2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വൃക്കകള്‍ കരയാതിരിക്കട്ടെ

#ഹുസൈന്‍ ചെറുതുരുത്തി
9895 920 646

ഇന്ന് ലോക വൃക്കദിനം

വൃക്കകള്‍ തകര്‍ക്കുന്ന കുടുംബങ്ങളുടെ കരച്ചിലുകള്‍ ഇന്ന് കേരളത്തില്‍ ഏറിവരികയാണ്. ആരോഗ്യപരിരക്ഷയില്‍ മുന്‍നിരയിലാണെന്ന് അവകാശപ്പെടുമ്പോഴും ജീവിതശൈലീ രോഗങ്ങളില്‍ സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഹൃദ്‌രോഗങ്ങള്‍, അര്‍ബുദം, വൃക്ക രോഗങ്ങള്‍ തുടങ്ങി മാരകവും ചികിത്സ ചെലവേറിയതുമായ നിരവധി രോഗങ്ങള്‍ മലയാളി സമൂഹത്തില്‍ പെരുകിവരികയാണ്. ജീവിത, ഭക്ഷണ രീതികളില്‍ വന്ന അനാരോഗ്യകരമായ മാറ്റങ്ങളാണ് ഇതിനുപിന്നിലെ പ്രധാന വില്ലന്‍. നിര്‍ഭാഗ്യവശാല്‍ രോഗം വന്നു ചികിത്സിക്കുക എന്നതാണ് ഇന്നും നമ്മുടെ ശീലം. ഇതിനുപകരം ഒരു പ്രതിരോധ സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മറ്റു പല ജീവിതശൈലീ രോഗങ്ങളുമെന്നതുപോലെ വൃക്ക രോഗങ്ങളും കേരളത്തില്‍ പടര്‍ന്നുപിടിക്കുകയാണ്. ഒപ്പം ഡയാലിസിസ് കേന്ദ്രങ്ങളും വര്‍ധിക്കുകയാണ്. ഏതാനും വര്‍ഷം മുന്‍പ് നൂറില്‍ പത്തുപേരില്‍ കണ്ടിരുന്ന വൃക്ക രോഗം ഇന്ന് നൂറില്‍ പതിമൂന്നിലേറെ പേരിലേക്കെത്തി എന്നത് ആശങ്ക ഉണര്‍ത്തുന്നതാണ്. മുക്കാല്‍ ഭാഗത്തിലധികം പ്രവര്‍ത്തനരഹിതമായാല്‍ മാത്രമേ വൃക്കകള്‍ പരാജയ ലക്ഷണങ്ങള്‍ പുറത്തുകാണിക്കൂ. ഇതാണ് രോഗം തുടക്കത്തില്‍ തിരിച്ചറിയാതിരിക്കുന്നതിന് പ്രധാന കാരണമാകുന്നത്.

ഇന്നുള്ള വൃക്കരോഗങ്ങളില്‍ പകുതിയോളത്തിനും കാരണം പ്രമേഹമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കാല്‍ഭാഗത്തോളം രക്തസമ്മര്‍ദവും. വിദ്യാസമ്പന്നമായ കേരളം നിര്‍ഭാഗ്യവശാല്‍ ലോക പ്രമേഹ തലസ്ഥാനം കൂടിയാണ്. മലയാളികളില്‍ മൂന്നിലൊന്നും പ്രമേഹരോഗികള്‍ ആണെന്ന കണക്കുകള്‍ പുറത്തുവരുമ്പോഴും യാഥാര്‍ഥ്യങ്ങളോട് അവഗണനയോടെ പുറംതിരിഞ്ഞ് നില്‍ക്കുന്നവരാണ് നമ്മള്‍.

രക്തസമ്മര്‍ദത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രമേഹം, രക്തസമ്മര്‍ദം, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഭക്ഷണം, ജലപാനം, വ്യായാമം, മാനസിക സംഘര്‍ഷമില്ലായ്മ തുടങ്ങിയ ജീവിതശൈലികളിലൂടെ നിയന്ത്രിക്കാനായാല്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന വൃക്കരോഗങ്ങളെ വരുതിക്ക് നിര്‍ത്താനാവും. അനുബന്ധ രോഗങ്ങളെയും. ഒപ്പം കുടുംബത്തില്‍ സന്തോഷവും നിലനിര്‍ത്താം.

