2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഹൃദയാഘാതവും തടയാനാവും

ഡോ. അലി ഫൈസല്‍ ( എം.ഡി, ഡി.എം സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡയറക്ടര്‍ ആന്റ് ചീഫ് ഒഫ് ക്ലിനിക്കല്‍ സര്‍വീസസ് മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്‌)

ഹൃദ്രോഗവും ഹൃദയാഘാതവും മൂലം ആഗോളതലത്തില്‍ ഏതാണ്ട് രണ്ടുകോടി മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. ചെറുപ്രായത്തില്‍ തന്നെ വരുന്ന ഹൃദ്രോഗങ്ങളില്‍ 80 ശതമാനവും പ്രതിരോധിക്കാന്‍ പറ്റുന്നവയാണ്. ഹൃദ്രോഗങ്ങളില്‍ ഏറ്റവും മാരകമായതാണ് ഹൃദയാഘാതം. പൊതുസമൂഹം ഈ അസുഖത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് വാസ്തവം. ഹൃദയാഘാതത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അശ്രദ്ധയുമാണ് പലപ്പോഴും പല ജീവനുകളും പൊലിയാനുള്ള കാരണം. ഹൃദയാഘാതം എന്താണെന്നും അതിന്റെ കാരണങ്ങള്‍ മനസിലാക്കുകയും ചെയ്താല്‍ ഇതിനെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും. മെഡിക്കല്‍ ഭാഷയില്‍ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ എന്നാണ് ഹൃദയാഘാതം അറിയപ്പെടുന്നത്. ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊഴുപ്പും കാല്‍സ്യവും അടിഞ്ഞുകൂടി ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ പൂര്‍ണമായും അടയുന്നു. ഇതുമൂലം ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും തുടര്‍ന്ന് പേശികളുടെ പ്രവര്‍ത്തനം നിലച്ച് അവ നശിച്ചുപോവുകയും ചെയ്യുന്നു.

രോഗത്തിന്റെ വഴിയും വേദനയുടെ വരവും

ഹൃദയത്തിന് വലത്തും ഇടത്തുമായിട്ടുള്ള രണ്ട് രക്തക്കുഴലുകള്‍ വഴിയാണ് ഹൃദയത്തിലേക്ക് രക്തമെത്തുന്നത്.പഠനങ്ങള്‍ അനുസരിച്ച് ഹൃദയത്തിന്റെ രക്തക്കുഴലുകളില്‍ 10 വയസ് കഴിയുമ്പോള്‍ തന്നെ കൊഴുപ്പ് അടിഞ്ഞ് തുടങ്ങുന്നു. ഇങ്ങനെ കൊഴുപ്പ് അടിഞ്ഞു തുടങ്ങുന്നതിനെ കൊറോണറി അതറോസ്്്്ക്ലീറോസിസ് എന്നാണ് പറയുന്നത്. പ്രായമാകുംതോറും കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടി വരികയും ഇത് രക്തക്കുഴലിന്റെ വ്യാസത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ ആകുമ്പോള്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് എന്ന അസുഖത്തിലേക്കെത്തുന്നു. ചില ആളുകള്‍ക്ക് നടക്കുമ്പോള്‍ നെഞ്ചില്‍ ഭാരം എടുത്തുവച്ചതുപൊലെയുള്ള അസ്വസ്ഥത അനുഭവപ്പെടുന്നു. ഇതിനെയാണ് ക്രോണിക് സ്‌റ്റേബിള്‍ ആന്‍ജിന എന്നു പറയുന്നത്. ഈ അവസ്ഥയില്‍ വിശ്രമിക്കുകയോ നാവിന്റെ അടിയില്‍ നൈട്രേറ്റ് ഗുളികകള്‍ വയ്ക്കുകയോ ചെയ്താല്‍ അസ്വസ്ഥത കുറയും. എന്നാല്‍ വെറുതെയിരിക്കുമ്പോഴോ ചെറിയ ജോലികള്‍ ചെയ്യുമ്പോഴോ അസ്വസ്ഥത അനുഭവപ്പെടണമെന്നില്ല.

