2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഗാന്ധിജി എങ്ങിനെ ആത്മഹത്യ ചെയ്തു’?.. ഗാന്ധിജിയെ ക്രൂരമായി നിന്ദിച്ച് ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് ചോദ്യപേപ്പര്‍

അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം രാജ്യം ഒന്നടങ്കം ആഘോഷിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ഗാന്ധിജിയെ അപമാനിച്ചും ചരിത്രത്തെ വളച്ചൊടിച്ചും ഗുജറാത്ത് സ്‌കൂളിലെ ചോദ്യപേപ്പര്‍. സംസ്ഥാനത്തെ ഒന്‍പതാം ക്ലാസ് സ്‌കൂളിലെ ചരിത്ര പാഠപുസ്തകത്തിന്റെ പരീക്ഷക്ക് വന്ന ചോദ്യപേപ്പര്‍ ആണ് വിവാദമായത്. മഹാത്മാഗാന്ധി എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ചോദ്യം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ്.

‘ഗാന്ധിജിയേ ആപ്ഗാത് കര്‍വാ മാതേ ഷു കര്‌യു’ (എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്?) എന്നാണ് ചോദ്യം. സുഫാലം ശാല വികാസ് സങ്കുല്‍’ എന്ന ബാനറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം വന്നതെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട്‌ചെയ്തു. ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുല്‍.

12ാം ക്ലാസ് പരീക്ഷയിലെ അനധികൃത മദ്യകടത്തുകാരെ കുറിച്ചുള്ള ചോദ്യവും വിവാദമായിട്ടുണ്ട്. നിങ്ങളുടെ പ്രദേശത്ത് മദ്യ വില്‍പ്പന വര്‍ധിച്ചതിനെക്കുറിച്ചും അനധികൃത മദ്യവില്‍പനക്കാര്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും ജില്ലാ പൊലിസ് മേധാവിക്ക് കത്തെഴുതുക’ എന്നാണ് 12 ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാ പേപ്പറിലെ വിവാദ ചോദ്യം. സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
സംഭവം വളരെയധികം ആക്ഷേപാര്‍ഹമാണെന്നും ഇതേ കുറിച്ച് അന്വേഷിക്കുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഭാരത് വാധര്‍ പറഞ്ഞു. സുഫാലം ശാല വികാസ് സങ്കുല്‍ മാനേജ്‌മെന്റാണ് ചോദ്യപേപ്പറുകള്‍ തയാറാക്കിയതെന്നും സംസ്ഥാന സര്‍ക്കാരിന് ഇതുമായി ബന്ധവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തീവ്ര സംഘ്പരിവാര്‍ സംഘടനയായ ഹിന്ദുമഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം ഗോഡ്‌സെ 1948 ജനുവരി 30ന് ഗാന്ധിജിയെ വെടിവച്ചുകൊല്ലുകയായിരുന്നു. ഈ കേസില്‍ തൂക്കിലേറ്റപ്പെട്ട ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി വിധശിക്ഷക്കിരയായ വ്യക്തി.

How Did Mahatma Gandhi Commit Suicide? Gujarat Schools Asks Students In Internal Exam


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.