2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

മോദി- ആസാറാം ബാപ്പു ബന്ധം പറയുന്ന വൈറല്‍ വീഡിയോ ട്വീറ്റ് ചെയ്ത് ഐ.സി.സി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ആള്‍ദൈവം ആസാറാം ബാപ്പുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നിച്ചുള്ള രംഗങ്ങളും സംഭാഷണങ്ങളും കൂട്ടിച്ചേര്‍ത്തുള്ള വീഡിയോ ട്വീറ്റ് ചെയ്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). ആസാറാം ബാപ്പുവിനെതിരെ ഇന്ന് വിധിവന്ന ശേഷമാണ് ഐ.സി.സി മുന്‍പേയുള്ള ഈ വൈറല്‍ വീഡിയോ ട്വീറ്റ് ചെയ്തത്.

സംഭവം വിവാദമാക്കുകയും ബി.സി.സി.ഐ ഇടപെടുകയും ചെയ്തതോടെ ഐ.സി.സി ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ അതിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോഴും പ്രചരിക്കുകയാണ്.

ഇതാണ് ആ വീഡിയോ

”നാരായണ്‍, നാരായണ്‍”.. എന്ന തലക്കെട്ടിലായിരുന്നു ട്വീറ്റ്. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതിക് സിന്‍ഹ നിര്‍മിച്ച വീഡിയോയാണിത്. ആസാറാം ബാപ്പുവും മോദിയും തമ്മിലുള്ള ചില നല്ല ഓര്‍മ്മകളെ ഷെയര്‍ ചെയ്യുന്നുവെന്ന തലക്കെട്ടിലാണ് വീഡിയോ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തെ വീഡിയോയാണിത്.

ജോധ്പൂരിലെ ആശ്രമത്തില്‍ വച്ച് 16കാരിയെ പീഡിപ്പിച്ചുവെന്ന് കാണിച്ച് 2013 ഓഗസ്റ്റിലാണ് മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കിയത്. ഇന്നാണ് കേസില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ സജ്ജീകരിച്ച പ്രത്യേക എസ്.സി, എസ്.ടി കോടതി ജീവപര്യന്തം ശിക്ഷിച്ചു കൊണ്ട് ഉത്തരവിട്ടത്.

വീഡിയോ ഷെയര്‍ ചെയ്തതില്‍ മാപ്പു ചോദിച്ച് ഐ.സി.സി പിന്നീട് ട്വീറ്റ് ചെയ്തു. ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഒരു ട്വീറ്റ് ഉണ്ടായെന്നും ചെറിയ സമത്തിനുള്ളില്‍ ആര്‍ക്കെങ്കിലും അവഹേളന തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും അന്വേഷണം നടത്തുമെന്നും ട്വീറ്റില്‍ പറയുന്നു.

ജയിലിലായിരുന്നപ്പോള്‍ ആസാറാം ബാപ്പുവിന് പ്രത്യേക പരിഗണനയാണ് ലഭിച്ചത്. കുളിക്കാന്‍ ഗംഗാജലവും തിന്നാന്‍ മധുരപലഹാരങ്ങളും പഴങ്ങളും കിടക്കാന്‍ നല്ല ബെഡും നല്‍കിയിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.