2020 February 16 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നന്മ ചെയ്യുന്നേടത്തെ ‘സെക്യുലര്‍’ മുസ്‌ലിം

എ.പി കുഞ്ഞാമു

 

 

ദീര്‍ഘകാലം ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിക്കുകയും ആര്‍ജവത്തിന്റെയും നീതിനിഷ്ഠയുടെയും പേരില്‍ അറിയപ്പെടുകയും ചെയ്ത ഒരു ന്യായാധിപന്‍ പറഞ്ഞ കഥയാണിത്. അദ്ദേഹത്തോട് ഒരിക്കല്‍ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞുവത്രേ- മിസ്റ്റര്‍ കുട്ടി, താങ്കളുടെ രീതികളും നടപടികളും പെരുമാറ്റവും കണ്ടാല്‍ ഒരിക്കലും താങ്കളൊരു മുസ്‌ലിമാണെന്ന് തോന്നുകയില്ല കെട്ടോ, അത്രയ്ക്കും ജെന്റില്‍മാനാണ് താങ്കള്‍…
ആദ്യമൊന്നു ഞെട്ടിയെങ്കിലും, പെട്ടെന്നു തന്നെ അദ്ദേഹം മറുപടി പറഞ്ഞു.
”ഞാന്‍ അന്‍പതുശതമാനം മാത്രമേ മുസ്‌ലിം ആയിട്ടുള്ളൂ, അതുകൊണ്ടാണിങ്ങനെ, നൂറുശതമാനം മുസ്‌ലിം ആയിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ എത്രയോ ഇരട്ടി നന്നായേനെ എന്റെ പെരുമാറ്റം.”
ഇക്കഴിഞ്ഞ മഴക്കാലത്ത് നൗഷാദ് എന്ന തെരുവു കച്ചവടക്കാരന്‍ താന്‍ വില്‍പനയ്ക്ക് വച്ച തുണിത്തരങ്ങളത്രയും പ്രളയദുരിതാശ്വാസത്തിനുവേണ്ടി സംഭാവന ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ കഥ എന്റെ ഓര്‍മയിലേക്കു വന്നത്. നൗഷാദിന്റെ സേവനമനോഭാവം പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. കഴിഞ്ഞ പ്രളയകാലത്ത് സ്വന്തം തടി മറന്ന് സേവന പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ജൈസല്‍ എന്ന യുവാവ് എപ്രകാരമാണോ ഒരു ജനകീയ ബിംബമായിത്തീര്‍ന്നത്, അതേപോലെ തന്നെ നൗഷാദിനും ലഭിച്ചിട്ടുണ്ട് നല്ല സ്വീകാര്യത.
എന്നാല്‍ അതോടൊപ്പം തന്നെ നൗഷാദിനെ ഈ മഹത്തായ പ്രവൃത്തിക്ക് പ്രേരിപ്പിച്ച ഘടകമെന്താണ് എന്നൊരു ചര്‍ച്ചയും ഉരുത്തിരിഞ്ഞു വന്നു. തനിക്ക് പരലോകത്ത് ദൈവം പ്രതിഫലം തരുമെന്നായിരുന്നു സ്വന്തം പ്രവൃത്തിയുടെ പൊരുള്‍ തേടിയവരോടുള്ള ആ ചെറുപ്പക്കാരന്റെ തല്‍ക്ഷണ പ്രതികരണം. അതോടെ നൗഷാദ് എന്ന മതവിശ്വാസിയുടെ ഇസ്‌ലാംമത ബോധമായിത്തീര്‍ന്നു ചര്‍ച്ചയുടെ മര്‍മം. സ്വാഭാവികമായും നൗഷാദിനെ നന്മ ചെയ്യാന്‍ പ്രേരിപ്പിച്ച ഇസ്‌ലാം മതവിശ്വാസത്തെ പലരും ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി. ഇസ്‌ലാമികബോധം എങ്ങനെ ഒരാളെ നല്ലവനാക്കുന്നു എന്ന കാര്യം വിശദീകരിക്കപ്പെട്ടു. ഉടന്‍ വന്നു എതിര്‍വാദങ്ങള്‍. നൗഷാദ് സി.ഐ.ടി.യുക്കാരനാണെന്നും കമ്യൂണിസ്റ്റാണെന്നും അദ്ദേഹം ചെയ്ത പ്രവൃത്തിയുടെ പിന്നിലെ പ്രേരണ അത്തരം പ്രത്യയശാസ്ത്ര പ്രതിബദ്ധതകളാണെന്നും വാദിക്കപ്പെട്ടു. ചുരുക്കത്തില്‍ നൗഷാദ് എന്ന മനുഷ്യസ്‌നേഹി വിസ്മരിക്കപ്പെടുകയും അയാളുടെ സദ്പ്രവൃത്തിയുടെ മത-രാഷ്ട്രീയമാനങ്ങള്‍ ചര്‍ച്ചകളില്‍ മേല്‍ക്കൈനേടുകയും ചെയ്തു. കുറച്ചു കൂടി തെളിച്ചു പറഞ്ഞാല്‍ മതവും വിശ്വാസവും പ്രത്യയശാസ്ത്രവുമൊക്കെ പറഞ്ഞു കലഹിക്കാന്‍ നമുക്കൊരു വിഷയം കൂടി കിട്ടി, അത്ര തന്നെ.
