2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ജുമുഅ സമയത്ത് ഐ.സി.എസ്.ഇ- സി.ബി.എസ്.ഇ പരീക്ഷകള്‍

#എ.കെ ഫസലുറഹ്മാന്‍

മലപ്പുറം: വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആരാധനാ സ്വാതന്ത്ര്യം മുടക്കി ഇത്തവണയും ഐ.സി.എസ്.ഇ-സി.ബി.എസ്.ഇ പരീക്ഷകള്‍. വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാരം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ദേശീയ പാഠ്യപദ്ധതികളായ ഐ.സി.എസ്.ഇയും സി.ബി.എസ്.ഇയും പരീക്ഷാ ടൈം ടേബിള്‍ തയാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷ വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച 11ന് ആരംഭിക്കുന്ന പരീക്ഷ കൃത്യം ജുമുഅ നഷ്ടപ്പെടുന്ന രീതിയിലാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ എട്ടിനും 8.30നും ക്ലാസ് ആരംഭിച്ച് ഉച്ചയോടെ ക്ലാസ് അവസാനിപ്പിക്കുന്ന ഐ.സി.എസ്.ഇ ബോര്‍ഡിനു കീഴില്‍ നിരവധി മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്.. 
പരീക്ഷ മാര്‍ച്ച് 25 വരെ നീളും. തുടര്‍ച്ചയായ വെള്ളിയാഴ്ചകളായ മാര്‍ച്ച് ഒന്ന്, മാര്‍ച്ച് എട്ട്, മാര്‍ച്ച് 22 തിയതികളിലും പരീക്ഷ നടക്കുന്നുണ്ട്.. അഞ്ചുവിഷയങ്ങളിലായി പത്തുപരീക്ഷകളില്‍ നാലും വെള്ളിയാഴ്ച ജുമുഅ നേരത്താക്കിയതിനെതിരേ ഇതിനകം തന്നെ രക്ഷിതാക്കളും അധ്യാപക-അനധ്യാപക ജീവനക്കാരും രംഗത്തുവന്നിട്ടുണ്ട്.. സംസ്ഥാനത്ത് 200ഓളം സ്‌കൂളുകളാണ് ഐ.സി.എസ്.ഇ ബോര്‍ഡിനുകീഴില്‍ പ്രവര്‍ത്തിക്കുന്നത്. അതിരാവിലെ ക്ലാസ് നടക്കന്ന വിദ്യാലയങ്ങളില്‍ പരീക്ഷ മാത്രം ഉച്ചസമയത്ത് നടത്തുന്നതിന്റെ അശാസ്ത്രീയതയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.
ഐ.സി.എസ്.ഇ പരീക്ഷയെ കൂടാതെ കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിനു കീഴിലുള്ള ഇത്തവണത്തെ രണ്ട് സി.ബി.എസ്.ഇ പരീക്ഷകളും ജുമുഅ സമയത്താണ് നടക്കുന്നത്. സി.ബി.എസ്.ഇ പത്താംതരം വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി 22നും മാര്‍ച്ച് 29നും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഇതുകാരണം വിദ്യാര്‍ഥികള്‍ക്കും പരീക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്കും ജുമുഅ നഷ്ടമാകും. രണ്ട് വര്‍ഷം മുന്‍പും ഇതേരീതിയില്‍ സി.ബി.എസ്.ഇ പരീക്ഷ നടത്താന്‍ തീരുമാനമെടുത്തത് ഏറെ വിവാദമായിരുന്നു.

 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.