2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

Editorial

കണ്ണില്‍ ചോരയില്ലാത്ത വര്‍ഗീയഭ്രാന്ത്


ലജ്ജാഭാരത്താല്‍ കുനിഞ്ഞിരിക്കുകയാണ് കുറച്ചുകാലമായി ഇന്ത്യന്‍ ജനതയുടെ ശിരസ്സുകള്‍. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂരതകളും വര്‍ഗീയ അതിക്രമങ്ങളുമൊക്കെയാണ് ദിനംപ്രതിയെന്നോണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്നത്. ഇതില്‍ പല സംഭവങ്ങളും ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇടയാക്കിയിട്ടും അക്രമങ്ങള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്.
ഇക്കൂട്ടത്തില്‍ അതിനിഷ്ഠൂരവും ലോകമനസ്സാക്ഷിയില്‍ വന്‍ നടുക്കം സൃഷ്ടിച്ചതുമാണ് ജമ്മു- കശ്മിരിലെ കത്‌വയില്‍ ബാലിക ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം. പൈശാചികമെന്നു വിശേഷിപ്പിച്ചാല്‍ പിശാചുക്കള്‍ പോലും പ്രതിഷേധിക്കുന്ന തരത്തിലുള്ള നീചവും നിഷ്ഠൂരവുമായ കൃത്യമാണ് ഹിന്ദുത്വ വര്‍ഗീയവാദികളായ പ്രതികള്‍ ആ എട്ടുവയസുകാരിയോടു ചെയ്തത്. ആടുമേച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ദരിദ്രരായ ബക്കര്‍വാള്‍ മുസ്‌ലിം സമുദായത്തില്‍ പെട്ട കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു ക്ഷേത്രത്തില്‍ ബന്ദിയാക്കിയാണ് പീഡിപ്പിച്ചു കൊന്നത്. ഈ ക്രൂരത കാട്ടിയ നരാധമന്‍മാരില്‍ മുഖ്യപ്രതി ക്ഷേത്രപൂജാരിയാണ്. മരുമകനെ ഉപയോഗിച്ചു കുട്ടിയെ തട്ടിക്കൊണ്ടുവന്ന ഇയാള്‍ തന്റെ മകനെയും മരുമകനെയുമൊക്കെ ഇതില്‍ പങ്കാളികളാക്കി. 500 കിലോമീറ്റര്‍ അകലെയുണ്ടായിരുന്ന മകനെ വിളിച്ചുവരുത്തിയാണ് കുറ്റകൃത്യത്തില്‍ കൂട്ടിയത്. പ്രതികളില്‍ ഒരു സബ് ഇന്‍സ്‌പെക്ടറടക്കം നാലു പൊലിസുകാരുമുണ്ട്. ഇവരെല്ലാം ചേര്‍ന്ന് ബാലികയോട് ചെയ്തുകൂട്ടിയ ക്രൂരതകള്‍ വിവരിക്കാന്‍ പോലും ഭയം തോന്നുന്ന തരത്തിലുള്ളവയാണ്.
വര്‍ഗീയ വൈരാഗ്യത്താല്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ് ഈ കുറ്റകൃത്യമെന്ന് പൊലിസിന് പ്രാഥമികാന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. 13 ബ്രാഹ്മണ കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് 20 ബക്കര്‍വാള്‍ മുസ്‌ലിം കുടുംബങ്ങള്‍ നാട്ടുകാരില്‍ നിന്ന് സ്ഥലം വാങ്ങി വീടുവച്ച് താമസം തുടങ്ങിയതിലുള്ള പകയാണ് ഇവരെ ഇതിനു പ്രേരിപ്പിച്ചത്. ഈ കുടുംബങ്ങളെ ഭീഷണിപ്പെടുത്തി നാട്ടില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. ലൈംഗിക അതിക്രമം ഇര സമൂഹത്തില്‍ വലിയ തോതില്‍ ഭീതിയും അരക്ഷിതബോധവും സൃഷ്ടിക്കുമെന്ന തിരിച്ചറിവില്‍ തന്നെയാണ് ഇതു ചെയ്തതെന്നു വ്യക്തം. വര്‍ഗീയഭ്രാന്തിന് ക്രൂരതയുടെ ഏതറ്റം വരെയും പോകാന്‍ മടിയില്ലെന്ന നടുക്കമുളവാക്കുന്ന യാഥാര്‍ഥ്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
