2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കേന്ദ്രം കശ്മിര്‍ പ്രശ്‌നം  പരിഹരിച്ചതെങ്ങനെ?

 
 
 
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും ജമ്മു-കശ്മിരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്യുക വഴി നരേന്ദ്രമോദിയുടെ കേന്ദ്ര സര്‍ക്കാര്‍ വളരെ എളുപ്പത്തില്‍, കശ്മിര്‍ പ്രശ്‌നം പരിഹരിച്ചു. കശ്മിരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളായ ഫാറൂഖ്-ഉമര്‍ അബ്ദുല്ലമാരേയും മെഹ്ബൂബാമുഫ്തിയേയും അവരുടെ പാര്‍ട്ടികളില്‍പ്പെട്ട ഇരുന്നൂറ്റി അമ്പതോളം ചെറുകിട നേതാക്കളേയും തടവിലാക്കുക മാത്രമേ വേണ്ടി വന്നുള്ളൂ ഈ ഓപ്പറേഷന്‍ വിജയിപ്പിക്കാന്‍. പിന്നീടുള്ളത് മൊബൈല്‍-ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എടുത്തുകളയുക, സ്‌കൂളുകള്‍ പൂട്ടുക, കടകള്‍ അടച്ചിടുക, ആളുകള്‍ ഒത്തുചേരുന്നത് തടയുക, പെരുന്നാളാഘോഷത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തുക തുടങ്ങിയ ചില്ലറ നടപടികള്‍ മാത്രം. അവകൂടിയായപ്പോള്‍ സംസ്ഥാനം ശാന്തം, ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങളിലൊതുങ്ങിയിരിക്കുന്നു കാര്യങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ കാലില്‍ തറച്ച മുള്ളെടുക്കുന്ന ലാഘവത്തോടെ തങ്ങളുദ്ദേശിച്ചതത്രയും നടപ്പിലാക്കിക്കഴിഞ്ഞു.
 
