2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കാറ്റുവിതച്ച ഹിന്ദുത്വരാഷ്ട്രീയം കൊടുങ്കാറ്റ് കൊയ്യുമോ?

എ.പി കുഞ്ഞാമു

മഹാരാഷ്ട്രയില്‍ കുറച്ചുദിവസംമുമ്പ് ദലിത്-മറാത്താ വിഭാഗക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ അലയൊലി പൂര്‍ണമായും അവസാനിച്ചിട്ടില്ല. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ദലിതുകള്‍ മുഖ്യധാരയുമായി കലഹിച്ചുകൊണ്ടിരിക്കുകയാണ്. ഇരുസംസ്ഥാനങ്ങളും ഭരിക്കുന്നതു ബി.ജെ.പിയാണ്. കേന്ദ്രത്തിലും സംഘ്പരിവാര്‍ ഭരണമാണ്. ഈ പശ്ചാത്തലം മുന്‍നിര്‍ത്തി വിലയിരുത്തുമ്പോള്‍ രണ്ടിടത്തും അധഃസ്ഥിതസമൂഹം അസ്വാസ്ഥ്യത്തോടെയാണു ജീവിക്കുന്നതെന്നും അതിനു നിമിത്തമാവുന്നതു ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പല തലത്തിലുള്ള പരാജയങ്ങളാണെന്നും തിരിച്ചറിയും.
ദേശാഭിമാനപ്രചോദിതരാക്കിയും ഭാരതീയതയെന്ന പൊതുവികാരമുണര്‍ത്തിയും ജനങ്ങളെ ഏകോപിപ്പിക്കാമെന്ന ബി.ജെ.പിയുടെ രാഷ്ട്രീയനയം വേണ്ടവിധം ഏശുന്നില്ലെന്നില്ല. എന്നു മാത്രമല്ല അവ ഭിന്നിപ്പിന്റെ വിത്തിടുകകൂടി ചെയ്യുകയാണ്. രാജ്യസ്‌നേഹത്തിന്റെയും ദേശീയബോധത്തിന്റെയും മുദ്രാവാക്യങ്ങള്‍ ഉദ്‌ഘോഷിച്ചാണു കാവിരാഷ്ട്രീയം ആളെക്കൂട്ടുന്നത്. ന്യൂനപക്ഷങ്ങളുടെ മേല്‍, വിശേഷിച്ചു മുസ്‌ലിംകളുടെ മേല്‍, അപരത്വം അടിച്ചേല്‍പിച്ചു ഭാരതീയതാ സങ്കല്‍പ്പത്തെ ഹിംസാത്മകമാക്കുകയാണു ബി.ജെ.പി.
തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ രാജ്യത്തിന്റെ പൊതുധാരയില്‍ നിന്നു പുറത്താക്കാനാണു ശ്രമം. അതിന്റെ ഭാഗമായി ഹിന്ദുത്വരാഷ്ട്രീയത്തെ ജാതി,വര്‍ഗ,വംശഭേദങ്ങള്‍ മറികടന്ന് ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. സവര്‍ണരെയും അവര്‍ണരെയും ഹിന്ദുത്വപ്ലാറ്റ്‌ഫോമില്‍ ഒരുമിച്ചു നിര്‍ത്തുന്ന തന്ത്രമാണിത്. പക്ഷേ, ഈ തന്ത്രം അടുത്തകാലത്തായി ഫലിക്കുന്നില്ലെന്നു മാത്രമല്ല, ജനങ്ങള്‍ കൂടുതല്‍ വിഭജിക്കപ്പെടുന്ന തരത്തില്‍ അതിന് അപചയം സംഭവിക്കുകയും ചെയ്തിരിക്കുകയാണ്.
ബി.ജെ.പി വരുംകാലങ്ങളില്‍ നേരിടാന്‍ പോവുന്ന ഏറ്റവും വലിയ വെല്ലുവിളി ഈ ആഭ്യന്തരസംഘര്‍ഷമായിരിക്കും. ഇന്ത്യയുടെ ഏകതയെ ഏറ്റവുമധികം ബാധിക്കുന്ന അപകടവും അതായിരിക്കും. ഭാരതീയതയ്ക്കുവേണ്ടി ഏറ്റവും ശക്തമായി വാദിക്കുന്ന പാര്‍ട്ടിതന്നെയാണു ഭാരതത്തിന്റെ ശൈഥില്യത്തിലും കാര്‍മികത്വം വഹിക്കുന്നതെന്നതാണ് ഈ പ്രക്രിയയിലെ പ്രകടമായ വൈരുധ്യം.

