2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

മുടി കൊഴിച്ചില്‍ വില്ലനാണോ…ഇതാ പരിഹാരം കൈയ്യറ്റത്ത്

നമുക്കിടയില്‍ ഭൂരിഭാഗം പേരും നേരിടുന്ന വലിയ ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. കണ്ണില്‍ കണ്ട പരസ്യത്തിലുള്ളതൊക്കെ വാങ്ങി തേച്ചു കൂട്ടി നിരാശ പൂണ്ടിരിക്കുന്നവരാണ് പലരും. ഒരു ഹെയര്‍ കണ്ടീഷണറോ ഷാംപുവോ തേക്കുമ്പോഴേക്കും നിന്നു പോവുന്നതൊന്നുമല്ല ഈ പ്രശ്‌നം. നമ്മുടെ ആരോഗ്യം ഭക്ഷണ രീതി ഉറക്കം തുടങ്ങിയവയിലെ പോരായ്മകളെല്ലാം മുടികൊഴിച്ചിലിനു കാരണമാവുന്നു. ആഹാര രീതിയും ഉറക്കവും ക്രമപ്പെടുത്തുന്നതോടൊപ്പം ചില്ലറ നാടന്‍ പ്രയോഗങ്ങളും മുടി കൊഴിച്ചില്‍ തടയാന്‍ സഹായകമാവും.

അത്തരത്തിലൊരു പ്രയോഗത്തെ പരിചയപ്പെടുത്തുകയാണിവിടെ. നമുക്ക് എളുപ്പത്തില്‍ കിട്ടാവുന്ന തൈര്/കട്ടത്തൈര് മുടികൊഴിച്ചില്‍ തടയാന്‍ ഏറെ പ്രയോജനപ്രദമാണ്.

മുഖത്തെ പാടിനും തൊലി മൃദുലമാവാനുമൊക്കെ നാം തൈര് ഉപയോഗിക്കാറുണ്ടല്ലോ. എന്നാല്‍ നല്ലൊരു ഹെയര്‍ കണ്ടീഷണര്‍ കൂടിയാണ് തൈര് എന്നത് നമ്മില്‍ പലര്‍ക്കും അറിയില്ല.

തൈരിന്റെ ഗുണങ്ങള്‍

നല്ലൊരു ആന്റിഫംഗല്‍ ആയതിനാല്‍ ശിരോചര്‍മം മൃദുവാകാനും താരന്‍ കുറയാനും സഹായിക്കുന്നു. മുടി തിളക്കവും മൃദുലതയും നല്‍കുന്നു. ശിരോചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിച്ച് മുടി കൊഴിച്ചില്‍ തടയുന്നു. മുടി കെട്ടു കുടുങ്ങന്നത് തടയുന്നു. സേബം ഉല്‍പാദനം ക്രമീകരിക്കുന്നതിലൂടെ ശിരോചര്‍മത്തിന്റെ പി.എച്ച് ലവല്‍ നിയന്ത്രിക്കുന്നു. ശിരോചര്‍മത്തിന്റെ ചൂട് കുറക്കുന്നു.

തൈര് ഉപയോഗിക്കാന്‍ ചില മാര്‍ഗങ്ങള്‍

തൈരും ഒലിവെണ്ണയും
ഒരു കപ്പ് തൈരില്‍ അല്‍പം ഒലിവെണ്ണ ചേര്‍ക്കുക. മുടിയിഴകളിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. മുടിവേരുകളില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. അര മണിക്കൂറിന് ശേഷം കഴുകിക്കളയാം.

 

തൈരും കുരുമുളകും
ആറോ ഏഴോ കുരുമുളക് മണികള്‍ നന്നായി പൊടിക്കുക. ഒരു കപ്പ് തൈരുമായി യോജിപ്പിച്ച് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്നു പ്രവശ്യം ഇത് ആവര്‍ത്തിക്കാം. താരനും മുടികൊഴിച്ചിലിനും ഏറെ ഫലപ്രദമാണിത്.

തൈര് ചെറുനാരങ്ങ നീരിനൊപ്പം
ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കറിയാം. അകത്തും പുറത്തും ഫലപ്രദമാണ് നാരങ്ങ. മുടികൊഴിച്ചില്‍ അധികമായി ഉള്ളവര്‍ക്കാണ് ഈ വിദ്യ കൂടുതല്‍ ഗുണം ചെയ്യുക. ഒരു കപ്പ് തൈരില്‍ ഒരു ചെറുനാരങ്ങയുടെ നീര് ചേര്‍ക്കുക. നന്നായി ചേര്‍ത്ത ശേഷം തലയോട്ടിയില്‍ ചേര്‍ത്തു പിടിപ്പിക്കാം. ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുക്കിക്കളയുക. താരനും നല്ല മരുന്നാണിത്.

തൈരും ഉലുവയും
അരക്കപ്പ് തൈരും മൂന്നു ടേബിള്‍ സ്പൂണ്‍ ഉലുവയും ചേര്‍ത്ത് കട്ടിയില്‍ അരച്ചെടുക്കുക. ബ്രഷുപയോഗിച്ച് ഇത് തലയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകാം. ആവശ്യമെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം. ഇതില്‍ ധാരാളം വിറ്റാമിന്‍ ഡിയും വിറ്റാമിന്‍ ബി5ഉം അടങ്ങിയിട്ടുണ്ട്.

തൈര് നെല്ലിക്കയോടൊപ്പം
തൈരില്‍ നെല്ലിക്ക ചേര്‍ത്തുപയോഗിക്കുന്നത് മുടി കൊഴിച്ചിലും താരനും തടയുമെന്ന് മാത്രമല്ല വളരാനും സഹായിക്കും. നെല്ലിക്കപ്പൊടിയും തൈരും ഉപയോഗിച്ച് പേസ്റ്റ് ഉണ്ടാക്കി തലയില്‍ പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

NB: ഇതെല്ലാം സാധാരണ നാട്ടിന്‍പുറത്ത് തകാണുന്ന ഒറ്റമൂലികളാണ്. കൂടുതല്‍ വിവരത്തിന് വിദഗ്ധരോട് ചോദിക്കേണ്ടതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.