ഹിന്ദുത്വവല്‍ക്കരണത്തിന്റെ വഴി
 
ഇത് ഇന്ത്യയുടെ ഹിന്ദുത്വവല്‍ക്കരണത്തിലേക്കുള്ള വഴിയിലെ ശ്രദ്ധാപൂര്‍വമായ ഒരു കാല്‍വെപ്പാണ്. കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി മുറിച്ച് കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്തതോടെ നരേന്ദ്രമോദി രാജ്യത്തിന് വ്യക്തമായ ഒരു സന്ദേശമാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്കും അതുവഴി വ്യത്യസ്ത ഭാഷാ-വംശ-മത പ്രാദേശിക സ്വത്വങ്ങള്‍ക്കും ആവശ്യമായ പരിഗണന നല്‍കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ഫെഡറലിസത്തെ നിര്‍വീര്യമാക്കാനുള്ള ശേഷി കേന്ദ്രം കൈവരിച്ചു കഴിഞ്ഞു എന്ന്. അതി ശക്തമായ കേന്ദ്രഭരണം എന്ന ആശയമാണ് ബി.ജെ.പി മുന്നോട്ടു വെക്കുന്നത്; അതിന്റെ അടിത്തറയായി ഹിന്ദു സ്വത്വബോധത്തെ പ്രതിഷ്ഠിക്കാനും പാര്‍ട്ടി ഉദ്ദേശിക്കുന്നു. ഇതര സാംസ്‌കാരിക സ്വത്വങ്ങളെ അരികുകളിലേക്കു തള്ളുകയാണ് അതിനുള്ള വഴി. കശ്മിരിലെ മുസ്‌ലിംകള്‍ മാത്രമല്ല  കേന്ദ്ര ഗവണ്‍മെന്റിന്റെ ടാര്‍ഗറ്റ്. അസമിലേയും അരുണാചല്‍ പ്രദേശിലേയും മണിപ്പൂരിലേയും മിസോറമിലേയും ഗോത്രവംശീയതകള്‍ കൂടിയാണ്. (അതിര്‍ത്തി സംസ്ഥാനങ്ങളിലെ ചില സംഘടനകള്‍ ഈ ലക്ഷ്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്. മണിപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ലിബറേഷന്‍ ഫ്രന്റ് ഓഫ് അസം-ഇന്‍ഡിപെന്‍ഡന്റും, ആറു മണിപ്പൂരി തീവ്രവാദ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയായ കോര്‍കോമും പുതിയ കശ്മിര്‍ നടപടിയെത്തുടര്‍ന്ന് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു എന്നു കാണുക. ജനാഭിപ്രായം ആരായാതെയുള്ള ഈ നടപടി ഹിന്ദുത്വവല്‍ക്കരണത്തിലൂടെ കൊളോണിയലിസം അടിച്ചേല്‍പിക്കാനുള്ള നീക്കമായാണ് ഈ തീവ്രവാദ സംഘടനകള്‍ കരുതുന്നത്) അതായത് ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പില്‍ വരുത്തുന്നതിനുവേണ്ടിയുള്ള പ്രാഥമിക നടപടിയാണ് കശ്മിര്‍ വിഭജനം. 