ചിലരില്‍ ഈ അവസ്ഥ കൂടിക്കൂടി വരികയും ചെറിയ ജോലികള്‍ ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും ഇതേ അവസ്ഥ അനുഭവപ്പെടുകയും ചെയ്യാം. ഇതിനെ അസ്റ്റേബിള്‍ ആന്‍ജിന എന്നു പറയുന്നു. അതേസമയം ചിലര്‍ക്ക് പെട്ടെന്നാണ് നെഞ്ചില്‍ നില്‍ക്കാതെയുള്ള അസ്വസ്ഥത വരുന്നത്. ഇതിനെയാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് എന്നു പറയുന്നത്. ഹൃദയാഘാതം സര്‍വസാധാരണമായി കണ്ടുവരുന്ന ഈ സമയത്ത് ഇതിന്റെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.
ഹൃദയാഘാതമുണ്ടാവുമ്പോള്‍ സാധാരണ നെഞ്ചില്‍ ഭാരം എടുത്തുവച്ച പോലെയുള്ള അസ്വസ്ഥതയായിട്ടാണ് അനുഭവപ്പെടുക. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന അസ്വസ്ഥതപോലെയുള്ള വേദന ഇടതു കൈയിലേക്ക് പടരുന്നതാണ്. ചിലര്‍ക്ക് ഇരുകൈകളിലേക്കും മറ്റു ചിലര്‍ക്ക് കഴുത്തിലേക്കും നീങ്ങാം. ഈ അസ്വസ്ഥത പലരിലും വ്യത്യസ്ഥമായിരിക്കും. ഇത് നെഞ്ചെരിച്ചില്‍, പുകച്ചില്‍, വരിഞ്ഞുമുറുകുന്ന രീതിയിലുമൊക്കെ അനുഭവപ്പെടും. ഇതുകൂടാതെ ഛര്‍ദി, ക്ഷീണം, തലചുറ്റല്‍, അമിതമായി ശരീരം വിയര്‍ക്കല്‍ എന്നിവയുമുണ്ടാകാനിടയുണ്ട്. അപൂര്‍വമായി വയറിളക്കവും കാണാം. നെഞ്ചിടിപ്പും ശ്വാസം മുട്ടലും അനുഭവപ്പെട്ടെന്നും വരാം. രാത്രിയിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നത്.

കാരണങ്ങള്‍

ഹൃദയാഘാതത്തിന് പല കാരണങ്ങളുണ്ട്. പ്രമേഹം, പുകവലി, രക്തസമ്മര്‍ദ്ദം, അമിത കൊളസ്‌ട്രോള്‍, വ്യായാമമില്ലായ്മ, ചിട്ടയില്ലാത്ത ഭക്ഷണക്രമം, മാനസിക പിരിമുറുക്കം എന്നിവയെല്ലാം ഹൃദയാഘാതത്തിന് കാരണമാകുന്നു. കൂടാതെ പ്രായാധിക്യം മൂലവും പാരമ്പര്യമായും ഹൃദയാഘാതവും ഹൃദ്രോഗവും വരാം. പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് പാരമ്പര്യമായി ഹൃദയാഘാതം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്. ജീനുകളില്‍ (ക്രോമസോം) വ്യതിയാനമുള്ളവര്‍ക്ക് ചെറുപ്രായത്തില്‍ തന്നെ ഹൃദയാഘാതവും ഹൃദയത്തില്‍ രക്തക്കുഴലുകളില്‍ ബ്ലോക്കും വരാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമുള്ള പാരമ്പര്യരോഗങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.
കൊളസ്‌ട്രോള്‍ വര്‍ധിക്കുന്നത് ഹൃദയാഘാതത്തിന്റെ ഒരു പ്രധാന കാരണമാണ്. മനുഷ്യശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍, ചീത്ത കൊളസ്‌ട്രോള്‍ എന്നിങ്ങനെ രണ്ടു വിധത്തിലുള്ള കൊളസ്‌ട്രോളാണുള്ളത്. എച്ച്.ഡി.എല്‍ നല്ല കൊളസ്‌ട്രോളാണ്. എന്നാല്‍ ട്രൈഗ്ലിസറൈഡ്‌സ്, എല്‍.ഡി.എല്‍, വി.എല്‍.ഡി.എല്‍ എന്നിങ്ങനെയുള്ള ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ കൂടിയാല്‍ അത് രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുകയും ബ്ലോക്കിലേക്ക് നയിക്കുകയും ചെയ്യും. ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതുമൂലം ബ്ലോക്കിനുള്ള സാധ്യത കുറയ്ക്കുകയും അതുമൂലം ഹൃദയാഘാതം തടയുകയും ചെയ്യുന്നു.

വ്യായാമം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക എന്നിവ വഴി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാതെ സഹായിക്കുന്നു. അതേസമയം നല്ല കൊളസ്്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഹൃദയാഘാതം മുന്‍കൂട്ടി പറയുക ബുദ്ധിമുട്ടാണ്. എന്നാല്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് ഉള്ളവര്‍ പ്രത്യേക ടെസ്റ്റുകളായ ഇ.സി.ജി, ട്രെഡ്മില്‍ ടെസ്റ്റ്, കൊറോണറി ആന്‍ജിയോഗ്രാം, എക്കോകാര്‍ഡിയോഗ്രഫി എന്നിവ നടത്തുന്നതിലൂടെ ഹൃദയാഘാതത്തിനുള്ള സാധ്യത തിരിച്ചറിയാനും തക്ക ചികിത്സ കൃത്യസമയത്ത് തുടങ്ങാനും സാധിക്കും.

