2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

സിറിയക്കെതിരെ അധികം വൈകാതെ ആക്രമണം നടക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: സിറിയക്കെതിരെ എന്ന് ആക്രമണം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികം വൈകാതെയോ പെട്ടെന്നോ ആക്രമണം നടക്കാമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

സിറിയയില്‍ മിസൈല്‍ യുദ്ധത്തിന് തയ്യാറായിക്കോളൂയെന്ന് ട്രംപ് ബുധനാഴ്ച വെല്ലുവിളിച്ചിരുന്നു.

മിസൈലുകള്‍ പറക്കേണ്ടത് തീവ്രവാദികള്‍ക്കു നേരെയാണെന്നും സിറിയയിലെ നിയമാനുസൃത സര്‍ക്കാരിനു നേരെയല്ലെന്നും റഷ്യ ഇതിനോടു പ്രതികരിക്കുകയും ചെയ്തിരുന്നു.

വിമത പ്രദേശമായ ദൂമയില്‍ സാധാരണക്കാര്‍ക്കു നേരെ സിറിയന്‍ സര്‍ക്കാര്‍ രാസായുധ ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ട്വീറ്റ്.

സിറിയയില്‍ നിന്ന് ഐ.എസിനെ ആട്ടിപ്പായിക്കാന്‍ എന്റെ കീഴിലുള്ള ഭരണം നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുള്ള ”നന്ദി അമേരിക്ക” എവിടെയെന്നും ട്രംപ് ഇന്ന് ട്വിറ്ററിലൂടെ ചോദിച്ചു.

കഴിഞ്ഞ ഏഴു വര്‍ഷമായി നടക്കുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്നത് റഷ്യയാണ്. ട്രംപിന്റെ വെല്ലുവിളിക്ക് അതേനാണയത്തില്‍ റഷ്യ മറുപടി നല്‍കിയിട്ടില്ല. കുറച്ചുകൂടി താഴ്ന്ന സ്വരത്തിലായിരുന്നു മറുപടി.

ഞങ്ങള്‍ ട്വിറ്റര്‍ നയതന്ത്രത്തില്‍ ഇടപെടുന്നില്ലെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ദുര്‍ബലമായ സാഹചര്യത്തില്‍ കൂടുതല്‍ പ്രത്യാഘാതമുണ്ടാക്കുന്ന ഒരു നടപടിയും വേണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും പെസ്‌കോവ് പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.