2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

കാരോളിനയെ വെള്ളക്കെട്ടാക്കാന്‍ ഫ്‌ളോറന്‍സ് കരയോടടുക്കുന്നു; മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ

വാഷിങ്ടണ്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് യു.എസ് കടല്‍തീരത്തോടടുക്കുന്നു. നോര്‍ത്ത് -സൗത്ത് കാരോളിനയുടെ നടുക്ക് കടല്‍ത്തീരത്തോട് ചേര്‍ന്ന ദ്വീപുകളില്‍ മൂന്ന് – നാല് കാറ്റഗറിയിലാണ് കൊടുങ്കാറ്റ് കരക്കടുന്നത്.

വ്യാഴാഴ്ച്ചയും വെള്ളിയാഴ്ചയുമായി കടല്‍ തീരങ്ങളില്‍ ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് നാഷണല്‍ ഹരീക്കെയിന്‍ സെന്റര്‍ (എന്‍.എച്ച്.എസ്) അറിയിച്ചു.

15 മുതല്‍ 20 ഇഞ്ച് വരെ മഴയ്ക്കും തുടര്‍ന്ന് ശക്തമായ വെള്ളപ്പൊക്കത്തിനും വഴിവയ്ക്കാവുന്ന കൊടുങ്കാറ്റ് കടല്‍ത്തീരത്തു നിന്ന് കരയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍, നോര്‍ത്ത് -സൗത്ത് കാരോളിനയിലും വെര്‍ജീനിയയിലും മെരിലാന്‍ഡിലും സര്‍ക്കാര്‍ മൂന്നാം മുന്നറിയിപ്പ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കാരോളിന കടല്‍ത്തീരങ്ങളില്‍ നിന്ന് 15 ദശലക്ഷത്തോളം ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ സമുദ്രനിരപ്പ് ഭയാനകമായി ഉയരും.

2016ല്‍ കരോളീന നേരിട്ട മാത്യു കൊടുങ്കാറ്റിനേക്കാള്‍ ശക്തി കൂടാന്‍ സാധ്യതയുള്ളതിനാന്‍ മഴയിലും വെള്ളപ്പൊക്കത്തിലും ഉള്‍ക്കരയില്‍ മുന്‍പത്തേതിനേക്കാള്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ചുഴലിക്കാറ്റ് കരയില്‍ പതിക്കുന്നതിന്റെ ഏതാനും മൈല്‍ അകലെയാണ് സൗത്ത്‌പോര്‍ട്ടിലെ ബ്രുണ്‍സ്‌വിക് ന്യൂക്ലിയര്‍ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്നും നൂറ് മൈല്‍ അകലെ വരെ അതിന്റെ പ്രതിധ്വനി അനുഭവപ്പെടുന്നുണ്ടെന്നും സൗത്ത് കരോലിനയിലെ ഡബ്ലു.സി.ബി.ഡി ടിവി യുടെ ചീഫ് മെറ്റിരോളജിസ്റ്റ് റോബ് ഫ്‌ളവര്‍ പറയുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.