2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ഇവിടെ പെരുന്നാളുകള്‍ക്ക് ഒരേ ബ്രാന്‍ഡ് മണം

അഷറഫ് ചേരാപുരം

പെരുന്നാളടുത്തെത്തിയെന്ന് ഓര്‍മവന്നത് നാട്ടില്‍നിന്നും ഭാര്യ വിളിച്ചപ്പോളാണ്.. മറന്നിട്ടല്ല. നാട്ടിലാവുമ്പോ പെരുന്നാളൊക്കെ ബല്യ ആഘോഷാ…പക്ഷെ ഇങ് മരുഭൂമീല് ഞമ്മക്കെന്ത് ആഘോഷം..
‘ഇങ്ങള് പെരുന്നാളട്പ്പിച്ചിറ്റും ബിളിക്കാഞ്ഞേ…

ഇങ്ങളെ പൈശ കിട്ടീറ്റ് മാണം കുട്ട്യേക്ക് ഡ്രെസ്സെടുക്കാന്‍….
: പിന്നേ നോമ്പ് മുക്കാലാവുമ്പൊക്കും കഴിഞ്ഞമാസം അയച്ച പൈശ തീര്‍ന്ന്ക്ക്
കുട്ട്യേക്കെല്ലാം ഡ്രെസ്സെടുക്കാന്‍ ഒരുപാട് പൈശ മാണം…

എന്താ കാര്യം നീ പറയെന്റെ ആയിശൂ.. കരീം സ്‌നേഹത്തോടെ തന്റെ ബീവിയോട് ചോദിച്ചു. ‘അപ്പൂന്’. ‘പീറ്റര്‍ഇംഗ്‌ളണ്ട്’ന്റെ ഷര്‍ട്ട് ‘കാര്‍ബണ്‍’ ന്റെ പാന്റ് ‘നൈകി’ന്റെ ഷൂ പിന്നെ പെരുന്നാള്‍ നിസ്‌കാരത്തിനുപോകാന്‍ വെള്ള ഷര്‍ട്ടും മുണ്ടും…..

പാച്ചുവിന്. ‘അലന്‍സൊള്ളി’ന്റെ ഷര്‍ട്ട് എന്തോ വായികൊള്ളാത്ത പേരുള്ള പാന്റും’ വുഡ്‌ലാന്‍ഡ് ‘ഷൂ’വും.. പിന്നെ ഓനിക്ക് ഏടിയോ ടൂറും പോണോന്ന് പറഞ്ഞിക്ക്…
ആ.. പിന്നാ ശാലു ചെറിയാന്നൊന്നും ബിജാരിക്കണ്ട എട്ട് വയസാങ്കിലും ഓനിക്കും മാണം ‘ലൂയിഫിലിപ്പ്’ കുപ്പായോ ‘റലിശാ’പാന്റും… ഷൂ എന്തോ ‘പൂമ’ എന്നാറ്റാ പറഞ്ഞത്..
ഇതൊക്കെ കേട്ടോണ്ടിരുന്ന കരീം ഒന്നും മനസിലാകാതെ അന്തംവിട്ടു നില്‍ക്കയാണ്. അവന്‍ ചോദിച്ചു . എല്ലാളെ പാന്റും കുപ്പായോ എനിക്ക് തിരിഞ്ഞു.. ഈ ഇംഗ്‌ളണ്ടും പിലിപ്പോസും എല്ലോ എന്നാ..

ആ. അതെല്ലാം ഇപ്പണത്തെ ‘ബ്രാന്‍ഡാ ‘ഓലിക്ക് അതില്ലാണ്ട് പറ്റിയുലോലോ.. എല്ലം കൂടി ഇങ്ങളൊരി ഇരുപത്തഞ്ചായിരം ഇങ്ങ് അയക്ക് അനക്കൊരു പര്‍ദ്ദയും വാങ്ങണം… !!!
ഫോണ്‍ വെച്ച ശേഷം കരീം ഓരോന്ന് ആലോചിക്കാന്‍ തുടങ്ങി…

പണ്ടൊക്കെ പെരുന്നാക്ക് ഡ്രെസ്സെടുക്കല്‍.. പൗര്‍ണമീന്നോ കൗസര്‍ ടെക്സ്റ്റയില്‍സ്‌ന്നോ മീറ്ററിന് 90 ഉര്‍പ്യ ഉള്ള തുണി 1.60 മുറിച്ചു മാങ്ങി ടൈലര്‍ അശോകന്റെ പീടിയേലോ മാളില്‍ പീടികയിലോ കൊടുത്താല്‍ പെരുന്നാളിന്റെ രണ്ട് ദിവസം മുന്നേ കിട്ടുമായിരുന്നു… ആയിമ്മല് ആകെ കാണുന്ന ബ്രാന്‍ഡ് ‘സിറ്റി ടൈലേഴ്‌സ് ‘എന്ന അശോകന്റെ പീട്യേന്റെ പേരാ… പെരുന്നാക്ക് ഇട്ടാല്‍ പിന്നെ അലക്കി തേച്ചു വെക്കും ബെല്യ പെരുന്നാകും അതുതന്നെയാവും മിക്കവാറും.

