2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നിര്‍ണായകമായത് ബില്‍കീസ് ബാനുവിന്റെ ഉറച്ച മൊഴി; ഇന്ത്യയില്‍ ഇരയുടെ പേരിലറിയപ്പെടുന്ന ഏക കൂട്ട ബലാല്‍സംഗക്കേസില്‍ നീതിയെത്തിയത് 18 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇരയുടെ പേരിലറിയപ്പെടുന്ന പ്രമാദമായ ഏക കൂട്ടബലാല്‍സംഗക്കേസില്‍ 18 വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ ബല്‍കീസ് ബാനുവിനു നീതി ലഭിച്ചത് സംഘ്പരിവാര്‍ ഭീഷണിക്കു മധ്യേയും മൊഴിയില്‍ ഉറച്ചുനിന്നതിനാല്‍. ഭര്‍ത്താവ് യഅ്കൂബിനെയും കൂട്ടുപിടിച്ചു കീഴ്‌ക്കോടതി മുതല്‍ സുപ്രിംകോടതി വരെ നടത്തിയ നിയമയുദ്ധത്തിന്റെ വിജയം കൂടിയായി അവര്‍ക്ക് 50 ലക്ഷംരൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കാനുള്ള ഇന്നത്തെ സുപ്രിംകോടതി ഉത്തരവ്.

അഞ്ഞൂറോളം പേരടങ്ങുന്ന സംഘപരിവാര അക്രമി സംഘം 2002 മാര്‍ച്ച് മൂന്നിന് ചപ്പര്‍വാദിലെ കൊച്ചുപുര വളഞ്ഞതുമുതലുണ്ടായ സംഭവങ്ങള്‍ വിവരിച്ചു ബല്‍കീസ് നല്‍കിയ മൊഴി സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കുടുംബത്തില്‍ ആകെയുണ്ടായിരുന്ന 17 പേരില്‍ മൂന്നാളുകളെ മാത്രമെ അക്രമികള്‍ ബാക്കിവച്ചുള്ളൂ. ബല്‍കീസും സഹോദരിയും ഉമ്മയും അടക്കം നാലുസ്ത്രീകളും അതില്‍ ഉള്‍പ്പെടും. ഇവരെയെല്ലാവരെയും ആ സംഘം മാറിമാറി ബലാല്‍സംഗം ചെയ്‌തെന്നും അവരുടെ മൊഴിയില്‍ പറയുന്നു.

 

 

 

മൊഴിയുടെ സംക്ഷിപ്ത രൂപം ഇങ്ങിനെ:
രണ്ടുവയസ്സുള്ള മകള്‍ സാലിഹയുടെ രണ്ടുകാലുകളും കൂട്ടിപ്പിടിച്ച് തറയിലടിച്ചാണ് അക്രമികള്‍ കൊന്നത്. അക്രമികള്‍ വരുമ്പോള്‍ എന്റെ കൈയിലായിരുന്നു മകള്‍. ഉടന്‍ അവര്‍ തന്റെ കൈയില്‍ നിന്നും അവളെ പിടിച്ചുവാങ്ങി നിലത്തടിച്ചു കൊന്നു. കുഞ്ഞുശിരസ്സ് ചിതറിത്തെറിച്ചപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. നാലു പ്രായപൂര്‍ത്തിയായ പുരുഷന്‍മാരെ കഴുത്തറുത്തും കൊലപ്പെടുത്തി. ഞാനടക്കമുള്ള നാലുസ്ത്രീകളെയും വിവസ്ത്രരാക്കിയ ശേഷം ഓരോരുത്തരായി വന്ന് സംഘ്പരിവാര്‍ അക്രമികള്‍ മാറിമാറി പീഡിപ്പിച്ചു. ഏതാനും പേര്‍ എന്റെ കൈലുകളും കൈകളും പിടിച്ചുവച്ചു. എന്റെ സഹോദരിയടക്കമുള്ളവരെയും ഇങ്ങനെ ചെയ്താണ് പീഡിപ്പിച്ചത്. അപ്പോഴേക്കും ഏറെക്കുറേ അബോധാവസ്ഥയിലായിരുന്നു ഞാന്‍. കൈവശമുണ്ടായിരുന്ന ഇരുമ്പുദണ്ഡ് കൊണ്ട് വയറിനും കാലുകളിലും അടിച്ചു. മരിച്ചെന്ന് തെറ്റിദ്ധരിച്ചു എന്നെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് അക്രമികള്‍ പോയി. ആക്രമണം അഴിച്ചുവിടുമ്പോള്‍ നിന്ദ്യമായ പദപ്രയോഗങ്ങളും അവര്‍ നടത്തി. ബോധം തിരിച്ചുകിട്ടുമ്പോഴേക്കും നാലഞ്ചുമണിക്കൂര്‍ ആയിരുന്നു. അപ്പോള്‍ പൂര്‍ണ വിവസ്ത്രയായിരുന്നു ഞാന്‍. ഒരുദിവസത്തിലേറെ ഭക്ഷണമൊന്നും ലഭിക്കാതെ ആ കാട്ടില്‍ തന്നെ കഴിഞ്ഞു. മരിക്കാന്‍ ഏറെ ആഗ്രഹിച്ച സമയമായിരുന്നു അത്. ഏറെപണിപ്പെട്ട് തൊട്ടടുത്തുള്ള കോളനിയിലെത്തി ഹിന്ദുപേര് പറഞ്ഞ് അവിടെ അഭയം തേടി.

കലാപം ഏറെക്കുറേ അണഞ്ഞ ശേഷം അവര്‍ പൊലിസില്‍ പരാതി നല്‍കി. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് പൊലിസില്‍ നിന്ന് തനിക്കു നീതിലഭിക്കില്ലെന്നു മനസ്സിലാക്കിയ ബല്‍കീസ് പിന്നീട് ഭര്‍ത്താവിന്റെയും ടീസ്റ്റാ സെത്തല്‍വാദ് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സഹായത്തോടെ നടത്തിയത് ഇന്ത്യന്‍ നിയമചരിത്രത്തിലെ ഐതിഹാസിക പോരാട്ടമായിരുന്നു. ഹിജാബ് ധരിച്ച്, വലതു ഭാഗത്ത് ഭര്‍ത്താവിനെയും മടിയില്‍ പിഞ്ചുകുഞ്ഞിനെയും ഇരുത്തി വാര്‍ത്താമാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ബല്‍കീസ് ബാനുവിന്റെ ധീരത കലാപ ഇരകള്‍ക്ക് എന്നും പ്രചോദനമായി നിലകൊള്ളും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.