സാമുദായികവിഭജനത്തിലൂടെ നേട്ടം
മഹാരാഷ്ട്രയിലുണ്ടായ ദലിത്-മറാത്താ സംഘട്ടനങ്ങളുടെ സൂക്ഷ്മാപഗ്രഥനം ഈ നിഗമനങ്ങളെ ബലപ്പെടുത്തുന്നു. മഹാരാഷ്ട്ര ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ്. കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ശിവസേനയുടെയും ജനകീയാടിത്തറയെ അതിശീഘ്രം മറികടന്നു ബി.ജെ.പി സ്വന്തം സ്വാധീനശക്തി വര്‍ധിപ്പിക്കുന്നതാണ് അവിടെ നാം കാണുന്നത്. ഹിന്ദുത്വവാദത്തിന്റെ അടിസ്ഥാനഘടകങ്ങളായ ഗോസംരക്ഷണം, വെജിറ്റേറിയനിസം, അന്യസംസ്‌കാരങ്ങളോടുള്ള പൊരുത്തപ്പെടായ്മ, അഹിന്ദുക്കളുടെ അപരവല്‍ക്കരണം തുടങ്ങിയ എല്ലാ ഉപായങ്ങളും ഇതിനുവേണ്ടി ബി.ജെ.പി ഉപയോഗിക്കുന്നു.
മത-സാമുദായികതയുടെ വിഭജനം സൃഷ്ടിച്ചുകൊണ്ടാണു ബി.ജെ.പി സ്വാധീനമുറപ്പിക്കുന്നത്. ഹിന്ദുത്വബോധമാണ് അതിന്റെ അടിത്തറ. ഹിന്ദുത്വബോധത്തിന്റെ പല കള്ളികളിലായി മറാത്താസ്വത്വബോധം, ദലിത്‌സ്വത്വബോധം, ബ്രാഹ്മണ സ്വത്വബോധം തുടങ്ങിയവയൊക്കെ ബി.ജെ.പി അടുക്കിവച്ചു. എല്ലാം കൂടിച്ചേരുമ്പോള്‍ ‘ഗര്‍വ് സെ കഹോ, ഹം ഹിന്ദു ഹൈ’ എന്ന മുദ്രാവാക്യം ഉയരുകയായി. ഇതു ബി.ജെ.പി ജനപിന്തുണ സൃഷ്ടിച്ചെടുക്കുന്നതിന്റെ സാമാന്യരൂപമാണ്.
ഹൈന്ദവതീവ്രതയിലധിഷ്ഠിതമായ സങ്കുചിതരാഷ്ട്രീയം മാറ്റിവച്ചാല്‍ പിന്നെ ബി.ജെ.പിക്കുള്ളതു കുത്തകകളെ വളര്‍ത്തുന്ന സാമ്പത്തികനയമാണ്. കോര്‍പറേറ്റുകളോടു വളരെ ഉദാരമായ നയമാണു പുലര്‍ത്തുന്നത്. വന്‍കുത്തകകള്‍ വളരാനുള്ള സാഹചര്യമൊരുക്കുന്നതാണ് അവരുടെ സാമ്പത്തികനയം. ഈ നയങ്ങള്‍ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ സാധാരണ കൃഷിക്കാരും ചെറുകിട കച്ചവടക്കാരും കൈത്തൊഴിലുകളിലേര്‍പ്പെട്ടു ജീവിക്കുന്നവരുമൊക്കെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു.
സര്‍ക്കാരിന്റെ സഹായം നിര്‍ലോഭം ലഭിച്ചാലേ അവര്‍ക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവൂ. സഹായപദ്ധതികള്‍, തൊഴില്‍സംവരണം തുടങ്ങിയവയ്ക്കുവേണ്ടിയുള്ള ആവശ്യങ്ങളുന്നയിച്ചു വിവിധസമുദായക്കാര്‍ രംഗത്തിറങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. ഉദാരവല്‍ക്കരണംമൂലം വരുമാനസ്രോതസ്സുകള്‍ അടഞ്ഞുപോയ പല സമുദായക്കാരും ഇന്ന് ഇന്ത്യയിലുടനീളം സംവരണത്തിനുവേണ്ടിയുള്ള സമരത്തിലാണ്. കേരളത്തില്‍പ്പോലും മുന്നോക്കസമുദായത്തിലെ പിന്നോക്കക്കാര്‍ക്കു വേണ്ടി സംവരണം ഏര്‍പ്പെടുത്തേണ്ടിവരുന്നത് അങ്ങനെയാണ്.
