2018 December 18 Tuesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

ജിയോ, എയര്‍ടെല്‍, ഐഡിയ കമ്പനികളുടെ മത്സരം ഫെയ്‌സ്ബുക്കിന്റെ ലാഭം കുത്തനെ ഉയര്‍ത്തി

ഇന്ത്യയിലെ സൗജന്യ ഡാറ്റാ സേവനങ്ങളാണ് ഫെയ്‌സ്ബുക്കിന്റെ വരുമാന വളര്‍ച്ചയ്ക്ക് കാരണമെന്ന് ഫെയ്‌സ്ബുക്ക് മേധാവി ഡേവിഡ് വേഹ്നര്‍ പറഞ്ഞു

ന്യൂഡല്‍ഹി: ടെലികോം ഭീമന്മാര്‍ തമ്മില്‍ നടക്കുന്ന 4 ജി യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ഒന്നുമറിയാതെ വന്‍ ലാഭം കൊയ്യുന്നൊരു ടീമുണ്ട്, സാക്ഷാല്‍ ഫെയ്‌സ്ബുക്ക്. എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ ഡേറ്റ സൗജന്യമായി നല്‍കാന്‍ മത്സരിക്കുന്നതോടെയാണ് ഫെയ്‌സ്ബുക്ക് പോലോത്ത സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകള്‍ക്ക് കോളടിക്കുന്നത്.

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയ്‌സ്ബുക്കിന്റെ ഡിസംബര്‍ ക്വാര്‍ട്ടറിലെ വരുമാനം ഭീമമായി വര്‍ധിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഉപയോഗമാണ് ഈ വര്‍ധനയ്ക്ക് കാരണം. ഫെയ്‌സ്ബുക്കിന്റെ വരുമാനത്തില്‍ 51 ശതമാനം വര്‍ധനയാണ് ഇക്കാലയളവില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നു മാത്രമുണ്ടായത്.

ഇന്ത്യയിലെ സൗജന്യ ഡാറ്റാ സേവനങ്ങളാണ് ഫെയ്‌സ്ബുക്കിന്റെ വരുമാന വളര്‍ച്ചയ്ക്ക് കാരണമെന്ന് ഫെയ്‌സ്ബുക്ക് മേധാവി ഡേവിഡ് വേഹ്നര്‍ പറഞ്ഞു. ഇന്ത്യ തങ്ങളുടെ ശക്തമായ വളര്‍ച്ചാ മാര്‍ക്കറ്റാണെന്നും അദ്ദേഹം സമ്മതിച്ചു.

എന്നാല്‍ ഇന്ത്യന്‍ ടെലികോം കമ്പനികളുടെ അവസ്ഥ പരിതാപകരമാണ്. പുതിയ ഇന്റര്‍നെറ്റ് ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ ഭാരതി എയര്‍ടെല്ലിന്റെ വരുമാനത്തില്‍ മൂന്നു ശതമാനം ഇടിവുണ്ടായി. ഐഡിയയുടെ സെപ്തംബര്‍ ക്വാര്‍ട്ടറിലെ വരുമാനം കുത്തനെ ഇടിഞ്ഞതായും അറിയിച്ചിരുന്നു. 88 ശതമാനം ഇടിവാണുണ്ടായത്.

1.9 ബില്യണ്‍ യൂസര്‍മാരുള്ള ഫെയ്‌സ്ബുക്കില്‍ 1.2 ബില്യണ്‍ പേരും ദിനേന ലോഗിന്റെ ചെയ്യുന്നു. ഇതില്‍ 1.1 ബില്യണ്‍ യൂസര്‍മാരും മൊബൈല്‍ ഡിവൈസ് വഴിയാണ് ഫെയ്‌സ്ബുക്ക് തുറക്കുന്നത്.

ഇന്ത്യയില്‍ 160 മില്യണ്‍ യൂസര്‍മാരാണുള്ളത്. ഫെയ്‌സ്ബുക്കിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. മൊബൈല്‍ പരസ്യത്തിലൂടെ ഫെയ്‌സ്ബുക്കിന് 53 ശതമാനം വരുമാന വളര്‍ച്ചാണ് ഡിസംബര്‍ കാലയളവില്‍ ഉണ്ടായത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.