ഇങ്ങനെയൊരു കോലാഹലം മുന്‍പും കേരളത്തിലുണ്ടായിട്ടുണ്ട്. കടലുണ്ടിയില്‍ തീവണ്ടിയ്ക്കടിയില്‍ പെട്ട് മരിക്കാന്‍ പോയ രാമന്‍ എന്ന നാട്ടുകാരനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ അബ്ദുറഹിമാന്‍ എന്ന വ്യക്തി മരിച്ചപ്പോഴായിരുന്നു ഈ വാദകോലാഹലം. അന്യമതക്കാരനായ രാമനെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു കൊണ്ടും രക്ഷപ്പെടുത്താന്‍ ശ്രമിച്ച അബ്ദുറഹിമാനെ പ്രസ്തുത മഹനീയ പ്രവൃത്തിയിലേക്ക് നയിച്ചത് അയാളുടെ ഉള്ളില്‍ തുടിക്കുന്ന ഇസ്‌ലാമിക വിശ്വാസമാണെന്ന് പ്രശസ്ത കഥാകൃത്ത് കെ.പി രാമനുണ്ണി ‘ഇതാണ് ശരിയായ ഇസ്‌ലാം’ എന്ന ലേഖനത്തിലൂടെ സമര്‍ഥിച്ചതില്‍ നിന്നായിരുന്നു തര്‍ക്കത്തിന്റെ തുടക്കം.
ഇസ്‌ലാംമത വിശ്വാസത്തില്‍ നിന്ന് ഉയിര്‍ത്തുവന്ന നന്മയെ ആദര്‍ശവല്‍ക്കരിക്കുന്ന ശ്രീ.രാമനുണ്ണിയുടെ നിലപാടിനെതിരായി രംഗത്തിറങ്ങിയവരില്‍ പ്രമുഖന്‍ എം.എന്‍ കാരശ്ശേരിയായിരുന്നു. മനുഷ്യന്റെ നന്മയില്‍ മതത്തിനും ജാതിയ്ക്കുമൊന്നിനും കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ തര്‍ക്കവും ഒരു ഇസ്‌ലാംമതവിശ്വാസി ചെയ്യുന്ന നന്മയുടെ പ്രചോദനവും പൊരുളും മറ്റുമന്വേഷിക്കുന്ന വ്യവഹാരങ്ങളിലാണ് എത്തിച്ചേര്‍ന്നത്. അതായത് ഇസ്‌ലാംമത വിശ്വാസികളുടെ സദ്പ്രവൃത്തികളെ അതിന്റെ യഥാര്‍ഥ സ്പിരിറ്റില്‍ അംഗീകരിക്കാന്‍ കേരളത്തിലെ പൊതുസമൂഹത്തിനുമൊന്നും സാധിക്കുന്നില്ല. അതിന്റെ ‘വിത്തും വേരു’മന്വേഷിച്ചു കൊണ്ടേയിരിക്കുന്നു സമൂഹം. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?
