2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

മഴ രണ്ടു ദിവസം കൂടി ശക്തമായി പെയ്യും; മീന്‍പിടുത്തക്കാര്‍ക്ക് മുന്നറിയിപ്പ്, ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റിവച്ചു- Full Updates

  • താമരശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു
  • 15 വര്‍ഷത്തിനിടെ ഇതാദ്യമായി ഷോളയാര്‍ ഡാം തുറന്നു
  • ട്രാക്കില്‍ വെള്ളം: ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ ശക്തമായ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അഞ്ചു ദിവസം കൂടി മഴയുണ്ടാകുമെന്നും മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ചെന്നും അറിയിപ്പുണ്ട്. ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണ് കനത്തമഴയ്ക്ക് കാരണം.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 കി.മി വരെ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക

കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ബുധനാഴ്ച ഉച്ചവരെയാണ് ഈ മുന്നറിയിപ്പ്.

ട്രാക്കില്‍ വെള്ളം: ട്രെയിനുകള്‍ വൈകിയോടുന്നു

തിരുവനന്തപുരം: കനത്ത മഴയില്‍ ട്രാക്കുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ നിന്നുള്ള ട്രെയിനുകള്‍ പലതും വൈകി. പുലര്‍ച്ചെ മുതല്‍ ഓട്ടൊമേറ്റഡ് റെയില്‍വെ സിഗ്‌നലും തകരാറിലായിരുന്നു. പകരം സംവിധാനം ഉപയോഗിച്ചതും വൈകുന്നതിന് കാരണമായി.

രാവിലെ 11.30നു പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് ഒന്നരമണിക്കൂര്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. മുംബൈ കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ്സ് കൊച്ചുവേളിയില്‍ പിടിച്ചിട്ടു. ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് കൊച്ചുവേളി ഔട്ടറിലും ഏറെനേരം പിടിച്ചിട്ടു. ശേഷം തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനുകളും തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ട്രെയിനുകളും അരമണിക്കൂറോളം വൈകി. വൈകുന്നേരം അഞ്ചു മണിയോടെയാണ് ട്രെയിന്‍ഗതാഗതം സാധാരണ നിലയിലായത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കടപ്പാറ തോട്ടിലൂടെ വെള്ളവും കല്ലുകളും കുത്തിയൊലിച്ചിറങ്ങിയപ്പോള്‍

 

പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബുധനാഴ്ച നടത്തേണ്ട ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷ മാറ്റി. ഓഗസ്റ്റ് രണ്ടു മുതല്‍ നടക്കേണ്ട പരീക്ഷകള്‍ മാറ്റമില്ലാതെ നിലവിലെ ടൈംടേബിള്‍ പ്രകാരം നടത്തും.

താമരശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു

താമരശേരി: കനത്ത മഴയിലും കാറ്റിലും താമരശേരി രാരോത്ത് ഗവ. ഹൈസ്‌കൂളിലെ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ക്ലാസുകള്‍ നേരത്തേ വിട്ടിരുന്നതിനാല്‍ ദുരന്തം ഒഴിവായി.

കനത്ത മഴയെ തുടര്‍ന്നു വിദ്യാലയങ്ങള്‍ നേരത്തേ വിടണമെന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നു സ്‌കൂള്‍ ഉച്ചയ്ക്കു ശേഷം മൂന്നിനുതന്നെ വിട്ടിരുന്നു.

വൈകിട്ട് 4.23നാണ് കെട്ടിടത്തിന്റെ മേല്‍ക്കൂരയും ചുമരുമടക്കം വന്‍ ശബ്ദത്തോടെ തകര്‍ന്നുവീണത്. ഈ കെട്ടിടത്തില്‍ മൂന്നു ക്ലാസുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ അഞ്ച് എ .ക്ലാസ് പൂര്‍ണമായും നിലംപൊത്തി. 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്.

വാഴച്ചാല്‍ വനമേഖലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍; ചാര്‍പ്പ പാലം ഒലിച്ചുപോയി

>15 വര്‍ഷത്തിനിടെ ഇതാദ്യമായി ഷോളയാര്‍ ഡാം തുറന്നു

ചാലക്കുടി: വാഴച്ചാല്‍ വന മേഖയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. ചാര്‍പ്പ പാലം ഒലിച്ചുപോവുകയും അഞ്ചു വീടുകള്‍ തകരുകയും ചെയ്തു. ഇതേ തുടര്‍ന്ന് മലക്കപ്പാറിയിലേക്കുള്ള ഗാതാഗതം നിരോധിച്ചു. രാവിലെ പത്തരയോടെയാണ് വനമേഖലയില്‍ ഉരുള്‍പ്പൊട്ടല്‍. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് അതിരപ്പിള്ളി റോഡിലെ ചാര്‍പ്പയുടെ പഴയ പാലത്തിന്റെ ഒരുഭാഗം ഒലിച്ചുപോയത്.

കുത്തിയൊഴുകുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം

 

പലവീടുകളിലേക്കും വെള്ളംകയറിട്ടുണ്ട്. ഇതിനിടെ ശക്തമായ മഴയെ തുടര്‍ന്ന് പൊരിങ്ങില്‍ക്കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. 15 വര്‍ഷത്തിനു ശേഷം ഇതാദ്യമായി ഷോളയാര്‍ ഡാമും തുറന്നു. ഇതിനുപുറമെ പറമ്പിക്കുളം ഡാമില്‍ നിന്നും തുറന്നിട്ട വെള്ളവും പൊരിങ്ങല്‍ക്കുത്തിലേക്ക് എത്തി.

ഇതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം അതി ഭീകരമായി മാറി. സുരക്ഷ കണക്കിലെടുത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് വിനോദ സഞ്ചാരികളെ കടത്തി വിടുന്നത് നിര്‍ത്തിവെച്ചു. അതിരപ്പിള്ളിയില്‍ വാഹനങ്ങളും വനപാലകര്‍ തടയുകയാണ്.

വെള്ളം കയറിയതിനെ തുടര്‍ന്ന് തുമ്പൂര്‍മുഴി പാര്‍ക്കും അടച്ചു. പരിയാരം പഞ്ചായത്തിലെ കൊന്നക്കുഴിയിലും മംഗലം കോളനിയിലും വീടുകളിലേക്ക് വെള്ളം കയറി. വാഴച്ചാല്‍ വനമേഖലയില്‍ സംഭവിച്ചത് ഉരുള്‍പ്പൊട്ടല്‍ തന്നെയാണെന്ന് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസ് പറഞ്ഞു. ബി.ഡി.ദേവസി എം.എല്‍.എ ദുരന്ത സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News