വൃക്കരോഗങ്ങളെ കുറിച്ചും അവയ്ക്ക് കാരണമാവുന്ന ജീവിത ശൈലികളെ കുറിച്ചും അറിയുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. ഒപ്പം വര്‍ഷാവര്‍ഷം വൃക്കകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ മുന്‍കൂട്ടിയുള്ള പ്രാഥമിക പരിശോധന നടത്തേണ്ടതുമുണ്ട്. ഇതു സംബന്ധമായ ശരിയായ അവബോധമില്ലാത്തതിനാല്‍ രോഗങ്ങള്‍ അവസാനഘട്ടത്തില്‍ കണ്ടെത്തി ചെലവേറിയ ചികിത്സയിലേക്കും മരണത്തിലേക്കും വീണുപോകുന്നതാണ് ചുറ്റുവട്ട കാഴ്ചകള്‍.

കേരള നെഫ്രോളജി അസോസിയേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് അയ്യായിരംപേര്‍ ഓരോ വര്‍ഷവും ഡയാലിസിസിന് വിധേയരാവുന്നു എന്നാണ്. ഓരോരുത്തര്‍ക്കും ആഴ്ചയില്‍ ശരാശരി മൂന്നുവീതം കണക്കാക്കിയാല്‍ വര്‍ഷം ഏഴര ലക്ഷത്തിലേറെ ഡയാലിസിസുകള്‍. അതായത് ഓരോ വര്‍ഷവും നൂറുകോടിയിലേറെ രൂപ ഡയാലിസിസിനുവേണ്ടി കേരളം ചെലവിടുന്നു എന്നര്‍ഥം. അതിന്റെ പകുതിയിലേറെ വൃക്ക മാറ്റിവയ്ക്കലിനും മറ്റു വൃക്കരോഗ ചികിത്സകള്‍ക്കും ചെലവിടുന്നത് വേറെയും.

ഇതിന്റെ ചെറിയൊരു ശതമാനം മാത്രം മാറ്റിവച്ച് ജനങ്ങളില്‍ ‘ചികിത്സാ സംസ്‌കാരത്തിന് പകരം ഒരു പ്രതിരോധ സംസ്‌കാരം’ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ വരുംവര്‍ഷങ്ങളില്‍ ഡയാലിസിസിനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാവും. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഇത് സാധ്യമാവൂ. ചികിത്സ ചെലവുകളില്‍ മിച്ചംവയ്ക്കുന്ന ഈ പണം നാടിന്റെ നന്മക്ക് ക്രിയാത്മകമായി ഉപയോഗിക്കാനാവും എന്നതിന് പുറമെ പതിനായിരക്കണക്കിന് കുടുംബങ്ങളെ ജീവിതത്തിന്റെ സന്തോഷത്തിലേക്കു കൊണ്ടുവരുവാനും കഴിയും.

ഭക്ഷണം, വ്യായാമം, ജലപാനം, ശ്വസന, മാനസിക വ്യായാമങ്ങള്‍ തുടങ്ങിയ ആരോഗ്യത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനായാല്‍ വൃക്കരോഗമെന്നു മാത്രമല്ല എല്ലാവിധ ജീവിതശലീ രോഗങ്ങളെയും പൂര്‍ണമായി ഒഴിവാക്കാനായില്ലെങ്കിലും ഒരു പരിധിവരെ കുറയ്ക്കാനെങ്കിലും കഴിയും.

ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കോടികള്‍ ചെലവിടുന്നതിനൊപ്പം ഇത്തരം അടിസ്ഥാനകാര്യങ്ങളിലേക്ക് കൂടി കേരളത്തിന്റെ കണ്ണുകള്‍ തുറക്കേണ്ടിയിരിക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഏതൊരു ആരോഗ്യ ദിനത്തിലുമെന്നപോലെ ലോക വൃക്ക ദിനത്തിലും നമുക്ക് പാഠമാകേണ്ടത്. ‘വൃക്കയുടെ ആരോഗ്യം, എല്ലാവര്‍ക്കും എല്ലായിടത്തും’ എന്ന ലോക വൃക്ക ദിന സന്ദേശം പരത്തുന്ന ഈ വര്‍ഷത്തില്‍ പ്രത്യേകിച്ചും.

(കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ജീവിതശൈലീ രോഗ പ്രതിരോധരംഗത്ത് ബോധവല്‍ക്കരണവും പരിശീലനവും നല്‍കുന്ന വെല്‍നെസ്സ് ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറും അന്താരാഷ്ട്ര ആരോഗ്യ പരിശീലകനുമാണ് ലേഖകന്‍)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.