തന്റെ പ്രവൃത്തിക്ക് ദൈവം പ്രതിഫലം തരുമെന്നായിരുന്നു നൗഷാദിന്റെ പ്രാഥമിക പ്രതികരണം. അതിന്റെ അര്‍ഥം വളരെ ലളിതമാണ്. പ്രളയബാധിതരെ സഹായിക്കുകയെന്ന സദ്പ്രവര്‍ത്തിക്കു തന്നെ പ്രേരിപ്പിച്ചത് മതവിശ്വാസമല്ലാതെ മറ്റൊന്നുമല്ലെന്ന് അയാള്‍ ഉറപ്പിച്ചു പറഞ്ഞു. ഈ ഉറച്ച മതബോധത്തെ പിന്തുണക്കുവാനും അംഗീകരിക്കുവാനും എന്തുകൊണ്ട് പൊതുസമൂഹത്തിന് സാധിക്കുന്നില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്‌നം; അതായത് ഇസ്‌ലാമിക വിശ്വാസത്തില്‍ നിന്ന് ഉല്‍ഫുല്ലമായ നന്മയെ അംഗീകരിക്കുവാന്‍ നമുക്ക് കഴിയുന്നില്ല, അതിനെ മറികടക്കാന്‍ മറ്റു പ്രതിനിധാനങ്ങള്‍ നാം തേടിപ്പോകുന്നു. ഈ കുറിപ്പിന്റെ ആദ്യത്തില്‍ പറഞ്ഞ കഥയിലെ ന്യായാധിപന്‍ പ്രകടിപ്പിച്ച അന്തസ്സും നീതി നിഷ്ഠയും ഒരു ഇസ്‌ലാം മതവിശ്വാസിയില്‍ നിന്നോ ഉണ്ടായത് എന്ന അമ്പരപ്പിന്റെ മറ്റൊരു തരം ആവിഷ്‌കാരം തന്നെയത്രേ അത്.
മുസ്‌ലിമായ നൗഷാദില്‍നിന്ന് സമൂഹം നന്മയും സന്മനസ്സും പ്രതീക്ഷിക്കുന്നില്ല. നൗഷാദ് നേരിട്ടു പറഞ്ഞിട്ടു പോലും അയാള്‍ പ്രകടിപ്പിച്ച സദ്പ്രവൃത്തിയുടെ പ്രചോദന സ്രോതസ്സ് ഇസ്‌ലാംമത വിശ്വാസമാണെന്ന് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതിന്റെ കാരണവും വളരെ ലളിതമാണ്. നമ്മുടെ പൊതുബോധത്തിന്റെ കണ്ണില്‍ ഇസ്‌ലാം നന്മയുടെ മതമല്ല, അത് ഹിംസയുടേയും പ്രാകൃതത്വത്തിന്റേയും മതമാണ്. ‘ക്രൂരമുഹമ്മദര്‍’ എന്ന പഴയ തെറ്റായ സങ്കല്‍പത്തില്‍ നിന്ന് സമൂഹം ഇനിയും മുക്തമായിട്ടില്ല. നൗഷാദിന്റെ നന്മയെച്ചൊല്ലി മുസ്‌ലിംകള്‍ പ്രകടിപ്പിക്കുന്ന അഭിമാനത്തിന്റെ അര്‍ഥശൂന്യതയോ പ്രസ്തുത നന്മയില്‍ അയാളുടെ മറ്റു പ്രതിനിധാനങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചുള്ള മറുവാദത്തിന്റെ ഉള്‍ക്കരുത്തോ ഒന്നുമല്ല ഇവിടെ ചര്‍ച്ചാ വിഷയമാക്കേണ്ടത്. പൊതുബോധത്തിന്റെ ചിന്തയില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമിനെക്കുറിച്ചുള്ള വികല പ്രതിഛായ തന്നെയാണ്; ഒരുതരം അന്യത സമൂഹം മുസ്‌ലിംകളുടെ മേല്‍ അടിച്ചേല്‍പിക്കുന്നു. ഇത് പഴയകാലത്ത് മുസ്‌ലിംകളുടെ നേരെ ലോകം കൈക്കൊണ്ട പൈശാചികവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണ്, ഇസ്‌ലാമോഫോബിയയുടെ ശരിയായ വെളിപ്പെടലാണ്.
