2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

ബലികഴിക്കരുത് അവകാശങ്ങള്‍

ഡിസംബര്‍ പത്ത് മനുഷ്യാവകാശ ദിനം

 

ജോസ് ചന്ദനപ്പള്ളി

ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 69-ാം വാര്‍ഷികമാണ് ഡിസംബര്‍ പത്ത്. ഓരോ വ്യക്തിക്കും അന്തസ്സോടെ ജീവിക്കുന്നതിനുള്ള അവകാശം ജന്മസിദ്ധവും അനിഷേധ്യവുമാണെന്ന് പ്രഖ്യാപിച്ച, ചരിത്രത്തിലെ അനര്‍ഘ മുഹൂര്‍ത്തത്തിന്റെ ഓര്‍മ പുതുക്കാനാണ് എല്ലാവര്‍ഷവും ഈ ദിനം ആചരിക്കുന്നത്. ‘എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു. പദവിയിലും അവകാശത്തിലും തുല്യത പുലര്‍ത്തുന്നു. അവര്‍ ബുദ്ധിയും മനസ്സാക്ഷിയും കൊണ്ട് അനുഗൃഹീതരും പരസ്പര സാഹോദര്യം പുലര്‍ത്താന്‍ നിര്‍ബന്ധിതരുമാണ്”മനുഷ്യചരിത്രത്തിലെ പുതുയുഗപ്പിറവിയ്ക്ക് തുടക്കമിട്ട സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ വാക്യങ്ങളാണിത്.

എന്താണ് മനുഷ്യാവകാശം

മനുഷ്യാവകാശങ്ങള്‍ എന്ന പദം 20-ാം നൂറ്റാണ്ടിന്റെ സംഭാവനയാണെങ്കിലും മാനവ സംസ്‌കാരത്തോളം പഴക്കമുണ്ടതിന്. മനുഷ്യാവകാശങ്ങള്‍ക്ക് ലളിതമായ ഒരു നിര്‍വചനമുണ്ട്. അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങളാണ് മനുഷ്യാവകാശങ്ങള്‍. എല്ലാ മനുഷ്യരുടെയും അര്‍ഹതയായി കരുതപ്പെടുന്ന അടിസ്ഥാന ആവശ്യങ്ങളും സ്വാതന്ത്ര്യങ്ങളുമാണത്. ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുന്‍പില്‍ തുല്യതയ്ക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ട്രീയ അവകാശങ്ങളും, സംസ്‌കാരത്തില്‍ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്‌കാരിക അവകാശങ്ങളും ഉള്‍പ്പെടുന്നു. സാമൂഹികനീതി നിഷേധിക്കുമ്പോഴും, ജനാധിപത്യക്രമം പാലിക്കപ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയാണ് ചെയ്യുന്നത്.

