2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഫെയര്‍ ആന്റ് ലവ്‌ലിയുടെ പേര് മാറ്റുന്നു

 

സൗന്ദര്യവര്‍ധക ഉല്‍പന്നമെന്ന് അവകാശപ്പെടുന്ന ഫെയര്‍ ആന്റ് ലവ്‌ലിയുടെ പേരില്‍ മാറ്റം വരുന്നു. വംശീയതക്കെതിരെ ആഗോള രംഗത്ത് ഉയര്‍ന്നുവരുന്ന ക്യാംപയിനിന്റെ ഫലമെന്നോണമാണ് കമ്പനിയുടെ നീക്കം. ഫെയര്‍ ആന്റ് ലവ്‌ലി എന്നതിലെ ‘വെണ്മ’ എന്നര്‍ഥം വരുന്ന ഫെയര്‍ എന്ന വാക്ക് മാറ്റാനാണ് യൂനിലിവര്‍ കമ്പനിയുടെ തീരുമാനം.

റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനു ശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവുകയുള്ളൂ. കറുപ്പുള്ള ചര്‍മ്മം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. കമ്പനിയുടെ ഫെയര്‍നെസ്സ് ഉത്പന്നങ്ങള്‍ക്ക് ദക്ഷിണേഷ്യയിലാണ് ഉപഭോക്താക്കള്‍ അധികമുള്ളത്.

ആഗോള കമ്പനിയായ യൂനിലിവറിന്റെ ഇന്ത്യന്‍ വിഭാഗമായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തൊലിനിറത്തെക്കുറിച്ച് പരാമര്‍ശങ്ങളുള്ള ഉത്പന്നങ്ങള്‍ക്കെതിരേ നേരത്തെ ജനരോഷമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ അടുത്ത കാലത്തായി അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലിസ് വെടിവെപ്പും മറ്റും മൂലം വിഷയം വീണ്ടും പൊതുമധ്യത്തില്‍ സജീവ ചര്‍ച്ചയായി. 2014 ലെ മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ അമേരിക്കക്കാരിയായിരുന്ന നിന ദാവുലുരി ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഒപ്പിട്ട കൂട്ട നിവേദനവും വാര്‍ത്തയായി.

വാക്കുകളുടെ ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ആലോചിക്കുന്നതായി ചെയര്‍മാന്‍ സഞജീവ് മേത്ത പറഞ്ഞു. സ്‌കിന്‍ ലൈറ്റനിങ്ങ്, സ്‌കിന്‍ വൈറ്റനിങ് എന്നീ വാക്കുകള്‍ നീക്കി പകരം സ്‌കിന്‍ റെജുവിനേഷന്‍, സ്‌കിന്‍ വൈറ്റാലിറ്റി എന്ന വാക്കുകള്‍ ഉത്പന്നത്തിന്റെ ഗുണഗണങ്ങളില്‍ ഉപയോഗിക്കാനാണ് ഏകദേശ ധാരണയായിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.