2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അമിത്ഷാക്കെതിരേ യെദിയൂരപ്പ: കര്‍ണാടകയില്‍ ഹിന്ദിക്കല്ല, കന്നഡക്കാണ് മുന്‍ഗണന, ഒരു രാജ്യം ഒരു ഭാഷ’  അജന്‍ഡയില്‍ തുടക്കത്തിലെ  കല്ലുകടി

 

ന്യൂഡല്‍ഹി: ഇന്ത്യയെ അടയാളപ്പെടുത്താനായി രാഷ്ട്രത്തിന് പൊതുവായ ഒരു ഭാഷവേണമെന്ന ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായുടെ പ്രസ്താവനക്കെതിരേ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും രംഗത്ത്.

‘ഒരു രാജ്യം ഒരു ഭാഷ’എന്ന ആശയത്തിനായി ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ടിറങ്ങണമെന്നായിരുന്നു ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി അമിത്ഷാ നടത്തിയ പ്രസ്താവന.
ഇതിനെതിരേ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളാണ് ഇതുവരേ രംഗത്തെത്തിയിരുന്നത്. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍
മുഖ്യമന്ത്രിതന്നെ അമിത്ഷായുടെ ആവശ്യത്തിനെതിരേ രംഗത്തെത്തിയത് ബി.ജെ.പിയുടെ അജന്‍ഡക്കേല്‍ക്കുന്ന കനത്ത തിരിച്ചടിയാണ്.
കര്‍ണാടകയില്‍ പ്രധാനം കന്നഡയാണ്. ഹിന്ദിയല്ല. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു.
എന്നാല്‍ കര്‍ണാടകയെ സംബന്ധിച്ചിടത്തോളം പ്രധാനം കന്നഡ ഭാഷയാണ്. കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും സംസ്ഥാനത്തുനിന്നുണ്ടാവില്ല. കന്നഡ ഭാഷയും കര്‍ണാടക സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു.

ഹിന്ദി ഭാഷയിലൂടെ രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത് ഷായുടെ വാദത്തിനെതിരേ ദേശവ്യാപകമായും തെക്കേയിന്ത്യയില്‍ പ്രത്യേകിച്ചും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെയാണ് തെക്കേയിന്ത്യയിലെ ഒരേ ഒരു ബി.ജെ.പി മുഖ്യമന്ത്രിയായ യെദ്യൂരപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ എല്ലാ സ്‌കൂളുകളിലും ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന നിര്‍ദ്ദേശം ദക്ഷിണേന്ത്യയില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയതിനു പിന്നാലെയാണ് അമിത്ഷാ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നത്. ഇതിനെതിരേയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒടുവില്‍ ബി.ജെ.പി മുഖ്യമന്ത്രിയും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.