താരതമ്യേന മുന്നോക്കാവസ്ഥയില്‍ കഴിയുന്ന ഗുജ്ജര്‍ വംശക്കാരും പട്ടീദാര്‍മാരും മറാത്തകളുമെല്ലാം പിന്നോക്കക്കാര്‍ക്കുള്ള സംവരണം തങ്ങള്‍ക്കും വേണമെന്നാവശ്യപ്പെടുന്നത് ഉദാരവല്‍ക്കരണം സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതബോധം മൂലമാണ്. സംവരണമാവശ്യപ്പെടുന്ന മറാത്താസമുദായക്കാരുടെ ‘ശത്രുപട്ടിക’യിലുള്ളതു നേരത്തേതന്നെ സംവരണാനുകൂല്യം അനുഭവിച്ചുവരുന്ന ദലിതരാണ്. വോട്ട്ബാങ്കെന്ന നിലയില്‍ മഹാരാഷ്ട്രയില്‍ മറാത്തകളെയും ഗുജറാത്തില്‍ പട്ടീദാര്‍മാരെയും പ്രീതിപ്പെടുത്തുന്ന ബി.ജെ.പി ദലിത്‌വിരോധത്തിനു പരോക്ഷമായി ഇന്ധനംപകരുകയാണു ചെയ്യുന്നത്.
ഗുജറാത്തില്‍ ബി.ജെ.പിയും നരേന്ദ്രമോദിയും ഗുജറാത്തിത്വബോധം വളര്‍ത്തിയാണു തെരഞ്ഞെടുപ്പു നേരിടാറുള്ളത്. ഈ ബോധത്തിന്റെ വേരുകള്‍ ഹിന്ദുത്വത്തില്‍ കുടികൊള്ളുന്നുവെന്നു സൂക്ഷ്മവിശകലനത്തില്‍ മനസിലാക്കാം. അങ്ങനെയാണ് അഹമ്മദാബാദിലെ ഷാപ്പൂര്‍ സ്വദേശിയായ അശോക് മാച്ചിയെപ്പോലെയുള്ള നിരവധി ദലിത്-പിന്നോക്കജാതിക്കാര്‍ 2002 ലെ ഗുജറാത്ത് കലാപകാലത്ത് മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ മുന്‍നിരയില്‍ നിന്നത്. (അക്കാലത്ത് എ.എഫ്.പിയുടെ ഫോട്ടോഗ്രാഫര്‍ സെബാസ്റ്റ്യന്‍ ഡിസൂസ പകര്‍ത്തിയ രോഷാകുലനായ അശോക് മാച്ചിയുടെ ചിത്രം ഗുജറാത്തില്‍ അരങ്ങേറിയ ഹിന്ദുഭീകരാക്രമണത്തിന്റെ പ്രതീകമായി ആഗോള മാധ്യമരംഗത്തു ശ്രദ്ധിക്കപ്പെട്ടിരുന്നത് ഓര്‍ക്കുക.)
മുസ്‌ലിം അപരര്‍ക്കെതിരായുള്ള ഹിന്ദുഐക്യമാണു ബി.ജെ.പി സ്ഥാപിച്ചത്. പട്ടേല്‍മാരുടെ പിന്തുണ ബി.ജെ.പിക്കു കൃത്യമായി ലഭിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരു സമര്‍ത്ഥമായി അവര്‍ ഉപയോഗപ്പെടുത്തി. സാമ്പത്തികാവശ്യങ്ങളുന്നയിച്ചു ഹാര്‍ദിക് പട്ടേല്‍ ഈ സംവിധാനം തകര്‍ത്ത വേളയില്‍ പാകിസ്താനെന്ന ശത്രുവിന്റെ പ്രതിച്ഛായ പൊലിപ്പിച്ചുകാട്ടിയാണു ബി.ജെ.പി തെരഞ്ഞെടുപ്പു നേരിട്ടത്. മുസ്‌ലിം വിരോധം ശരിക്കും ക്ലിക്ക് ചെയ്‌തെന്നു തന്നെയാണു ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഒരുവിധം കടന്നുകൂടാന്‍ ബി.ജെ.പിക്ക് സാധിച്ചതില്‍നിന്നു വ്യക്തമാവുന്നത്.

