2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

എണ്ണ, പ്രകൃതിവാതക വിലയില്‍ കിഴിവ്‌; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക്‌ ഇറാന്റെ വാഗ്ദാനം

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: അമേരിക്ക കൊണ്ടുവന്ന ഉപരോധം മൂലം സാമ്പത്തിക ഞെരുക്കത്തിലമരുന്ന ഇറാന്‍ പ്രതിസന്ധി മറികടക്കാനായി ശ്രമം ആരംഭിച്ചു.

ഇതിന്റെ ഭാഗമായി വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കി വരുന്ന എണ്ണവില്‍പ്പനയില്‍ വിലക്കുറവ് ഓഫര്‍ ചെയ്തതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉപരോധം ഏര്‍പ്പെടുത്തിയത് മൂലം ലോക രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണയിറക്കുമതി നിര്‍ത്തിവെക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇറാന്‍ നടപടി.

നവംബര്‍ അഞ്ചു മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും തടയാനുള്ള നീക്കങ്ങളുമായാണ് അമേരിക്ക രംഗത്തുള്ളത്.

ഇറാനില്‍ നിന്നും പ്രധാനമായി ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളാണ് എണ്ണയിറക്കുമതി ചെയ്തു കൊണ്ടിരിക്കുന്നത്. വന്‍തോതിലുള്ള എണ്ണയാണ് ഏഷ്യന്‍ രാജ്യങ്ങള്‍ നിലവില്‍ ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.

ഉപരോധം മൂലം ഇവ നിലക്കുന്നതോടെ വരുമാനം ഇല്ലാതാകുന്ന ഇറാന്‍ സാമ്പത്തികമായി കൂടുതല്‍ തകരും. ഇതിനെ മറികടക്കാനാണ് ഇറാന്‍ പദ്ധതി.

എണ്ണ കയറ്റുമതിക്ക് നിലവിലെ വിലയില്‍നിന്നു ഡിസ്‌കൗണ്ട് നല്‍കി തങ്ങളുടെ ഉപഭോക്താക്കളായ ഏഷ്യന്‍ രാജ്യങ്ങളെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇറാന്‍. കഴിഞ്ഞ പതിനാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് നിലവിലെ എണ്ണവില ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി കുറക്കുമെന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യന്‍ രാജ്യങ്ങളായ ചൈനയും ഇന്ത്യയുമടക്കമുള്ള ഏതാനും രാജ്യങ്ങളാണ് ഇറാന്റെ പകുതിയോളം എണ്ണ വാങ്ങുന്നത്. ഇതില്‍ ചില രാജ്യങ്ങള്‍ ഇറാനയുമായുള്ള എണ്ണയിറക്കുമതി നിര്‍ത്തിവെക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ ഉപരോധം പ്രഖ്യാപിച്ചത് മുതല്‍ ഇറാന്റെ എണ്ണയുല്‍പ്പാദനം 2.3 മില്യണ്‍ ബാരലില്‍ നിന്നും 700,000 ബാരലായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ നിലപാടിനെ തുടര്‍ന്ന് ഇറാനിലെ സൗത്ത് പാര്‍സില്‍ തുടങ്ങാനിരുന്ന മള്‍ട്ടി ബില്യണ്‍ ഡോളര്‍ എണ്ണ നിക്ഷേപ പദ്ധതിയില്‍ നിന്നും ഫ്രാന്‍സ് ഇതിനകം പിന്മാറിക്കഴിഞ്ഞു.



 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.