2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്‍ജിനിയര്‍മാരേ, സര്‍ട്ടിഫിക്കറ്റ് പോര; നീന്തലറിയണം!

ജാസിം ആനമങ്ങാടന്‍ (അസി. പ്രൊഫസര്‍, തിരുവനന്തപുരം എല്‍.ബി.എസ് എന്‍ജിനിയറിങ് കോളജ്)/ 9495640557

ഒരു ദിവസംകൊണ്ട് എന്‍ജിനിയറാകാനാകില്ല. തുടര്‍ച്ചയായ പതിനഞ്ചോ പതിനെട്ടോ വര്‍ഷത്തെ കഠിന യജ്ഞത്തിനൊടുവിലാണ് ഒരാള്‍ എന്‍ജിനിയറാകുന്നത്. ആയുസിന്റെ നല്ലൊരു ശതമാനമാണ് ഇങ്ങനെ ചെലവഴിക്കേണ്ടിവരിക. എന്നാല്‍, ഒരു കുടുംബത്തിന്റെ, നാടിന്റെ, സമൂഹത്തിന്റെ പ്രതീക്ഷയായി എന്‍ജിനിയറുടെ ബി.ടെക് സര്‍ട്ടിഫിക്കറ്റ് മാറും, മാറണം.

എന്നാല്‍, ഇന്നു പലപ്പോഴും എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കി എന്‍ജിനിയറാണെന്നു പറയാന്‍ നാണിക്കുകയും മറ്റു മേഖലകളില്‍ ജോലി നോക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. അവിടെ എന്‍ജിനിയറെന്ന വ്യക്തി മാത്രമല്ല, ആ പ്രൊഫഷന്‍ തന്നെയാണ് തല കുനിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇനിയെന്ത് എന്ന ചോദ്യത്തിന്റെ പ്രസക്തി. ബി. ടെക് കഴിഞ്ഞ ഒരാള്‍ തപാല്‍ വഴി നീന്തല്‍ പഠിച്ചവനെപ്പോലെയാണ്. എന്നാല്‍, സിവില്‍ എന്‍ജിനിയറിങ് ഒന്നും പഠിക്കാതെതന്നെ നിര്‍മാണ മേഖല കൈയാളുന്ന ഒരുപാടാളുകള്‍ നമുക്കുമുന്നിലുണ്ടുതാനും.

തപാല്‍ വഴി നീന്തല്‍ പഠിച്ചവന്‍ വെള്ളത്തിലിറങ്ങിയാല്‍ മുങ്ങും, നീന്തി പരിശീലിച്ച സര്‍ട്ടിഫിക്കറ്റുകളില്ലാത്ത മക്കള്‍ സുഖമായി നീന്തി കരപറ്റുകയും ചെയ്യും.യഥാര്‍ഥത്തില്‍ പഠിക്കേണ്ടവിധത്തില്‍, പഠിപ്പിക്കേണ്ടവരുടെ ശിക്ഷണത്തില്‍ വ്യക്തമായ പരിശീലനം നേടിയ ഒരാളെ വെല്ലാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നു മാത്രമല്ല, ഒരുപാടു പേര്‍ക്ക് ആ എന്‍ജിനിയറുടെ സേവനം ആവശ്യമുണ്ടുതാനും.

ഒരു ഡോക്ടര്‍, അല്ലെങ്കില്‍ ഒരു ആര്‍കിടെക്റ്റ് അവരുടെ കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍തന്നെ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം നേടിക്കഴിഞ്ഞു. എന്നാല്‍, ഒരു എന്‍ജിനിയരുടെ അവസ്ഥ അതല്ല. ഒരു ശരാശരി വിദ്യാര്‍ഥി എന്‍ജിനിയറിങ് കഴിഞ്ഞാല്‍ ചിലപ്പോള്‍ തുടര്‍പഠനത്തിനു പോകും. മറ്റു ചിലര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കു പോകും. വേറെ ചിലര്‍ ഐ.ടിയിലേക്കെത്തും. ഇതൊന്നുമല്ലാത്ത നിരവധി വഴികള്‍ മുന്നിലുണ്ടെന്നതാണ് സത്യം.

രക്ഷിതാക്കള്‍ അല്‍പം ശ്രദ്ധിക്കുകയും അധ്യാപകര്‍ മുന്‍കൈയെടുക്കുകയും ചെയ്താല്‍ ഫലപ്രദമായി അതു കണ്ടെത്താനാകും.സ്വന്തമായി ആശയങ്ങളില്ലാത്ത മനുഷ്യരില്ല, എന്‍ജിനിയര്‍മാര്‍ തീരെയില്ല. സ്വന്തം ആശയങ്ങള്‍ നന്നായി മനസിലാക്കിയ പഠിച്ച ശേഷം വികസിപ്പിച്ചെടുക്കുന്നതിലാണ് എന്‍ജിനിയറുടെ വൈഭവം. സ്റ്റാര്‍ട്ട്അപ്പുകള്‍ നല്ലൊരു മാതൃകയാണ്.

കേരളത്തില്‍ സ്റ്റാര്‍ട്ട്അപ്പ് എന്നതു നേരത്തെ കേട്ടുകേള്‍വിയില്ലാത്തതായിരുന്നെങ്കിലും ഇന്ന് സുപരിചിതമാണ്. ഇതിനു ധാരാളം സര്‍ക്കാര്‍ ഫണ്ടുകളും ഗൈഡന്‍സും ലഭ്യമാണ്. സ്‌കില്‍ എന്റിച്ച്‌മെന്റും എന്‍ജിനിയര്‍മാര്‍ക്കു വളരെ ഉപകാരപ്പെടും. കുറേയേറെ കാര്യങ്ങളില്‍ അറിവുണ്ടെങ്കിലും തൊഴില്‍ നൈപുണ്യത്തിന്റെ കുറവ് ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കും.

കോഴ്‌സ് കഴിഞ്ഞു ജോലിയില്‍ പ്രവേശിക്കും മുന്‍പ് എന്തെല്ലാം മുന്‍കരുതലുകളും നൈപുണ്യവും വേണമെന്നതു പലര്‍ക്കും അറിയില്ല. ഇതുകൊണ്ടാണ് പല കമ്പനികളിലും ബി-ടെക്കുകാരനെ തഴഞ്ഞ് സാധാരണക്കാരന്‍ ജോലിയില്‍ പ്രവേശിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.