മറാത്താരാഷ്ട്രീയത്തിന്റെ ഹിന്ദുത്വമുഖം
എന്നാല്‍, മഹാരാഷ്ട്രയില്‍ ജാതിരാഷ്ട്രീയത്തെ ഹിന്ദുത്വം കൈകാര്യം ചെയ്യുന്നതു നേരിട്ടുതന്നെയാണ്. മറാത്താ രാജാക്കന്മാരും മുഗളരും തമ്മില്‍ പതിറ്റാണ്ടുകളോളം നടന്ന യുദ്ധങ്ങള്‍ സ്വാഭാവികമായും മറാത്താ ജനസമൂഹത്തില്‍ ഒരുതരം മുസ്‌ലിം വിരുദ്ധത സൃഷ്ടിച്ചിട്ടുണ്ട്. ശിവജിയുടെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടി ഈ അകല്‍ച്ച വര്‍ധിപ്പിക്കാനും അതില്‍നിന്നു രാഷ്ട്രീയമുതലെടുപ്പു നടത്താനുമാണു ശിവസേനയ്‌ക്കൊപ്പം ബി.ജെ.പിയും എക്കാലത്തും ശ്രമിച്ചത്. ശിവസേന മുംബൈ നഗരത്തില്‍ ഒതുങ്ങി. മഹാരാഷ്ട്രയുടെ ഇതരമേഖലകളിലെ മറാത്താസമൂഹം ബി.ജെ.പിയെ തുണച്ചു.
നാഗ്പൂര്‍, പൂനെ തുടങ്ങിയ ആര്‍.എസ്.എസ് സ്വാധീനപ്രദേശങ്ങളില്‍ കാവിരാഷ്ട്രീയത്തിന്റെ അടിത്തറ ഈ സമൂഹത്തിന്റെ ഹിന്ദുത്വബോധത്തിലാണു കെട്ടിപ്പൊക്കിയത്. ഏതാനും വര്‍ഷങ്ങളായി ഈ സമൂഹത്തിലും അരക്ഷിതബോധം വളര്‍ന്നിട്ടുണ്ട്. സംവരണം വേണമെന്നാണു മറാത്താസമൂഹത്തിന്റെ ആവശ്യം. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കു കടുത്ത ശിക്ഷ വിധിക്കുന്ന നിലവിലെ നിയമത്തില്‍ അയവു വരുത്തണമെന്ന ആവശ്യവും മറാത്താസമൂഹം ഉന്നയിക്കുന്നു.
ഹിന്ദുത്വരാഷ്ട്രീയം അതതിടത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചു പരസ്യമായും രഹസ്യമായും ഈ ആവശ്യത്തെ പിന്തുണക്കുന്നുണ്ട്. തങ്ങളുടെ വോട്ട്ബാങ്കായ മറാത്താസമൂഹത്തെ കൈയൊഴിയാന്‍ ബി.ജെ.പിക്കു കഴിയില്ല. മുസ്‌ലിം-ദലിത് വിരോധമെന്ന പൊതുവികാരത്തിന്റെ പേരില്‍ ഇരുകൂട്ടരും യോജിക്കുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഇത് ദലിതുകളുമായുള്ള അകല്‍ച്ചയുടെ വന്‍മതിലുയര്‍ത്തി. ദേവേന്ദ്ര ഫഡ്‌നാവിസ് ഭരണകൂടത്തിന്റെ നയങ്ങള്‍ ഈ വിടവു വര്‍ധിപ്പിച്ചു.
