2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഉമ്മ മരിച്ചതറിഞ്ഞും ജോലി തുടര്‍ന്ന് അഷറഫ് അലി; ജനങ്ങളെ രക്ഷിക്കാന്‍ എനിക്ക് സേവനം തുടര്‍ന്നേ മതിയാവൂ എന്ന് മറുപടി; ഇവരാണ് നാടിന്റെ യഥാര്‍ഥ ഹീറോകള്‍

ഭോപ്പാല്‍: രാജ്യമൊന്നാകെ കൊവിഡ് 19 എന്ന മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുകയാണ്. ലോകമെന്നും ഭയത്തിന്റെയും ആശങ്കയുടേയും വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍. അതേസമയം, ഇവിടെ തങ്ങളുടെ സ്വകാര്യ വികാരങ്ങള്‍ അടക്കിപ്പിടിച്ചുകൊണ്ട് ജോലി ചെയ്യുന്ന രണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ വാര്‍ത്ത ഒരു വിങ്ങലോടെ മാത്രമേ നമുക്ക് വായിച്ചു തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ.

വീടുകളുടെ സാനിറ്റൈസിങ് ചുമതലയുള്ള ഹെല്‍ത്ത് ഓഫിസറാണ് അഷ്‌റഫ് അലി. കൊവിഡ് വ്യാപനസമയത്ത് ഏറെ സുപ്രധാനമുള്ള ജോലിയാണ് അദ്ദേഹത്തിന്റെത്. ഓരോ ദിവസവും ചെയ്താലും ചെയ്താലും തീരാത്തത്ര ജോലിയാണ് അദ്ദേഹത്തിന്. അങ്ങനെയുള്ളൊരു ബുധനാഴ്ച്ച രാവിലെയാണ് തന്റെ മാതാവിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ ചെവിയിലെത്തിയത്.

അപ്പോള്‍ തന്നെ അദ്ദേഹം വീട്ടിലേക്ക് ഓടിയിരുന്നെങ്കിലും അദ്ദേഹത്തെ ആരും കുറ്റം പറയില്ലായിരുന്നു. എന്നാല്‍ തന്റെ ജോലിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന അദ്ദേഹം അതിനു തയ്യാറായില്ല. തന്റെ ദുഖം ഉള്ളിലൊതുക്കി അദ്ദേഹം ജോലി തുടര്‍ന്നു.

‘ അമ്മയെക്കാള്‍ വലുതായി മറ്റൊന്നുമില്ല. അമ്മയ്ക്ക് ശേഷമാണ് മാതൃരാജ്യം. എന്നാല്‍ ഇന്ന് എന്റെ മാതൃരാജ്യം അപകടത്തിലാണ്. ജോലിക്ക് വന്നതിന് ശേഷമാണ് അമ്മ മരിച്ചു എന്ന് അറിയുന്നത്. എന്നാല്‍, എനിക്ക് എന്റെ നാടിനെ സേവിക്കുക തന്നെ വേണം. അലി പറഞ്ഞു.

ഉച്ചകഴിഞ്ഞ് നടന്ന ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ അഷ്റഫ് അലി പോയി. ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം തിരികെ വന്ന് ജോലി തുടര്‍ന്നു.

ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കോവിഡ് -19-പോരാട്ട സംഘത്തിലെ മറ്റൊരു അംഗമായ ഇര്‍ഫാന്‍ ഖാന് തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഡോക്ടര്‍മാരുടെ ഉപദേശം അവഗണിച്ച് അദ്ദേഹവും ജോലിയില്‍ തിരിച്ചെത്തി,

‘ഇത് അസാധാരണമായ സമയമാണ്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ വിജയിക്കാന്‍ നാമെല്ലാവരും ഇപ്പോള്‍ ത്യാഗങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ എന്നോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എനിക്ക് ചുമതലപ്പെടുത്തിയ ജോലി പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജം ഞാന്‍ കണ്ടെത്തി, ‘- ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.

ബുധനാഴ്ച തന്റെ ഓഫീസില്‍നിന്ന് വീട്ടിലേയ്ക്കു മടങ്ങുമ്പോഴാണ് അദ്ദഹത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്.

ഈ അപകട കാലഘട്ടത്തിലെ യഥാര്‍ഥ ഹീറോകളാണ് ഇവരെപ്പോലെ സ്വന്തം ദുഖങ്ങള്‍ മറന്ന് അവരുടെ കടമ നിര്‍വഹിക്കുന്ന ഓരോരുത്തരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.