 1998ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്താനെ തോല്‍പ്പിച്ചത് തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ വാജ്‌പേയിയെ വല്ലാതെ തുണച്ചു. 2019ല്‍ കശ്മിരിലെ മുസ്‌ലിംകളെ ഒതുക്കിയത് നരേന്ദ്രമോദിക്കും ഗുണകരമായി ഭവിക്കും. അതായത് 370-ാം വകുപ്പ് റദ്ദാക്കലും കശ്മിരില്‍ കേന്ദ്രഭരണമേറ്റെടുക്കലും ലഡാക്കിനെ വേര്‍തിരിച്ചു നിര്‍ത്തലുമൊന്നും ദേശീയ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്‌നമേയല്ല; രാഷ്ട്രീയ നടപടിയാണ്. ദേശസ്‌നേഹത്തേയും ഹിന്ദുത്വ രാഷ്ട്രീയത്തേയും, സമീകരിച്ചു കാണുന്ന നിഷ്‌കളങ്കരായ ആളുകള്‍ക്ക് അതി സമര്‍ഥമായ ഈ തന്ത്രത്തിന്റെ പൊരുള്‍ തിരിച്ചറിയുന്നില്ലെന്നേയുള്ളൂ.
ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ അജണ്ടകളെല്ലാം കൃത്യമായി നടപ്പില്‍ വരുത്താന്‍ ബദ്ധശ്രദ്ധമാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കശ്മിര്‍ വിഭജനവും 370-ാം വകുപ്പ് റദ്ദാക്കലും. ബി.ജെ.പിയ്ക്ക് വേറെയും അജണ്ടകളുണ്ട്. മുത്വലാഖ് അതിലൊന്നാണ്. യു.എ.പി.എ പോലെയുള്ള കര്‍ക്കശ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നത് മറ്റൊന്ന്. ഏക സിവില്‍കോഡ്, അയോധ്യയില്‍ ക്ഷേത്രം പണിയുക എന്നിവയാണ് അവയേക്കാളൊക്കെ പ്രധാനം. ഇവയുടെയെല്ലാം പിന്നില്‍ മുസ്‌ലിംകളുടെ സാംസ്‌കാരിക വ്യക്തിത്വത്തെ ഇല്ലായ്മ ചെയ്യുക എന്ന പരോക്ഷ ലക്ഷ്യമുണ്ട്. അത് മുസ്‌ലിം സമൂഹത്തിലുണ്ടാക്കുന്ന ഭീതി ചെറുതല്ലതാനും. ഈ ഭീതി മുസ്‌ലിംകളെ ‘ഒരു തരം രണ്ടാം തരം പൗരത്വ’ത്തിലേക്ക് തള്ളിവിടുകയായിരിക്കും ഉണ്ടാവുക. ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്‍മാര്‍ എന്ന നിലയില്‍ പൊതുജീവിതത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന മുസ്‌ലിം സമൂഹത്തെ തീര്‍ത്തും ദുര്‍ബലമാക്കാന്‍ ഇതുപോലെയുള്ള ആസൂത്രിത നീക്കങ്ങള്‍ വളരെ സഹായകമായിരിക്കുമെന്ന് തീര്‍ച്ച. ഈ ‘ന്യൂനപക്ഷ അരക്ഷിതാവസ്ഥ’യില്‍ തന്നെയാണ് ബി.ജെ.പിയുടെ കണ്ണ്. അതുണ്ടാക്കിയേക്കാവുന്ന ‘ഭൂരിപക്ഷ പിന്തുണ’യിലും. അതായത് കശ്മിരിലെ നടപടികള്‍കൊണ്ട് അവിടെ മാത്രമല്ല ബി.ജെ.പി കളിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിം ഭൂരിപക്ഷത്തെ രാഷ്ട്രീയമായി ദുര്‍ബലവും നിര്‍വീര്യവുമാക്കാനുള്ള യുദ്ധത്തിലെ ആദ്യ വെടിയാണ് കശ്മിര്‍. പ്രത്യക്ഷത്തില്‍ കശ്മിരിലെ മുസ്‌ലിംകളുമായി ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെ മുസ്‌ലിംകള്‍ക്ക് വിശേഷിച്ച് യാതൊരു ‘ഐഡന്റിഫിക്കേഷനും'(വ്യക്തിത്വപ്പൊരുത്തം) ‘എംപതിയും’ (സഹജാവബോധം) ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ പോലും.
 
