2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

പകര്‍ച്ചപ്പനിക്ക് ഹോമിയോപ്പതി ഫലപ്രദം

ഡോ.ബാസില്‍ യൂസുഫ് പാണ്ടിക്കാട്

 

മഴക്കാലം പനിക്കാലമായി മാറിയിട്ട് കാലമേറെയായി. തോട്ടിലും കുളത്തിലും ഓടിനടന്ന കുട്ടികള്‍ ഒപിയിലും വാര്‍ഡുകളിലും തളര്‍ന്ന് കിടക്കുന്ന അവസ്ഥയാണിന്ന്. സാധാരണ ജലദോഷപ്പനിയില്‍ തുടങ്ങി കേട്ടുകേള്‍വി ഇല്ലാത്ത പനികള്‍ വരെ ഇന്ന് വ്യാപകമായിരിക്കുന്നു.
ശരീരോഷ്മാവ് അസാധാരണമായി ഉയരുന്നതുമൂലം ശരീരത്തിലുണ്ടാകുന്ന അസുഖങ്ങളെ ഒറ്റവാക്കില്‍ പനി എന്നു വിളിക്കാവുന്നതാണ്. ബാക്ടീരിയ, വൈറസ്, പാരസൈറ്റുകള്‍ എന്നിവയുടെ അണുബാധ മൂലമാണ് ടൈഫോയിഡ്, ജലദോഷപ്പനി, ഡെങ്കി, മലേറിയ തുടങ്ങിയ പനികള്‍ ഉണ്ടാകുന്നത്. എന്നാല്‍, ക്യാന്‍സര്‍, ഡീപ്പ് വെയിന്‍ ത്രോംബോസിസ്, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ മൂലവും പനി ഉണ്ടാകാറുണ്ട്.

 

മഴക്കാലത്ത് എന്തുകൊണ്ട്

 

വെള്ളം കെട്ടിക്കിടക്കുന്നതും മലിനജലം നിറയുന്നതും മഴക്കാലത്താണല്ലോ. നമ്മള്‍ വലിച്ചെറിയുന്ന കുപ്പി, പഴയ പാത്രങ്ങള്‍, പാട്ട, ചിരട്ട, ടയര്‍ എന്നിവിടങ്ങളിലും ഓടയിലും മലിനജലം കെട്ടിക്കിടന്ന് അവയില്‍ കൊതുകുകള്‍ പെറ്റുപെരുകാന്‍ ഇടയാകുന്നു. രോഗവാഹകരായ ഈ കൊതുകുകള്‍ ഒരാളില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് എത്തിക്കും. ഇതാണ് മഴക്കാലത്ത് പകര്‍ച്ചപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ പരക്കാന്‍ കാരണം.

 

പനിയുടെ സാമ്പത്തിക ശാസ്ത്രം

 

നമ്മുടെ നാട്ടില്‍ സ്‌കൂള്‍ തുറക്കുന്നതും മഴയുണ്ടാകുന്നതും ഏതാണ്ട് ഒരുപോലെയാണല്ലോ. ശരാശരി മലയാളിയെ സംബന്ധിച്ച് ഏറ്റവും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സമയമാവും ഇത്. മാത്രമല്ല, കൂലിവേല ചെയ്യുന്നവര്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും മറ്റും ജോലി കുറഞ്ഞ വറുതിയുടെ സമയം കൂടിയാണിക്കാലം.
ഇതിനാല്‍ത്തന്നെ, ദിവസവേതനക്കാര്‍ ചെറിയ പനിയുണ്ടെങ്കിലും അതവഗണിച്ച് ജോലി ചെയ്യാറുണ്ട്. ഇതിനാല്‍ വലിയ ചികിത്സയില്ലാതെ മാറിയേക്കാവുന്ന പനി ചിലപ്പോള്‍ ഗൗരവമായി മാറാറുണ്ട്. മാത്രമല്ല, ആശുപത്രികളിലും ഡോക്ടര്‍മാരുടേതുമായ ചെലവുകള്‍ ഭയന്ന് സ്വയം ചികിത്സയില്‍ അഭയം തേടുന്നതും അപകട വ്യാപ്തി വര്‍ധിപ്പിച്ചേക്കാം.

 

ഹോമിയോപ്പതി വൈദ്യശാസ്ത്രം

 

18ാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ ഉദയം ചെയ്ത വൈദ്യശാസ്ത്ര ശാഖയാണ് ഹോമിയോപ്പതി. ജര്‍മന്‍ ഭിഷഗ്വരനായ ഡോ.ക്രിസ്ത്യന്‍ ഫ്രഡറിക് സാമുവല്‍ ഹാനിമാനാണ് ഈ ചികിത്സാ രീതിയുടെ പിതാവ്. രോഗിയുടെ ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ പരിഗണിച്ചാണ് ഹോമിയോപ്പതിയില്‍ ചികിത്സ നിര്‍ണയിക്കുന്നത്. ഓരോ മനുഷ്യരിലേയും സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഹോമിയോ ഔഷധങ്ങള്‍ സഹായിക്കുന്നു. അതുകൊണ്ട് രോഗചികിത്സ പോലെതന്നെ ഹോമിയോ പ്രതിരോധ മരുന്നുകളും ഏറെ ഫലപ്രദമാണ്.

 

ഹോമിയോപ്പതി ദ്രുതകര്‍മവിഭാഗം

 

കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ റീച്ച് അഥവാ റാപ്പിഡ് ആക്ഷന്‍ എപിഡെമിക് കണ്‍ട്രോള്‍ സെല്‍, ഹോമിയോപ്പതി എന്ന ഒരു വിഭാഗം തന്നെയുണ്ട്. പകര്‍ച്ചവ്യാധികളെ ഹോമിയോ ചികിത്സകൊണ്ട് പരമാവധി നിയന്ത്രിക്കുന്ന ഈ വിഭാഗം പകര്‍ച്ചവ്യാധി പിടിപെട്ട മേഖലകളില്‍ പ്രതിരോധ മരുന്നു നല്‍കാനും മെഡിക്കല്‍ ക്യാമ്പുകളും രോഗ നിവാരണവും നടത്താനും മുന്നിട്ടിറങ്ങുന്നു.
ഇതുകൂടാതെ സംസ്ഥാന ഹോമിയോവകുപ്പിന് കീഴിലെ എല്ലാ ഹോമിയോ ആശുപത്രികളിലും ഹോമിയോ മെഡിക്കല്‍ കോളജുകളിലും കിടത്തി ചികിത്സയ്ക്കുള്ള സൗകര്യം സൗജന്യമാണ്. എല്ലാ ഹോമിയോ ഡിസ്‌പെന്‍സറികളിലും ദേശീയ ആരോഗ്യദൗത്യത്തിന് കീഴിലെ ഡിസ്‌പെന്‍സറികളിലും പ്രതിരോധ മരുന്നും ചികിത്സയും സൗജന്യമാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.