മറാത്തകളും ദലിതുകളും തമ്മില്‍ ജനുവരി ഒന്നിനു പൂനെയ്ക്കടുത്ത ഭീമ-കൊരെഗാവില്‍വച്ചു നടന്ന സംഘട്ടനം ഈ സാഹചര്യങ്ങളൊക്കെ കൂടിച്ചേര്‍ന്നു വരുത്തിവച്ച ദുരന്തത്തിന്റെ ഭാഗമാണ്. തുടര്‍നടപടി കൈക്കൊള്ളുന്നതില്‍ ഫഡ്‌നാവിസിന്റെ ബി.ജെ.പി ഗവണ്‍മെന്റിനു പറ്റിയ പാളിച്ചകള്‍ അതിഗുരുതരമായ സാമൂഹ്യാഘാതമാണു സൃഷ്ടിച്ചിട്ടുള്ളത്. ജനുവരി രണ്ടിനു ദലിതു സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദില്‍ മുംബൈ മെട്രോപൊളിറ്റന്‍ മേഖലകള്‍, നാഗ്പൂര്‍, പൂനെ തുടങ്ങിയ നിരവധി പ്രദേശങ്ങള്‍ തികച്ചും നിശ്ചലമായി എന്നത് ദലിതു വിഭാഗങ്ങളുടെ മനസ്സിലേറ്റ മുറിവിന്റെ ആഴമാണു സൂചിപ്പിക്കുന്നത്. മറാത്താസമൂഹത്തെ കൂടെനിര്‍ത്തുകയെന്ന ബി.ജെ.പി നയം ദലിതരുടെ അരക്ഷിതബോധം വര്‍ധിപ്പിക്കുകേയയുള്ളൂ.
1818 ജനുവരി ഒന്നിനു നടന്ന യുദ്ധത്തില്‍ പേഷ്വാ ബാജിറാവു രണ്ടാമന്റെ വളരെയധികം ആള്‍ബലമുള്ള സൈന്യത്തെ കോരെഗാവില്‍വച്ച് എണ്ണത്തില്‍ കുറവായ ഈസ്റ്റ് ഇന്ത്യാ കമ്പനി സൈന്യം തോല്‍പ്പിച്ചിരുന്നു. കമ്പനി സൈന്യത്തില്‍ അഞ്ഞൂറോളം പേര്‍ ദലിത് വിഭാഗത്തില്‍പ്പെട്ട മഹറുകളായിരുന്നു. മഹറുകളെ പേഷ്വാ സ്വന്തം സൈന്യത്തില്‍ ചേര്‍ക്കാത്തതുമൂലമാണ് അവര്‍ ഇംഗ്ലീഷുകാര്‍ക്കൊപ്പം പോയത്. മഹറുകളുടെ ധീരോചിതമായ പോരാട്ടം കമ്പനിക്കു വിജയം നേടിക്കൊടുത്തു. ഈ യുദ്ധത്തിന് ഇന്ത്യാചരിത്രത്തില്‍ ഒരിടത്തും സ്ഥാനം ലഭിക്കാഞ്ഞതു ചരിത്രത്തിനുമേല്‍ പുലര്‍ന്നുപോരുന്ന സവര്‍ണാധിപത്യം മൂലമാണെന്നാണു ദലിത് പ്രസ്ഥാനത്തിലെ പലരും വിശ്വസിക്കുന്നത്.
1927 ജനുവരി ഒന്നിന് ഡോ. അംബേദ്കര്‍ കൊരെഗാവ് സന്ദര്‍ശിച്ചു. അന്നുമുതല്‍ കൊരെഗാവ് മഹറുകള്‍ക്ക് അഭിമാനവും വംശീയബോധവും ഉറപ്പിച്ചുപറയാനുള്ള ഇടമായി മാറി. തങ്ങള്‍ യുദ്ധത്തില്‍ കൈവരിച്ച വിജയമാഘോഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു ദലിതുകള്‍ കൊരെഗാവിലെത്താന്‍ തുടങ്ങിയ ലക്ഷക്കണക്കിനാളുകളാണിപ്പോള്‍ പുതുവത്സരദിവസം ദലിത് ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരമെന്ന നിലയില്‍ അവിടെയെത്തുന്നത്. 2018 ജനുവരി ഒന്ന് ഈ സംഭവത്തിന്റെ ഇരുനൂറാം വാര്‍ഷികദിനമാണ്. മുമ്പൊന്നുമില്ലാത്ത തരത്തിലായിരുന്നു ഇക്കൊല്ലം കൊരെഗാവിലേയ്ക്കുള്ള ജനപ്രവാഹം.