നെഹ്‌റുവെന്ന ഉന്നം
 
കശ്മിര്‍ നടപടിയെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളില്‍ മറ്റൊരു ലക്ഷ്യം കൂടി ഒളിഞ്ഞിരിപ്പുണ്ട്-അത് തികച്ചും പ്രായോഗികതലത്തില്‍ വര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ സൂത്രമാണ്. നെഹ്‌റു കുടുംബത്തിനെതിരായുള്ള പ്രചാരണങ്ങള്‍ ഈ നേതാക്കള്‍ തങ്ങളുടെ എല്ലാ അഭിപ്രായ പ്രകടനങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. 370-ാം വകുപ്പ് ജവഹര്‍ലാല്‍ നെഹ്‌റു മുന്‍കൈയെടുത്ത് ഉണ്ടാക്കിയെടുത്തതാണെന്നാണ് പറയുന്നത്. ഈ വകുപ്പ്‌കൊണ്ട് മൂന്നു കുടുംബങ്ങള്‍ക്ക് മാത്രമേ ഗുണമുണ്ടായിട്ടുള്ളൂ എന്നും പറയുന്നു. നെഹ്‌റുവിന്റെ നയ വൈകല്യവും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഒരു രാജ്യത്തിന്റെ താല്‍പര്യങ്ങളെ ബലികഴിപ്പിക്കാന്‍ പ്രേരകമായി എന്ന  മട്ടിലാണ് പ്രചാരണങ്ങള്‍. കശ്മിരി വേരുകളുള്ള നെഹ്‌റു കുടുംബവും ശൈഖ് അബ്ദുല്ലയുടെ കുടുംബവും തമ്മിലുള്ള  പരസ്പര ബന്ധത്തിലേക്കു കൂടി ഒളിയമ്പുകള്‍ പായിച്ചുകൊണ്ടാണ് ബി.ജെ.പിയുടെ പ്രചാരണങ്ങള്‍. കുറേക്കൂടി തെളിച്ചുപറഞ്ഞാല്‍ നെഹ്‌റു കുടുംബത്തിന്റെ ജനപ്രീതിക്കു മങ്ങലേല്‍പിക്കുക എന്ന ചുമതല കൂടി ഈ വിഷയവുമായി ബന്ധപ്പെട്ട് മോദിയും ഷായും ഏറ്റെടുത്തിരിക്കുന്നു. അതിനു പിന്നിലുമുണ്ട് വ്യക്തമായ രാഷ്ട്രീയം. കോണ്‍ഗ്രസ് ഇന്ന് നാഥനില്ലാക്കളരിയായി മാറിയിരിക്കാം; അതിന്റെ സംഘടനാപരമായ അടിത്തറ തകര്‍ക്കാന്‍ ഒരതിരുവരെ  ബി.ജെ.പിയ്ക്ക് സാധിക്കുന്നുമുണ്ടാവാം.  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നുണ്ട് താനും-ഇങ്ങനെയൊക്കെയാണെങ്കിലും കോണ്‍ഗ്രസ് തന്നെയാണ് ബി.ജെ.പി.യുടെ എന്നത്തേയും മുഖ്യ ശത്രു. കോണ്‍ഗ്രസിന് ഇപ്പോഴും രാജ്യത്ത് പലേടത്തും സാമാന്യം നല്ല ജന പിന്തുണയുണ്ട്. ഈ ജനപിന്തുണ ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം; അതിനുള്ള ഏറ്റവും ഫലപ്രദമായ വഴി നെഹ്‌റു കുടുംബത്തിന്റെ ജനസമ്മതി ഇല്ലാതാക്കുക തന്നെയാണ്. നെഹ്‌റു കുടുംബത്തിനു മാത്രമായിരിക്കും ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റവും കൂടുതലായി കോണ്‍ഗ്രസിനെ പുനര്‍ നിര്‍മിക്കുന്നതില്‍ ക്രിയാത്മക പങ്കുവഹിക്കുവാന്‍ കഴിയുക. അപ്പോള്‍ നെഹ്‌റുവിന്റേയും നെഹ്‌റു കുടുംബത്തിന്റേയും പ്രതിഛായയെ അപ-നിര്‍മിക്കുക ബി.ജെ.പിയ്ക്ക് ചരിത്രപരമായി അനിവാര്യമാണ്. കശ്മിരല്ല ഇവിടെയും പ്രശ്‌നം, മറിച്ച് ദേശീയ രാഷ്ട്രീയമാണ്.
 