ഉത്ഭവവും വളര്‍ച്ചയും

ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തോടെയാണ് മനുഷ്യാവകാശങ്ങള്‍ പ്രചാരത്തില്‍ വന്നത്. എന്നാല്‍ വംശം, ദേശം, സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ക്കപ്പുറം മനുഷ്യരെല്ലാം തുല്യാവകാശമുള്ളവരാണെന്ന ആശയമാണത്. ചരിത്രത്തിലെ ആദ്യ മനുഷ്യാവകാശ രേഖയായി കണക്കാക്കുന്നത് 1215-ല്‍ ഒപ്പുവച്ച മാഗ്നാകാര്‍ട്ടയാണ്. ഇംഗ്ലണ്ടിലെ ജോണ്‍ രാജാവില്‍ നിന്ന് ഇടപ്രഭുക്കന്മാര്‍ സമ്മര്‍ദം പ്രയോഗിച്ച് നേടുകയും പിന്നീട് ഇംഗ്ലണ്ട് പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്ത മാഗ്നാകാര്‍ട്ട ജനായത്ത ഭരണക്രമത്തിലേക്കുള്ള ലോകത്തിന്റെ ആദ്യ ചുവടുവയ്പാണ്.
പൗരാവകാശ നിഷേധങ്ങളില്‍ പൊറുതിമുട്ടിയ ഇംഗ്ലീഷ് ജനത 1688-ലെ മഹത്തായ വിപ്ലവത്തിലൂടെ ചോര ചൊരിയാതെ ജനാധിപത്യഭരണ ക്രമത്തിനും നിയമവാഴ്ചയ്ക്കും വഴിയൊരുക്കി. 1776 ജൂലൈയില്‍ തോമസ് ജഫേഴ്‌സന്റെ നേതൃത്വത്തില്‍ നടത്തിയ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം മനുഷ്യാവകാശ ചരിത്ത്രിലെ മറ്റൊരു നാഴികക്കല്ലാണ്. സ്വാതന്ത്ര്യവും ആഹ്ലാദകരവുമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള മനുഷ്യന്റെ ജന്മാവകാശവും ജനങ്ങളുടെ ഇംഗിതത്തിന് യോജിച്ച രാഷ്ട്രീയ അധികാരവും ജനാധിപത്യത്തിന്റെ ഭാഗമായി. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണകൂടത്തെ തകര്‍ത്തെറിയുവാനുള്ള ജനങ്ങളുടെ അവകാശം അസന്ദിഗ്ധമായി പ്രഖ്യാപിക്കപ്പെട്ടു.”സമത്വം,സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രാവാക്യമുയര്‍ത്തിയ ഐതിഹാസികമായ ഫ്രഞ്ചുവിപ്ലവം മനുഷ്യാവകാശ ചരിത്രത്തില്‍ ഒരു നൂതന അധ്യായം എഴുതിചേര്‍ത്തു.
1789-ല്‍ ഫ്രാന്‍സിലെ ജനപ്രതിനിധിസഭ പ്രഖ്യാപിച്ച ‘മനുഷ്യന്റെ അവകാശങ്ങള്‍’1791-ല്‍ ഫ്രഞ്ചുഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തതോടെ മനുഷ്യാവകാശങ്ങള്‍ മൗലികമായ നിയമമായി പരിണമിച്ചു. ഒന്നാംലോക മഹായുദ്ധത്തെത്തുടര്‍ന്നുണ്ടായ ലീഗ് ഓഫ് നേഷന്‍സും അന്തര്‍ദേശീയ കോടതിയും അന്തര്‍ദേശീയ തൊഴില്‍ സംഘടനയും മനുഷ്യാവകാശ സംരക്ഷണത്തിന് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.

ഗൗരവമായി കാണുന്നില്ല

രാജ്യത്തിനകത്തുള്ള മനുഷ്യാവകാശലംഘനങ്ങള്‍ പലപ്പോഴും ഗൗരവമായികാണപ്പെടുന്നില്ല. ഇന്ത്യയില്‍ പലയിടങ്ങളിലും ഇപ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും രണ്ടാംതരം പൗരന്മാരായി കാണപ്പെടുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പൗരത്വം, വൈവാഹിക അവകാശങ്ങള്‍, തൊഴില്‍ അവകാശങ്ങള്‍, പിന്തുടര്‍ച്ചാവകാശങ്ങള്‍ എന്നീ കാര്യങ്ങളില്‍ അവര്‍ ഇന്നും വിവേചനം നേരിടുന്നു. സ്ത്രീശാക്തീകരണത്തിനായി മുറവിളി ഉയരുമ്പോഴും വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികളില്ല.

കുട്ടികളും ഇരകള്‍

കുട്ടികളും മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാവുന്നു. 1989 നവംബര്‍ 20 ന് യു.എന്‍. പൊതുസഭ കുട്ടികളുടെ അവകാശ ഉടമ്പടി അംഗീകരിച്ചെങ്കിലും ചൂഷണം തടയാന്‍ പൂര്‍ണമായും സാധിച്ചിട്ടില്ല.
ആവശ്യമുള്ളതിനേക്കാള്‍ ഏറെ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെട്ടിട്ടും ലോകത്തിലെ മൂന്നിലൊരുഭാഗവും ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നു എന്നാണ് ലോക ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ കണക്ക്. മധ്യ ആഫ്രിക്കയിലും തെക്കു കിഴക്കന്‍ ഏഷ്യയിലുമാണ് വിശക്കുന്നവരുടെ എണ്ണം കൂടുതല്‍. ലോകത്തിലെ 82 കോടിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനാവശ്യമായ ഭക്ഷണം 2011-13 കാലയളവില്‍ ലഭിച്ചിട്ടില്ല. ഇന്ത്യയിലും ജനസംഖ്യയുടെ 16 ശതമാനം ദാരിദ്ര്യത്തെ അഭിമുഖീകരിക്കത്തക്ക ജീവിതസാഹചര്യത്തിലാണ് ഉള്ളത്. ഇന്ത്യയിലെ 50 ശതമാനത്തിലധികം കുട്ടികള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് യു.എന്‍.റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് ഒന്നരകോടിയിലേറെ കുട്ടികള്‍ കഠിനാധ്വാനത്തിലേര്‍പ്പെടുന്നു. മൂന്നു കോടിയിലധികം കുട്ടികള്‍ക്ക് ഇന്നും വിദ്യാലയത്തിലെ പടികയറാന്‍ കഴിഞ്ഞിട്ടില്ല. ഇതെല്ലാം മനുഷ്യാവകാശലംഘനത്തിന്റെ വ്യക്തമായ തെളിവുകളാണ്.
മനുഷ്യാവകാശ സംരക്ഷണം യാഥാര്‍ഥ്യമാകണമെങ്കില്‍ അവകാശങ്ങളെ പരസ്പരം ബഹുമാനിച്ചും കടമകളെ ഓര്‍മപ്പെടുത്തിയും മുന്നോട്ട് പോകണം. തിന്മയെ കീഴപ്പെടുത്തി നന്മയെ സ്വാംശീകരിക്കുക എന്നതായിരിക്കണം നമ്മുടെ മുഖമുദ്ര. ഒരാളുടെ അവകാശങ്ങള്‍ മറ്റുള്ളവരുടെ ചുമതലകളാണ് എന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക.

മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍

ആമസോണ്‍ വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷനല്‍ തുടങ്ങി 114-ലധികം അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ രാജ്യത്തിനും അവരുടേതായ മനുഷ്യാവകാശ സംഘടനകളുണ്ട്. ഇന്ത്യയില്‍ നിരവധി പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ പീപ്പിള്‍ ലിബര്‍ട്ടിസ്, പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്‌സ്, ഫോറം ഫോര്‍ഫാക്റ്റ് ഫൈന്റിങ് ഡോക്യുമെന്റേഷന്‍ ആന്റ് അഡിക്വസി, ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷനല്‍ കാംപയ്ന്‍ ഓണ്‍ ദലിത് ഹ്യൂമന്‍ റൈറ്റ്‌സ്, നാഷനല്‍ കോ-ഓഡിനേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ്, വിജില്‍ ഇന്ത്യാ മൂവ്‌മെന്റ്, കശ്മീര്‍ ഹൂമന്‍ റൈറ്റ്‌സ് കമ്മിഷന്‍ എന്നിവയാണ് പ്രധാനപ്പെട്ട സംഘടനകള്‍.

വെല്ലുവിളികള്‍

നീതിയ്ക്കുവേണ്ടി വാദിക്കുകയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ഇന്നു ശക്തമായ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. ലോകം ഇന്ന് നേരിടുന്ന വലിയ മനുഷ്യാവകാശ പ്രശ്‌നമാണ് സാമൂഹിക വിവേചനവും ഒറ്റപ്പെടുത്തലും. ഇതിന് പ്രധാനമായും വിധേയരാകുന്നവരാകട്ടെ, ആദിവാസികളും കുടിയേറ്റക്കാരും വൈകല്യമുള്ളവരും സ്ത്രീകളും മറ്റുമാണ്. അവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയും ചുമതലയുമാണ്.
ലോകജനസംഖ്യയില്‍ ഏതാണ്ട് 65 കോടിയിലേറെ ജനങ്ങള്‍ ശാരീരികമായ അംഗവൈകല്യം ഉള്ളവരാണ്. ജീവിതത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ അനുഭവിക്കാനോ ആസ്വദിക്കാനോ കഴിയാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റപ്പെട്ടവരാണിവര്‍. വിദ്യാഭ്യാസപ്രക്രിയയില്‍ പങ്കാളിയാകാനോ തൊഴില്‍ നേടാനോ, സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ സാധിക്കാത്ത അവസ്ഥ. ലോകത്തിലെ ദരിദ്രരുടെ അംഗസംഖ്യയില്‍ 20 ശതമാനം ശാരീരികവൈകല്യങ്ങള്‍ ഉള്ളവരാണ്. വികസ്വരരാജ്യങ്ങളിലെ 98 ശതമാനം അംഗവൈകല്യമുള്ളവര്‍ കുട്ടികളും, പ്രാഥമികവിദ്യാഭ്യാസം പോലും നേടാനാവാതെ നിരക്ഷരരായി കഴിയാന്‍ വിധിക്കപ്പെട്ടിട്ടുള്ളവരുമാണ്. വികലാംഗരുടെ അവകാശ സംരക്ഷണത്തിനായുള്ള യു.എന്‍ ഉടമ്പടി പ്രഖ്യാപനം മാത്രമായി നിലകൊള്ളുകയാണ്.
മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ആറരപാതിറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞിട്ടും അവകാശ നിഷേധങ്ങളുടെ വ്യാപ്തി വര്‍ധിച്ചുവരുകയാണ്. അടിമത്വം, ഭീകരപ്രവര്‍ത്തനം, വിവേചനം, അന്യായമായ തടങ്കല്‍, ബാലവേല, ലൈംഗികചൂഷണം, മലനീകരണം അവകാശ ലംഘനങ്ങളുടെ പട്ടികയ്ക്ക് അവസാനമില്ല. മനുഷ്യാവകാശം യാഥാര്‍ഥ്യമാകണമെങ്കില്‍ ജാതി, മത,വര്‍ഗ,ലിംഗ,ഭാഷാ, രാഷ്ട്രീയ വിവേചനങ്ങള്‍ ഇല്ലായ്മചെയ്യണം.
ഇത് ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്വമാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവിന്റെ അകലം കുറയ്‌ക്കേണ്ടതും സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. 2009 നവംബറില്‍ ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷകാര്യങ്ങള്‍ക്കായുള്ള സമിതി പാസാക്കിയ നയരേഖ വ്യക്തമാക്കുന്നത് ന്യൂനപക്ഷ അവകാശസംരക്ഷണം ഭരണകൂടത്തിന്റെ ഔദാര്യമല്ലെന്നും പ്രാഥമിക ഉത്തരവാദിത്വമാണെന്നുമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് കാര്യക്ഷമമായ രാഷ്ട്രീയപങ്കാളിത്വം ഉറപ്പുവരുത്തി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും വ്യക്തമാക്കുന്നു.

