2019 December 10 Tuesday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

സംസ്ഥാനത്ത് മഴ ശക്തം: ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

കോഴിക്കോട്: തോരാതെ പെയ്യുന്ന മഴ വിവിധ ജില്ലകളില്‍ ജനജീവിതം ദുസ്സഹമാക്കി. തെക്കന്‍ ജില്ലകളിലും വടക്കന്‍ കേരളത്തില്‍ ചില ജില്ലകളിലുമാണ് ശക്തമായ മഴ തുടരുന്നത്. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിനു പിന്നാല മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 10 സെ.മി ഉയര്‍ത്തിയ ഷട്ടറിലൂടെ 10 ക്യുമക്‌സ് വെള്ളമാണ് സെക്കന്റില്‍ പുറത്തേക്കൊഴുക്കുന്നത്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ 60 ക്യുമക്‌സ് വെള്ളം വരെ പുറത്തേക്കൊഴുക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ വെള്ളം കയറിയത് യാത്രക്കാരെ പ്രയാസത്തിലാക്കി.

തലശ്ശേരിയില്‍ കനത്ത മഴയ്ക്കിടെ ചിറക്കര കണ്ണോത്ത് ജുമാമസ്ജിദ് പള്ളിക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചിറക്കര മോറാല്‍കാവിനു സമീപം സീനോത്ത് ഹൗസില്‍ അദ്‌നാന്‍ (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ കുളിക്കുന്നതിനിടെയാണ് അപകടം.

അതിനിടെ, നീണ്ടകരയിലും വീഴിഞ്ഞത്തുമായി ഏഴ് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി. വിഴിഞ്ഞത്തുനിന്നുപോയ പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്‍, ആന്റണി എന്നിവരെയും നീണ്ടകരയില്‍നിന്നുപോയ തമിഴ്‌നാട് സ്വദേശികളായ രാജു, ജോണ്‍ ബോസ്‌കൊ, സഹായരാജു എന്നിവരെയുമാണ് കാണാതായത്. കാസര്‍കോട് ജില്ലയില്‍ നാളെയും ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കൊല്ലം ആലപ്പാട് കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് 150ഓളം വീടുകളില്‍ വെള്ളം കയറി. കടല്‍ 50 മീറ്ററോളം കരയിലേക്ക് കയറി. തൃശൂരില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ കടല്‍കയറി. കുറുമാലിപുഴയില്‍ മാഞ്ഞാംകുഴി റെഗുലേറ്ററിന്റെ നാലു ഷട്ടറുകള്‍ തുറന്നു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് അടുത്ത അഞ്ചു ദിവസത്തേക്ക് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. 21ന് കോഴിക്കോട്, വയനാട് ജില്ലകളിലും 22ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

പലയിടങ്ങളിലും മണ്ണിടിച്ചിലുമുണ്ടായി. വാഗമണ്‍-തീക്കോയി റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകള്‍ക്ക് ശേഷം മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. കോട്ടയം ഈരാറ്റുപേട്ട മേഖലയിലും മണ്ണിടിച്ചിലുണ്ടായി. വടക്കന്‍ ജില്ലകളില്‍ ഇന്നലെ മുതല്‍ ആരംഭിച്ച മഴ ശമനമില്ലാതെ തുടരുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.