ആത്മബോധത്തിന്റെ ആവിഷ്‌കാരങ്ങള്‍
ഈ ദലിത് ആത്മാഭിമാനപ്രകടനം യുദ്ധത്തില്‍ തോറ്റുപോയ പേഷ്വാ ബാജിറാവുവിന്റെ പിന്തുടര്‍ച്ചക്കാരായ മറാത്താ വിഭാഗക്കാര്‍ക്ക് ഒട്ടും ദഹിക്കുന്നില്ല. ആര്‍.എസ്.എസ് ബന്ധമുള്ളവരാണു സാമാന്യേന മറാത്തകള്‍. ഹിന്ദുത്വ ഐഡിയോളജിയില്‍ കെട്ടിപ്പൊക്കിയതാണ് അവരുടെ സാമുദായികബോധം. ദലിത്-മുസ്‌ലിം വിരോധം അതിന്റെ അടിസ്ഥാനമാണ്. അതിനാല്‍ ഈ സമൂഹം എക്കാലത്തും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വോട്ട്ബാങ്കാണ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുപോലും മൃദുഹിന്ദുത്വം പുലര്‍ത്താന്‍ താല്‍പര്യപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. ദലിതുകളുടെ ഈ ആത്മാഭിമാനപ്രകടനത്തോടുള്ള മറാത്താഹിന്ദുത്വത്തിന്റെ അരുചിയില്‍ നിന്നാണു കൊരെഗാവിലെ അതിക്രമങ്ങള്‍ പൊട്ടിമുളച്ചത്.
മുഗള്‍-മറാത്താ സംഘര്‍ഷങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സംഭവം ഇതിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. ശിവജിയുടെ മകനും പിന്തുടര്‍ച്ചാവകാശിയുമായ സാംഭാജിയെ മുഗിളര്‍ കൊല്ലുകയും മൃതദേഹം ഛിന്നഭിന്നമാക്കി ഭീമാ നദിയിലെറിയുകയും ചെയ്തു. ശരീരാവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടി അന്ത്യകര്‍മം ചെയ്തത് ഗോവിന്ദ് മഹര്‍ എന്ന ദലിതനാണെന്നാണു വിശ്വാസം. മഹറുകള്‍ പില്‍ക്കാലത്ത് കോരെഗാവിന്നടുത്തു വാധ്യ-ബുദ്രുക് എന്ന ഗ്രാമത്തില്‍ സാംഭാജിക്കു സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. അതിന്നടുത്തു തന്നെയാണു ഗോവിന്ദ് മഹറിന്റെ ശവകുടീരവും.
ഡിസംബര്‍ 9 നു ഗോവിന്ദ് മഹറിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരു ബോര്‍ഡ് ഗ്രാമത്തില്‍ സ്ഥാപിക്കപ്പെട്ടു. ഇതു മറാത്തകളെ ചൊടിപ്പിച്ചുവത്രേ. ദലിതനാണ് തങ്ങളുടെ പൂര്‍വികനായ സാംഭാജിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തതെന്ന ഓര്‍മ അവരെ പ്രകോപിപ്പിക്കുന്നതായിരുന്നു. മറാത്തകള്‍ ഈ ബോര്‍ഡ് നീക്കം ചെയ്യുകയും ഗോവിന്ദ് മഹറിന്റെ ശവകുടീരം തകര്‍ക്കുകയും ചെയ്തു. ജനുവരി ഒന്നിന് 1500 ഓളം വരുന്ന മറാത്തകള്‍ ഭീമാ-കോരെഗാവ് വഴി ഓടുന്ന ബസുകള്‍ ആക്രമിച്ചു. പത്തുവാഹനങ്ങള്‍ക്കു തീവച്ചു. നാലു മണിക്കൂറോളം നേരം നീണ്ടുനിന്ന ഈ അഴിഞ്ഞാട്ടത്തിനു നേതൃത്വം നല്‍കിയതു മനോഹര്‍ ദിദെ, മിലിന്‍ഡ് എക്‌ബോത്തെ എന്നീ മറാത്തകളാണ്. മനോഹര്‍ ദിദെ ശിവപ്രതിഷ്ഠാന്‍ എന്ന സംഘടനയുടെയും മിലിന്‍ഡ് എക്‌ബോത്തെ ഹിന്ദു ഏകതാ അഗാദി എന്ന സംഘടനയുടെയും നേതാക്കളാണ്. അവരുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ പൊലിസ് കൈകെട്ടി നോക്കിനില്‍ക്കുകയായിരുന്നു.