ആഗോള മനുഷ്യാവകാശ പ്രഖ്യാപനം

രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്ന് യു.എന്‍.ഒ യുടെ ആഭിമുഖ്യത്തില്‍ ലോകത്താകമാനം സമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് യൂനിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് എന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നടപ്പില്‍വരുത്തിയത്. 1948 ഡിസംബര്‍10-ന് യു.എന്‍.ഒ ജനറല്‍ അസംബ്ലിയില്‍ വച്ചാണ് യൂനിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രഖ്യാപിക്കുന്നത്. മനുഷ്യാവകാശ കരാറുകള്‍, രാഷ്ട്രഭരണഘടന, അന്താരാഷ്ട്ര ഉടമ്പടികള്‍, രാഷ്ട്രനിയമങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന 30 പ്രമേയങ്ങളാണ് ഇതില്‍ ഉള്ളത്. കനേഡിയന്‍ നിയമവിദഗ്ധനായ ജോണ്‍ പീറ്റേഴ്‌സ് ഹംഫ്രിയാണ് വിഖ്യാത മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ മുഖ്യ ശില്‍പി.
രണ്ടാം ലോകമഹായുദ്ധ കാലത്ത് പ്രമുഖ യുദ്ധചേരികള്‍ യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുണ്ടാക്കിയ നാല് കരാറുകള്‍ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന് പ്രേരണയായിട്ടുണ്ട്.

(1) അഭിപ്രായത്തിനുള്ള അവകാശം
(2) മതം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം
(3) ഭയത്തില്‍ നിന്ന് മോചനം
(4) വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സ്വാതന്ത്ര്യം എന്നിവയാണ് ആ കരാറുകള്‍

മനുഷ്യാവകാശ ധ്വംസനം;
ഉത്തര്‍പ്രദേശ് മുന്നില്‍

2015 ഒക്‌ടോബര്‍ വരെയുള്ള ഒരു വര്‍ഷം ഇന്ത്യയില്‍ 1,17,888 മനുഷ്യാവകാശ ലംഘന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൂടുതലും പൊലിസ് അതിക്രമവുമായി ബന്ധപ്പെട്ടതാണ്. 36,332 എണ്ണം. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി 8,862 കേസുകള്‍. പട്ടികവിഭാഗങ്ങളുടെ അവകാശലംഘനവുമായി 3,586 കേസുകളും രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ കേസുകള്‍ ഉത്തര്‍പ്രദേശിലാണ് – 53,333. ഒഡീഷയാണ് 12,457 കേസുകളുമായി രണ്ടാം സ്ഥാനത്ത്. ഹരിയാനയും ഡല്‍ഹി തൊട്ടടുത്ത്. കുറവ് സിക്കിമിലാണ്. കേരളത്തില്‍ 959 കേസുകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.