2020 March 28 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ബാബരി, പൗരത്വ ബില്‍, കശ്മീര്‍: ന്യൂനപക്ഷത്തിന്റെ ആധി അറിയിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍ സോണിയയെ കണ്ടു

 

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടിലും ഒന്നിനു പിറകെ ഒന്നായി ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളിലും ആധി അറിയിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു.

ബാബരികേസ് വിധി മാനിക്കുന്നുവെങ്കിലും ഒരു വിഭാഗത്തിന് നീതി കിട്ടിയില്ലെന്ന വികാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ലീഗ് നേതാക്കള്‍ അറിയിച്ചു. മതേതരപാര്‍ട്ടികള്‍ ഈ വികാരം കണക്കിലെടുക്കണമെന്നും സോണിയയോട് ആവശ്യപ്പെട്ടു.

ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, നവാസ് ഗനി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് സോണിയയുമായി കൂടിക്കാഴ്ച നടത്തിയത്.

അയോധ്യ, പൗരത്വ ബില്‍, കശ്മീര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ അജണ്ടകളെ പിന്തുണച്ച സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ സോണിയാഗാന്ധിയെ കണ്ടത്. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നത് കോണ്‍ഗ്രസിന്റെയും നിലപാടാണെന്ന് സുപ്രിംകോടതി വിധിക്കു ശേഷം പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു.

മതേതരത്വ വിഷയങ്ങളില്‍ കോണ്‍ഗ്രസാണ് യു.പി.എ നിരയെ പാര്‍ലമെന്റില്‍ മുന്നില്‍ നിന്നു നയിക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് ചൂണ്ടിക്കാട്ടി. ബി.ജെ.പി സര്‍ക്കാറിന്റെ വിഭാഗീയ അജണ്ടകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ദേശീയതലത്തില്‍ കാംപയിന്‍ ആരംഭിക്കണമെന്നും മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ വസതിയിലെത്തിയ നേതാക്കള്‍ ആവശ്യപ്പെട്ടു.

അയോധ്യാ വിഷയത്തില്‍ പേഴ്‌സണല്‍ ലോബോര്‍ഡിന്റെ തീരുമാനങ്ങള്‍ അംഗീകരിച്ചു മുന്നോട്ടു പോകുമെന്നും വിധിക്കെതിരെ പുന:പരിശോധനാ ഹരജി നല്‍കുക എന്നതിനൊപ്പം നില്‍ക്കുമെന്നും ലീഗ് നേതാക്കള്‍ സോണിയയെ അറിയിച്ചു.

കശ്മീരില്‍ ജനങ്ങള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയാണെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലും ലീഗിന്റെ ആശങ്ക പങ്കുവച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.