നിയമവും പ്രശ്‌നം
 
ചരിത്രപരമായി മാത്രമല്ല നിയമപരമായും ഇപ്പോഴത്തെ നടപടിയില്‍ പാളിച്ചകളാണുള്ളത്.  370-ാം വകുപ്പില്‍ മാറ്റം വരുത്തണമെങ്കില്‍ കശ്മിരിലെ ഭരണഘടനാ നിര്‍മാണ സഭയുടെ അനുവാദം വേണം. 1957ല്‍ ഭരണഘടനാ നിര്‍മാണസഭ പിരിച്ചുവിട്ടു; പകരം ജമ്മുകശ്മിര്‍ നിയമസഭ രൂപീകരിക്കപ്പെട്ടു. അതിനാല്‍ നിയമസഭയുടെ അനുവാദമാണ് ഇനി വേണ്ടത്. കഴിഞ്ഞകൊല്ലം ബി.ജെ.പി-പി.ഡി.പി ബന്ധം തകരുകയും ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിയമസഭ പിരിച്ചുവിടുകയും ചെയ്തതോടെ നിയമസഭയും ഇല്ലാതായിട്ടുണ്ട് അപ്പോഴെന്ത് ചെയ്യും. ഗവര്‍ണര്‍ നിയമസഭക്ക് പകരമാവുമോ എന്നതാണ് വിഷയം നിയമസഭ ജനവികാരമാണ് പ്രതിഫലിപ്പിക്കേണ്ടത്; ഗവര്‍ണറുടെ സമ്മതമുണ്ടായാല്‍ അത് ജനങ്ങളുടെ സമ്മതമായി കണക്കാക്കാനാവില്ല എന്ന് പറയുന്ന നിയമ വിദഗ്ധരുണ്ട്; കാര്യങ്ങള്‍ കോടതിയിലെത്തുമ്പോള്‍ എന്തു തീരുമാനമാണുണ്ടാവുക എന്നു കണ്ടറിയുക തന്നെ വേണം. ഏതായാലും ഒരു ചോദ്യം പ്രസക്തമാണ്; അതീവ രഹസ്യമായി സൈനിക മുന്നൊരുക്കം നടത്തിയും, പാര്‍ലമെന്റിനെപ്പോലും നേരത്തെ അറിയിക്കാതെയും മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കിക്കൊണ്ടും വേണമായിരുന്നുവോ കശ്മിരി  ജനതയെ വികസനത്തിന്റെ പാതയിലേക്കു നയിക്കാന്‍ (ബി.ജെ.പി സഹയാത്രികനായ സജ്ജാദ് ലോണ്‍ പോലും തടവിലാണെന്നതാണ് സത്യം). ഇതൊക്കെയാണ് പുതിയ നടപടികള്‍ക്ക് പിന്നില്‍ കശ്മിരിന്നപ്പുറത്തേക്കും നീളുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന തോന്നലിന് അടിസ്ഥാനം.
പ്രത്യേക പദവിയോടുകൂടിയ സംസ്ഥാനം ഒരു രാജ്യത്തിനും അഭികാമ്യമല്ല. പക്ഷേ, രാജ്യതന്ത്രത്തിന്റെ ബഹുസ്വര പാഠങ്ങളില്‍ അതൊരു യാഥാര്‍ഥ്യമാണ്. പല വികസിത രാജ്യങ്ങളിലും സ്വയംഭരണാവകാശങ്ങള്‍ ഏറെ ഉദാരമായാണ് നടപ്പിലാക്കപ്പെടുന്നത്. ഇന്ത്യയില്‍ തന്നെ ഒട്ടേറെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവികളുണ്ട്. പ്രത്യേക ഭരണഘടനയും പ്രത്യേക പതാകയും പ്രത്യേക നിയമ സമ്പ്രദായവും ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തുകൊണ്ട് നാഗാലന്‍ഡുമായി ഉടമ്പടി ഒപ്പുവെച്ചത് ഇതേ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. മിസോറമില്‍ അത്തരം ആവശ്യങ്ങള്‍ പ്രബലമാവുന്നുമുണ്ട്. ഇന്ത്യയിലെ വംശ-വര്‍ഗ-മത വൈവിധ്യങ്ങള്‍ക്കിടയില്‍, പ്രത്യേകാവകാശങ്ങള്‍ അപ്രസക്തമല്ല തന്നെ. എന്നിട്ടും കശ്മിരില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായേക്കാം എന്ന സാധ്യത അവശേഷിപ്പിച്ചുകൊണ്ട് നടത്തിയ പുതിയ നീക്കം എത്രകണ്ട് ന്യായീകരിക്കപ്പെടാം
കേന്ദ്രസര്‍ക്കാരിന്റെ നടപടി കശ്മിരില്‍ ഭീകര പ്രവര്‍ത്തനങ്ങളും വിഘടനവാദവും അവസാനിപ്പിക്കുകയും ഭൂമിയിലെ സ്വര്‍ഗമായ കശ്മിരില്‍ പുതിയ സ്വര്‍ഗ ലോകം സൃഷ്ടിക്കുകയും ചെയ്യുമെങ്കില്‍ നല്ലത്. പകരം അവിടെ ചോരച്ചാലുകള്‍ സൃഷ്ടിക്കാനാണ് നടപടി വഴി വെക്കുന്നതെങ്കില്‍ അത് ഇന്ത്യയും ലോകവും കാണാനിരിക്കുന്ന വലിയ ദുരന്തങ്ങളിലൊന്നായിരിക്കും. അങ്ങനെ ആവാതിരിക്കട്ടെ.
 
 
 
 
 
 
 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.