇരുവശവും നിന്ന് വണങ്ങി. പെണ്‍കുട്ടികള്‍ പുഷ്പവൃഷ്ടി നടത്തുന്നതിനിടയിലൂടെ സര്‍ക്യൂട്ട് ഹൗസിലേക്ക് തിരക്കിട്ട് നടന്ന ഇന്ദിരാ ഗാന്ധി അല്‍പസമയത്തിനകം കാറില്‍ സമ്മേളന നഗറിലേക്ക് പോയി. രാഷ്ട്രപുരോഗതിക്കായി ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നുവെന്ന സമ്മേളന വേദിയിലെ ഇന്ദിരാ ഗാന്ധിയുടെ പ്രഖ്യാപനവും ജയ്ഹിന്ദ് വിളികളും ഇന്നും ആ മലമടക്കുകളില്‍ പ്രതിധ്വനിക്കുന്നതുപോലെ തോന്നാറുണ്ട്.
കുറവന്‍-കുറത്തി മലകള്‍ക്കിടയില്‍ 500 അടിയിലേറെ ഉയരത്തില്‍ പണിത ആര്‍ച്ച് ഡാമിന് പിന്നില്‍ സംഭരിക്കുന്ന കോടിക്കണക്കിന് ലിറ്റര്‍ വെള്ളം, പാറക്കുള്ളില്‍ തുരന്നുണ്ടാക്കിയ ഭൂഗര്‍ഭ പവര്‍ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രക്രിയ ഇന്നും അത്ഭുത്തോടെ മാത്രമേ വീക്ഷിക്കാനാകൂ. ഇച്ഛാശക്തിയുടേയും മനുഷ്യപ്രയത്‌നത്തിന്റെയും വിയര്‍പ്പിന്റെ ഖനിയായ ഈ പദ്ധതിക്ക് ഓര്‍ക്കാന്‍ ഏറെയുണ്ട്. പ്രശാന്ത കേരളത്തെ പ്രകാശപൂരിതമാക്കിയ ലക്ഷ്യ സാക്ഷാത്കാരത്തിന്റെ വിഭവസമൃദ്ധിയുണ്ട്. ഐതിഹ്യത്തിന്റെ ഉപദംശങ്ങളുണ്ട്.
സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ നിലനിര്‍ത്തുന്നതില്‍ ഇടുക്കി പദ്ധതി വഹിക്കുന്ന പങ്ക് ചെറുതല്ല. കരിവെള്ളയാന്‍ കൊലുമ്പന്‍ വിരല്‍ ചൂണ്ടിയ ഈ മുഖ്യ ഊര്‍ജസ്രോതസ്സാണ് കേരളത്തിന്റെ ജലവൈദ്യുതോത്പാദനത്തിന്റെ മുക്കാല്‍ പങ്കും നിര്‍വഹിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.