ചികിത്സ വൈകരുത്

ഹൃദയാഘാതത്തിന്റെ അസ്വസ്ഥത 20 മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നതാണ്. പലപ്പോഴും ഹൃദയാഘാതത്തിന്റെ അസ്വസ്ഥതയെ ഗ്യാസിന്റെ വേദനയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ മുകളില്‍ വിവരിച്ച ലക്ഷണങ്ങളോടെയുള്ള അസ്വസ്ഥതയാണെങ്കില്‍ സമയം വൈകിക്കാതെ വൈദ്യസഹായം തേടേണ്ടതാണ്. ഇ.സി.ജി പരിശോധനയാണ് ആദ്യം നടത്തുന്നത്. ഹൃദയപേശികളിലുണ്ടാവുന്ന ഇലക്ട്രിക്ക് വ്യതിയാനങ്ങളെ കണ്ടെത്തുകയാണ് ഇ.സി.ജിയിലൂടെ ചെയ്യുന്നത്. എല്ലാവരിലും ഇ.സി.ജി മാറ്റങ്ങള്‍ ആദ്യതവണ തന്നെ കാണിക്കണമെന്നില്ല. അതിനാല്‍ ഇ.സി.ജി പരിശോധന ആവര്‍ത്തിച്ച് നടത്തേണ്ടതാണ്. ഇതിലും സംശയം തോന്നുന്ന അവസ്ഥയുണ്ടെങ്കില്‍ രക്തസാമ്പിളുകള്‍ ശേഖരിച്ചുള്ള ട്രോപ്പോണി എന്ന ഘടകത്തിന്റെ നില പരിശോധിക്കണം. ഹൃദയാഘാതമുണ്ടായാല്‍ ഇതിന്റെ നില ഉയരും. ഇതില്‍ ഹൃദയാഘാതമുണ്ടെന്ന്് കണ്ടത്തിയാല്‍ എത്രയും പെട്ടെന്ന്് തന്നെ രോഗിയെ അടുത്തുള്ള കാത്തലാബ് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യേണ്ടത്. എത്രയും പെട്ടെന്ന്് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിലൂടെ അടഞ്ഞ രക്തക്കുഴലുകള്‍ തുറക്കാനും ബ്ലോക്ക് നീക്കി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും സാധിക്കും.

 

സ്ത്രീകളില്‍ കൂടുതല്‍

ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത പുരുഷന്‍മാരെ അപേക്ഷിച്ച് കുറവാണ്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ രക്തത്തിലെ നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് കൂട്ടിക്കൊണ്ട് രക്തധമനികളില്‍ കൊഴുപ്പടിയുന്നത് കുറയ്ക്കുകയും രക്തപ്രവാഹത്തിന് തടസമുണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ആര്‍ത്തവവിരാമമെത്തിയ സ്ത്രീകളില്‍ ഈ ഹോര്‍മോണിന്റെ സംരക്ഷണമില്ലാതെ വരുന്നു. അതുകൊണ്ട് തന്നെ അറുപത് വയസുകഴിഞ്ഞാല്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുന്നു. പൊതുവേ സ്ത്രീകള്‍ക്കിടയില്‍ വ്യായാമം കുറവാണ്. ഇതുമൂലം പൊണ്ണത്തടി, അമിതമായിട്ടുള്ള കൊളസ്‌ട്രോള്‍ എന്നിവയും സ്ത്രീകളില്‍ കാണാറുണ്ട്. മുന്‍പ് വളരെ വിരളമായി മാത്രമേ യുവാക്കളില്‍ ഹൃദയാഘാതം വന്നിരുന്നുള്ളൂ. എന്നാല്‍ ഇന്ന് യുവാക്കളില്‍ ഹൃദയാഘാതം ഒരു വില്ലനായി കടന്നുവന്നിരിക്കുന്നു. ജീവിതശൈലീ മാറ്റങ്ങളാണ് പ്രധാന കാരണം.

ശ്രദ്ധവേണം, ഭക്ഷണത്തിലും

ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. ഇവയില്‍ രക്തക്കുഴലിനെ സംരക്ഷിക്കുന്ന ആന്റി ഓക്‌സൈഡുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്്. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. അതിനാല്‍ ഇത് ഒഴിവാക്കുക. എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, ബേക്കറി എന്നിവ ഒഴിവാക്കുക. എണ്ണയും കൊഴുപ്പും കുറച്ച് ഭക്ഷണം പാകം ചെയ്യുക. കൊളസ്‌ട്രോള്‍ കൂടുതലുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ചായയും കാപ്പിയും ഒഴിവാക്കുക. അതേസമയം അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് രക്തക്കുഴലുകള്‍ക്ക് സംരക്ഷണം നല്‍കുന്നു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.