ഐ.എസിന്റേയും അല്‍ഖാഇദയുടേയും തീവ്രവര്‍ഗീയതയുടേയും അപരിഷ്‌കൃതത്വത്തിന്റെയും പ്രാതിനിധ്യമുള്ള ഇസ്‌ലാം മാത്രമേ സമൂഹത്തിന്റെ മനസ്സിലുള്ളൂ. അതിനെ മറികടക്കുന്ന സര്‍ഗാത്മകവും പ്രബുദ്ധവുമായ ഇസ്‌ലാമിക ബോധം നമുക്ക് ഉള്‍ക്കൊള്ളാനേ സാധിക്കുന്നില്ല. കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും കഞ്ചാവ് കച്ചവടക്കാരും അക്രമികളുമായ മുസ്‌ലിംകള്‍ക്കപ്പുറത്ത് നില്‍ക്കുകയും മനുഷ്യനന്മയുടെ പ്രതീകമായി വര്‍ത്തിക്കുകയും ചെയ്യുന്ന ഒരു മുസ്‌ലിം ഉയിര്‍ത്തു വരികയോ? നല്ല മുസ്‌ലിം /ചീത്ത മുസ്‌ലിം എന്ന ദ്വന്ദ്വത്തെപ്പോലും അപ്രസക്തമാക്കിക്കളയുന്ന മുന്‍വിധികള്‍ സമൂഹത്തില്‍ പ്രബലമാണ് എന്നതിന് വേറെയൊരു തെളിവു വേണ്ട.
മുസ്‌ലിമിനെ പൊതുധാരയില്‍ നിന്ന് പുറത്താക്കുന്ന ഈ നിലപാട് കേരളീയ സമൂഹത്തില്‍ പണ്ടു മുതല്‍ക്കേയുണ്ട്. പഴയകാലത്ത്, മലയാളത്തിലിറങ്ങിയിരുന്ന പുസ്തകങ്ങളില്‍ രാക്ഷസന്മാര്‍ സംസാരിച്ചിരുന്നത് ‘മുസ്‌ലിംകളുടെ ഭാഷ’ യിലായിരുന്നുവത്രേ. രാക്ഷസീയതയുടെ രൂപവും വേഷവും ഭാഷയുമാണ് മുസ്‌ലിംകള്‍ക്ക് മലയാള സാഹിത്യം അനുവദിച്ചുകൊടുത്തത്. നമ്മുടെ പഴയ കഥകളിലും നോവലുകളിലും നാടകങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ട ടിപ്പിക്കല്‍ മുസ്‌ലിം കഥാപാത്രങ്ങള്‍ ഈ ‘രണ്ടാംതരം പൗരത്വ’ത്തെ അടിവരയിട്ടുറപ്പിക്കുകയും ചെയ്തു.
വളരെയധികം പ്രയാസപ്പെട്ടാണ് മുസ്‌ലിം സമൂഹം തങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ട ഈ അസമത്വത്തെ തുടച്ചു മാറ്റാനുദ്യമിച്ചത്. പക്ഷേ, പൊതുസമൂഹത്തിന്റെ മനസ്സില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് ചുറ്റും കെട്ടിപ്പൊക്കിയ മതിലിന്റെ ഓര്‍മ മാഞ്ഞു പോയിട്ടില്ല. അതുകൊണ്ടാണ് പൊതുസമൂഹത്തിന് നൗഷാദിനെ അംഗീകരിക്കുമ്പോള്‍ തന്നെ നൗഷാദിന്റെ മതത്തിന്റെ മനുഷ്യസ്‌നേഹവും സര്‍ഗാത്മകതയും അംഗീകരിക്കാന്‍ കഴിയാതിരിക്കുകയും മറ്റു പ്രതിനിധാനങ്ങള്‍ കൂടി നൗഷാദിന്റെ മേല്‍ തുന്നിച്ചേര്‍ക്കാന്‍ അതിന് പാടുപെടേണ്ടിവരികയും ചെയ്യുന്നത്. നൗഷാദിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കാതെയാണ് ഈ നിലപാട് നാം കൈക്കൊള്ളുന്നത് എന്നതാണ് കൂടുതല്‍ സങ്കടകരം.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു നൗഷാദും കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഇടംപിടിച്ചിരുന്നു. ഏതാനും അന്യദേശത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ആള്‍നൂഴിയിലിറങ്ങിയ കോഴിക്കോട്ടുകാരന്‍ നൗഷാദ്, ഈ സദ്പ്രവൃത്തിക്കിടയില്‍ ആ ചെറുപ്പക്കാരന് ജീവന്‍ നഷ്ടപ്പെട്ടു. കേരളം മുഴുവനും നൗഷാദിന്റെ മഹനീയമായ മനസ്സിനെ അംഗീകരിച്ചപ്പോഴുമുയര്‍ന്നു. ചില എതിര്‍ ശബ്ദങ്ങള്‍- നൗഷാദിന്റെ കുടുംബത്തിന് അന്നത്തെ കേരള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അത് മുസ്‌ലിം ലീഗിനേയും അതുവഴി മുസ്‌ലിംകളേയും പ്രീണിപ്പിക്കാന്‍ വേണ്ടിയുള്ള വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണെന്നായിരുന്നു ഒരു ജാതി സംഘടനാ നേതാവിന്റെ പ്രതികരണം. ഒരു മനുഷ്യന്റെ ആത്മബലിയെ പ്രസ്തുത നേതാവ് എത്രമാത്രം താഴ്ത്തിക്കണ്ടു എന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു ആ പ്രസ്താവന. എന്നിട്ട് കേരളത്തിലെ ‘പ്രബുദ്ധസമൂഹം’എന്തു ചെയ്തു?. പ്രസ്തുത ജാതിസംഘടനാ നേതാവിനെതിരായി ശക്തമായ വല്ല എതിര്‍പ്പും ഉയര്‍ത്തിയോ? ഇല്ലെന്ന് മാത്രമല്ല പില്‍ക്കാലത്ത് അദ്ദേഹത്തിന് ലഭിച്ച രാഷ്ട്രീയ പരിഗണനകളും മാധ്യമപരിചരണങ്ങളും പൂര്‍വാധികം ധാരാളിത്തത്തോടെയായിരുന്നു താനും.
അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയാണ് പിന്നീട് വന്ന ഇടതുമുന്നണി സര്‍ക്കാര്‍ കേരളീയ നവോഥാനത്തെ സംരക്ഷിക്കാനൊരു സമിതിയുണ്ടാക്കിയതും മതിലുകെട്ടിയതുമെല്ലാം. കേരളത്തിന്റെ പ്രബുദ്ധതയേയും നവോഥാന പാരമ്പര്യത്തേയും അപഹാസ്യമാം വണ്ണം ആക്രമിച്ച ആ മനുഷ്യന് നേരെ കേരളത്തിലെ രാഷ്ട്രീയബോധങ്ങളും പ്രബുദ്ധപാരമ്പര്യങ്ങളുമൊന്നും ഒട്ടും അസ്പൃശ്യത പുലര്‍ത്തിയില്ല. പ്രളയകാലത്ത് സേവനത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ഉയര്‍ന്നുവന്ന നൗഷാദിന്റെ സദ്പ്രവൃത്തിയുടെ പിന്നിലെ മതമൂല്യങ്ങള്‍, പൊതുസമൂഹത്തിന് തിരിച്ചറിയാന്‍ കഴിയാതെ പോയതെന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇക്കണ്ട അവസ്ഥയിലുണ്ട് എന്ന് തീര്‍ച്ച.
നമുക്ക് നല്ല മുസ്‌ലിംകളെ വേണ്ട, നന്മ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകളെ വേണ്ട, പ്രാകൃതമുസ്‌ലിംകള്‍ മാത്രമേ നമ്മുടെ പൊതുബോധത്തിന്റെ കാഴ്ച വട്ടത്തിലുള്ളൂ. ഒന്നുകില്‍ മുസ്‌ലിംകള്‍ ഇസ്‌ലാമികമായ മൂല്യങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് കടന്ന് നിന്ന് ‘സെക്കുലറാവണം’, അല്ലെങ്കില്‍ ഹിന്ദുത്വത്തിന്റെ ശീലങ്ങള്‍ ഉള്‍ക്കൊള്ളണം. അല്ലാഞ്ഞാല്‍ സമൂഹത്തിന് സ്വീകാര്യമാവുകയില്ല. ഇസ്‌ലാമിക മുദ്രകളൊന്നും അണിയാതിരിക്കുകയും തികച്ചും സസ്യാഹാരിയായി ജീവിക്കുകയും ആര്‍ഷപ്രോക്ത ധാര്‍മിക മൂല്യങ്ങളെക്കുറിച്ച് സദാ അഭിമാനിക്കുകയും ചെയ്തു പോന്ന എ.പി.ജെ അബ്ദുല്‍ കലാം ആണ് ഇന്ത്യയില്‍ പൊതുസമൂഹത്തിന് ഏറ്റവും സ്വീകാര്യനായ മുസ്‌ലിം എന്നും താടിയും തൊപ്പിയും വെച്ച മറ്റേ അബുല്‍കലാം (ആസാദ്) അത്രയൊന്നും അഭിമതനല്ലായിരുന്നു എന്നും കൂടി ഓര്‍ക്കുക; അപ്പോള്‍ എല്ലാം തിരിഞ്ഞുകിട്ടും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News