കഴിഞ്ഞ ജനുവരിയില്‍ നടന്ന ഈ കൊല പുറംലോകമറിയാന്‍ മാസങ്ങളെടുത്തു എന്നത് ഏറെ ഗൗരവമേറിയ വിഷയമാണ്. തുടക്കത്തില്‍ പ്രതികളെ തൊടാന്‍ മടിച്ച പ്രാദേശിക പൊലിസ് ഉദ്യോഗസ്ഥര്‍ തെളിവു നശിപ്പിക്കാന്‍ പ്രതികള്‍ക്കു കൂട്ടുനില്‍ക്കുകയുമുണ്ടായി. ബാലികയുടെ സമുദായത്തില്‍ നിന്നും മറ്റും ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. നിയമവ്യവസ്ഥയെയും മാനവികതയെയും വെല്ലുവിളിച്ചു താണ്ഡവമാടാന്‍ ഹിന്ദുത്വ ഭീകരര്‍ക്കു സാധിക്കുന്നത് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള ഒത്താശ കൊണ്ടാണെന്ന് ഇതു വ്യക്തമാക്കുന്നു. കേന്ദ്ര ഭരണകൂടവും ചില സംസ്ഥാന ഭരണകൂടങ്ങളും ഹിന്ദുത്വ ഫാസിസ്റ്റുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു നിയമസംവിധാനങ്ങളെ ഉപയോഗിക്കുന്നു എന്നത് പരസ്യമായൊരു രഹസ്യമാണ്. യു.പിയിലെ ഉന്നാവോയില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ ബി.ജെ.പി എം.എല്‍.എയുടെ പേരില്‍ കേസെടുക്കാന്‍ ഏറെ വൈകിയതും പരാതിക്കാരിയുടെ പിതാവ് പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതും അതിന്റെ പേരിലുണ്ടാകുന്ന പ്രക്ഷോഭങ്ങളുമൊക്കെ ഇതിനോടു ചേര്‍ത്തുവായിച്ചാല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭരണകൂട ഭീകരതയുടെ ഏകദേശ ചിത്രം തെളിയും.
ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ നിയമപാലന സംവിധാനങ്ങള്‍ പോലും സംഘ്പരിവാര്‍ മുഷ്‌കിനു മുന്നില്‍ തലകുനിക്കുന്നു. ഇതുകാരണം വര്‍ഗീയഭ്രാന്തന്‍മാര്‍ക്ക് നിര്‍ഭയം താണ്ഡവമാടാന്‍ സൗകര്യം ലഭിക്കുന്നതിനാല്‍ രാജ്യത്ത് അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പൊലിസ് നടപടികളിലേക്കു നീങ്ങിയപ്പോള്‍ പ്രതികളെ സംരക്ഷിക്കാന്‍ സംഘ്പരിവാര്‍ സംഘടനകളും അവിടുത്തെ അഭിഭാഷക സംഘടനയും തെരുവിലിറങ്ങിയതും നടുക്കമുളവാക്കുന്ന വാര്‍ത്തയാണ്. ഇതൊക്കെ ഇനിയും ഇവിടെ സംഭവിക്കുമെന്ന കൃത്യമായ താക്കീതാണ് അവര്‍ നല്‍കുന്നത്. കുറ്റവാളികളെ രക്ഷിക്കാന്‍ ഭരണകൂടവും അതിന്റെ നിയമപാലന സംവിധാനങ്ങളും ആള്‍ക്കൂട്ടങ്ങളുമൊക്കെയുള്ളൊരു രാജ്യത്ത് കുറ്റകൃത്യങ്ങള്‍ പെരുകുന്നതില്‍ ഒട്ടുമില്ല അത്ഭുതം.
ഹൈന്ദവര്‍ മാത്രമല്ല മറ്റു മതവിഭാഗങ്ങളും പവിത്രമായി കാണുന്ന ക്ഷേത്രം ഇതര സമുദായത്തിലെ ഒരു പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്താനുള്ള ഇടമായി മാറിയെന്ന യാഥാര്‍ഥ്യം സര്‍വലോക നന്മ കാംക്ഷിക്കുന്ന ശരിയായ ഹിന്ദുക്കളുടെ പോലും ആത്മാഭിമാനത്തിന് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ്. ബഹുസ്വരതയുടെ സൗന്ദര്യം നിറഞ്ഞുനിന്നിരുന്ന ഭാരതത്തില്‍ സവര്‍ണ ഹിന്ദുത്വവാദികള്‍ക്കല്ലാതെ മറ്റാര്‍ക്കും ജീവിക്കാനാവില്ല എന്നു വരുമ്പോള്‍ തകര്‍ന്നുവീഴുന്നത് ഇന്ത്യയെന്ന മഹത്തായ സങ്കല്‍പം തന്നെയാണ്. അതു സംഭവിക്കുമ്പോള്‍ നുറുങ്ങുന്നതാവട്ടെ ഈ രാജ്യത്തു ജനിച്ചത് മഹാഭാഗ്യമായി കരുതുന്ന നമ്മള്‍ ഇന്ത്യക്കാരുടെ ഹൃദയവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.