ദിദെയും ഏക്‌ബോത്തെയും പൂനെ-സാംഗ്ലി മേഖലകളിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വക്താക്കളാണ്. സാംഗ്ലി ജില്ലയില്‍ സാമാന്യം സ്വാധീനമുള്ള ദിദെ ആര്‍.എസ്.എസുമായി നല്ല അടുപ്പമുള്ള ആളാണ്. ജോധാ അക്ബര്‍ എന്ന സിനിമക്കെതിരായി നടന്ന പ്രതിഷേധങ്ങള്‍ക്കു തിരികൊളുത്തിയതും ദിദെ ആയിരുന്നു. ശിവജിയുടെ പൈതൃകം നിരന്തരം ഉദ്‌ഘോഷിച്ചു കൊണ്ടിരിക്കുന്ന അയാള്‍ക്കു സാംഗ്ലി-മിറാജ് കലാപങ്ങളില്‍ പങ്കുണ്ടെന്നും കരുതപ്പെടുന്നു. ഏക്‌ബോത്തെ പൂനെ കോര്‍പറേഷനില്‍ ബി.ജെ.പി കൗണ്‍സിലറായിരുന്നു. പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചപ്പോള്‍ അയാള്‍ ഹിന്ദു ഏകതാ അഗാദിയെന്ന സംഘടനയുണ്ടാക്കി. ഏക് ബോത്തെക്കെതിരില്‍ ദലിതു മര്‍ദനക്കേസുകളുണ്ട്.
ഈ രണ്ടു പേരോടും ഫഡ്‌നാവിസിന്റെ പൊലിസ് മൃദുസമീപനം കൈക്കൊള്ളുന്നുവെന്നാണു ദലിതുകളുടെ പരാതി. ഡോ. അംബേദ്കറുടെ പൗത്രനും ഭാരിപാ ബഹുജന്‍ മഹാസംഘം പാര്‍ട്ടി നേതാവുമായ പ്രകാശ് അംബേദ്കര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ജനുവരി മൂന്നിനു മഹാരാഷ്ട്രയില്‍ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തതോടെ ചിത്രം മാറി. 1997 നു ശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു മഹാരാഷ്ട്രയെ നിശ്ചലമാക്കിയ ഈ ബന്ദ്. ദലിത് സംഘടനകള്‍ ഇതോടെ പുതിയൊരു ഐക്യബോധം ഉണ്ടാക്കിയെടുത്തിരിക്കുന്നു. ദലിത് താല്‍പര്യങ്ങളുടെ ശബ്ദമെന്ന നിലയില്‍ പ്രകാശ് അംബേദ്കര്‍ ഒരു തിരിച്ചുവരവു നടത്തുകയായിരിക്കും ഇതുവഴി എന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്.
ഏതായാലും ഒരു കാര്യം തീര്‍ച്ച. ഗുജറാത്തിലും മഹാരാഷ്ട്രയിലും പുതിയൊരു ധ്രുവീകരണത്തിന്റെ അടയാളങ്ങളാണു കാണാനുള്ളത്. ഗുജറാത്തില്‍ ഉനാ സംഭവമാണ് അതിനു വഴിതെളിയിച്ചത്. ദലിതുകള്‍ക്കെതിരായ ആക്രമണമായിരുന്നു അവിടെയും തുടക്കം. ഗുജറാത്തില്‍നിന്നു ജിഗ്‌നേശ് മേവാനിയെന്ന യുവ ദലിത് നേതാവ് ഉയര്‍ന്നുവന്നു. മഹാരാഷ്ട്രയില്‍ കൊരെഗാവ് പുതിയ ധ്രുവീകരണത്തിനു തുടക്കം കുറിച്ചിരിക്കുന്നു. ദലിതുകള്‍ ഉയര്‍ത്തുന്ന ഈ പ്രതിഷേധസ്വരം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ എങ്ങനെയായിരിക്കും ബാധിക്കുകയെന്നു കാണാനിരിക്കുന്നതേയുള്ളൂ. സാമുദായിക ബോധത്തെ ഹിന്ദുത്വവല്‍ക്കരിച്ച ബി.ജെ.പിക്ക് അതേ നാണയത്തില്‍ തന്നെയാണു തിരിച്ചടി ലഭിക്കുന്നത്. കാറ്റ് വിതച്ചവന്‍ കൊടുങ്കാറ്റ് കൊയ്യുമോ എന്നാണു ചോദ്യം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.