2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ശക്തി കുറഞ്ഞെങ്കിലും ഫ്‌ളോറന്‍സ് ആഞ്ഞടിക്കും; നേരിടാനുറച്ച് അമേരിക്ക

കാരോളിന: കിഴക്കന്‍ അമേരിക്കയുടെ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഫ്‌ളോറന്‍സ് ചുഴലിക്കാറ്റിന്റെ ശക്തി കാറ്റഗറി 2ലേക്ക് കുറഞ്ഞെങ്കിലും കാറ്റുവരുത്തിവയ്ക്കാന്‍ പോകുന്ന നാശനഷ്ടങ്ങള്‍ പ്രതീക്ഷിച്ചതിലും കൂടുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പക്ഷം.

മണിക്കുറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വിശുന്ന കാറ്റ് കര കണ്ടാല്‍ കൂടുതല്‍ ഉള്‍ഭാഗങ്ങളിലേക്ക് നീങ്ങും.

ചുഴലിക്കാറ്റിന്റെ കാറ്റഗറിയെന്നത് വീശുന്ന വേഗതയുടെ കണക്കു മാത്രമാണ്. ഇതിലൂടെ ഉണ്ടാകാനിരിക്കുന്ന നാശനശഷ്ടം വിലയിരുത്താനാകില്ല.

കാറ്റ് സഞ്ചരിക്കുന്ന ദൂരം, വീശുന്നതിന്റെ വ്യാപ്തി, തുടര്‍ന്നുള്ള ശക്തമായ തിരമാലകളും മഴയും കൂട്ടി നോക്കുമ്പോള്‍, കരയ്ക്കുള്ളിലേക്ക് കൂടുതല്‍ നീങ്ങാന്‍ സാധ്യതയുള്ള ഫ്‌ളോറന്‍സ് പ്രതീക്ഷിച്ചതിലുമധികം ജനങ്ങളെ ബാധിച്ചേക്കും.

 


വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തുന്ന കാറ്റ് ശനിയാഴ്ച്ച വരെ കാരോളിനയില്‍ വീശിക്കൊണ്ടിരിക്കും എന്നാണ് പ്രവചനം. പിന്നെ ശക്തി കുറഞ്ഞ് ജോര്‍ജിയയിലേക്കു നീങ്ങും.

സൗത്ത് നോര്‍ത്ത് കാരോളിന, വിര്‍ജീനിയ എന്നീ സംസ്ഥാനങ്ങളിലെ തീരമേഖലയില്‍ നിന്ന് 17 ലക്ഷത്തോളം പേരോടാണ് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

നോര്‍ത്ത് സൗത്ത് കാരോളിന, വിര്‍ജീനിയ, മേരിലാന്‍ഡ്, വാഷിംഗ്ടണ്‍ ഡിസി, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ജനങ്ങള്‍ക്ക് അതിവേഗം സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറുന്നതിനു വേണ്ടി സൗത്ത് കാരോളിനയിലെ നാല് മോട്ടോര്‍വേകള്‍ വണ്‍വേ ആയി പുന:ക്രമീകരിച്ചു.

ഇപ്പോള്‍ 125 മൈല്‍ വേഗതയുള്ള ചുഴലി കൊടുങ്കാറ്റ് കരയില്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ദുരന്തം പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞുവെന്നും പതിനായിരക്കണക്കിനു കെട്ടിടങ്ങള്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടേക്കാമെന്നും നോര്‍ത്ത് കാരോളിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.