ഉമ്മ അത് അധികം ഇടാന്‍ സമ്മതീക്കൂല .പെട്ടിലാക്കി വെച്ചു കളയും ബല്യ പെരുന്നാക്കും കൂടി ഇട്ടിട്ട് പബ്ലിക്കാക്കാന്നാ ഉമ്മ പറയ്യാ. ഇന്നത്തെ കുട്ടികള്‍ക്ക് ഓരോ കല്യാണത്തിനും ഓരോ ഷര്‍ട്ട് അതും ബ്രാന്‍ഡ് രണ്ട് മാസം ഇട്ടാല്‍ പിന്നെ അത് ഇടാന്‍ മടി… നാട്ടില്‍ നിന്നും പോരുമ്പോള്‍ അശോകന്‍ അടിച്ചുതന്ന മൂന്ന് കുപ്പായവും രണ്ട് പേന്റും ഒന്നരക്കൊല്ലമായി ഇടാന്‍ തുടങ്ങിയിട്ട്…..പേന്റ് പലേടത്തും പിന്നിപ്പോയിട്ടുണ്ട്.

കുപ്പായത്തിന്റെ കോളറ തേഞ്ഞു പോയി. ഓരോന്ന് ആലോചിച്ചു സമയം പോയി നോമ്പായതോണ്ട് ശമ്പളം പകുതിയേ കിട്ടിയുള്ളൂ. ഹോട്ടലില്‍ നോമ്പിനു കച്ചോടം ഇല്ല എന്ന മുതലാളിയുടെ സങ്കടം. അധികം ചോദിക്കാനൊന്നും മനസ് തോന്നിയില്ല. ആരോടെങ്കിലും വായ്പ്പ കിട്ടുമോന്നു നോക്കട്ടെ. ഇനി കുട്ടികള്‍ പറഞ്ഞത് വാങ്ങികൊടുത്തില്ലേല്‍ അതിനവര്‍ മിണ്ടാണ്ട് നടക്കും അതാണല്ലോ ന്യൂ ജനറേഷന്‍…………..

പെരുന്നാക്ക് നല്ല ബ്രാന്‍ഡ് ഡ്രെസ്സെടുക്കാന്‍ ഉപ്പ പൈസ അയച്ചുതരുമ്പോള്‍ ഇതുകൊണ്ട് ലോക്കല്‍ ഡ്രെസ്സല്ലേ കിട്ടൂ ഉമ്മാ എന്ന് പറയുന്ന മക്കളോട് ആ പൈസങ്ങിനെയാ അയച്ചത് എന്നുകൂടി ചോദിക്കാന്‍ അവളോട് പറയണം…

നാദാപുരത്തങ്ങാടീല് പണിയില്ലാതെ തെണ്ടി നടന്നപ്പോ എളാപ്പാന്റെ മോന്റെ കാരുണ്യത്തി കിട്ടിയ വിസയാ. കുടുംബാന്ന് പറഞ്ഞിട്ടെന്താ വിസേന്റെം ടിക്കറ്റിന്റെ പൈസ വീടിക്കഴീമ്പളെക്കും ഒരു കൊല്ലം കഴിഞ്ഞിനും. പിന്നെ മൂന്നു നാലും കൊല്ലം കഴീമ്പം നാട്ടിലേക്കുള്ള വരവ്.

അപ്പോ അതുവരേ അയച്ചതും കൊടുത്തതുമൊന്നു പോരാഞ്ഞിട്ട് കെട്ടിന് സാധനങ്ങള് കൊണ്ടു കൊടുക്കണം. നാട്ടിലെത്തിയാ പിരിവ് കാരും പാര്‍ട്ടിക്കാരും എല്ലാരും. എപ്പാ തിരിച്ച് പോന്നേന്ന് ചെന്നതിന്റെ പിറ്റേന്ന് തന്നെ ആള്‍ക്കാര് ചോദ്യം തുടങ്ങും. പിന്നേം മടക്കം മരുഭൂമീലേക്ക്. എന്നാലും മക്കള്‍ക്കും പെണ്ണ്ങ്ങള്‍ക്കുമൊന്നും ഒരു കുറവും വരറെന്ന് ആലോചന മാത്രം.

പൊരിവെയിലത്ത് പണിയെടുത്തും പള്ളിയില്‍ നോമ്പ് തുറന്നും മിച്ചംപിടിക്കുന്ന പൈസയാ നിനക്ക് നാട്ടിലയച്ചുതരുന്നതെന്ന്…. കുടുംബത്തിനുവേണ്ടി അധ്വാനിക്കുന്ന ബാപ്പമാര്‍ക്കൊക്കെ ഒരേ ബ്രാന്‍ഡ് മണമാണ് വിയര്‍പ്പിന്റെ മണം…….

( ഒരു പ്രവാസി സഹോദരന്റെ കുറിപ്പില്‍ നിന്ന്)

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.