2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘എന്തുകൊണ്ട് മോദിയെ ആലിംഗനം ചെയ്തു?’- ഇതിനുള്ള രാഹുലിന്റെ മറുപടിയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് വിദ്യാര്‍ഥികള്‍

2014 ല്‍ മോദിയോട് മത്സരിച്ച രാഹുല്‍ ഗാന്ധിയല്ല 2019 ല്‍ മോദിയെ എതിരിടുന്ന രാഹുല്‍ ഗാന്ധിയെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ അടക്കം പറയുന്നത്. അത് അന്വര്‍ഥമാക്കുന്ന നിരവധി പ്രസംഗങ്ങളും ഇടപെടലുകളും രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഈയിടെയുണ്ടാവുകയും ചെയ്തിരുന്നു.

ബുധനാഴ്ച ചൈന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജില്‍ 3000 വിദ്യാര്‍ഥികളുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദ പരിപാടിയാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ചചെയ്യുന്നത്. കശ്മീര്‍ വിഷയത്തിലെ നയം മുതല്‍ റോബര്‍ട്ട് വാദ്ര വരെയുള്ള വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും സൗമ്യമായ മറുപടി. ആരെയും പരിഹസിക്കാതെ, ആക്ഷേപിക്കാതെ.

വിദ്യാര്‍ഥികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതും ഹൈലൈറ്റും എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്റില്‍ ആലിംഗനം ചെയ്തുവെന്ന ചോദ്യമാണ്. അതിന് രാഹുല്‍ ഗാന്ധി നല്‍കിയ ഉത്തരം തങ്ങളെ വല്ലാതെ ആകര്‍ഷിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

 

എന്തുകൊണ്ട് മോദിയെ ആലിംഗനം ചെയ്തുവെന്ന ചോദ്യത്തിന് രാഹുല്‍ നല്‍കിയ മറുപടി:

സ്‌നേഹമാണ് എല്ലാ മതത്തിന്റെയും അടിസ്ഥാനം. ഞാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട് പാര്‍ലമെന്റില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹം വളരെ ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടു. എന്നെയും കോണ്‍ഗ്രസിനെയും ഒന്നും ചെയ്യാത്തവരെന്നു പറഞ്ഞു. എന്റെ അച്ഛന്‍ ക്രൂരനായിരുന്നു, എന്റെ അമ്മ ക്രൂരയായിരുന്നു, എന്റെ മുത്തച്ഛന്‍, മുത്തച്ഛി എല്ലാവരെയും ക്രൂരരെന്നു പറഞ്ഞു. അങ്ങനെ പോവുകയാണ്.

എന്നാല്‍ എനിക്ക് അപ്പോള്‍ ഉള്ളില്‍ അദ്ദേഹത്തോടു സ്‌നേഹമാണു തോന്നിയത്. ലോകത്തിന്റെ ഭംഗി കാണാന്‍ പറ്റാത്ത ഒരാളായതു കൊണ്ടാണ് എനിക്ക് സ്‌നേഹം തോന്നിയത്.എല്ലാവരോടും രോഷം പ്രകടിപ്പിക്കുന്ന ഒരാള്‍ വേണ്ടത്ര സ്‌നേഹം കിട്ടാതെ അസ്വസ്ഥനായ ആളായിരിക്കും. എന്തെല്ലാമോ കാരണങ്ങളാല്‍ മോദിജിക്കു സ്‌നേഹം കിട്ടാത്തതു കൊണ്ടാണ് അദ്ദേഹം ഇത്ര രോഷാകുലനാവുന്നതെന്ന് എനിക്കു തോന്നി. അതു കൊണ്ടാണ് എന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തത്.

 

2014ല്‍ തെരഞ്ഞെടുപ്പു തോറ്റതാണ് എന്റെ ജീവിതത്തിലുണ്ടായ എന്റെ ഏറ്റവും വലിയ പാഠം. എങ്ങനെ വിനയത്തോടെയും സൗമ്യമായും കാര്യങ്ങളെ സമീപിക്കണമെന്നു ഞാന്‍ പഠിച്ചു. എന്നെ അതു പഠിപ്പിച്ചത് മോദിജിയാണ്. അദ്ദേഹം എനിക്കെതിരെ നടത്തിയ എല്ലാ ആക്രമണങ്ങളും എന്നെ കൂടുതല്‍ സമചിത്തതയോടെ പ്രതികരിക്കാന്‍ പഠിപ്പിച്ചു. നിങ്ങളെ പഠിപ്പിക്കുന്ന ഒരാളോടു നിങ്ങള്‍ക്കു വെറുപ്പുണ്ടാകുമോ? വെറുപ്പോടെ പെരുമാറുന്ന ഒരാളോട് അതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് ഒന്നും പഠിക്കാനാവില്ല. നിങ്ങളും അയാളും തമ്മില്‍ വ്യത്യാസമുണ്ടാകില്ല. അതു കൊണ്ട് പക്വതയോടെയും സ്‌നേഹത്തോടെയും പെരുമാറാന്‍ മോദിജിയുടെ പെരുമാറ്റം എന്നെ സഹായിച്ചു.

(വീഡിയോയുടെ 1:09:00 മുതല്‍ ഈ ചോദ്യവും മറുപടിയും കാണാം)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.