2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടത്തി, ഇനി എല്ലാ വോട്ടും പാര്‍ട്ടിക്ക് തന്നെ, തുറന്നുപറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് തെര.കമ്മിഷന്റെ നോട്ടീസ്; എത്രയും വേഗം മറുപടി അറിയിക്കാന്‍ നിര്‍ദേശം

 

ചാണ്ഡിഗഡ്: തെരഞ്ഞെടുപ്പ് വിജയത്തിനായി വോട്ടിങ് യന്ത്രങ്ങളില്‍ ബി.ജെ.പി കൃത്രിമത്വം കാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വിധത്തില്‍ ഹരിയാനയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്നും ഇനി ആര് ഏതു പാര്‍ട്ടിക്ക് വോട്ട്‌ചെയ്താലും എല്ലാം നമുക്കു തന്നെ ലഭിക്കുമെന്നുമായിരുന്നു ഹരിയാനയിലെ ബി.ജെ.പി സ്ഥാനാര്‍ഥി ബക്ഷിക് വിര്‍കിന്റെ പ്രസംഗം.

42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ വിര്‍ക് പറയുന്നത് ഇങ്ങനെ: ”ഒരു അഞ്ചുമിനിറ്റ് സമയത്തെ തെറ്റ് കൊണ്ട് നിങ്ങള്‍ക്ക് ഒരു അഞ്ചുവര്‍ഷം പാഴാവുകയാണ്. ആരൊക്കെ ആര്‍ക്ക് വോട്ട്‌ചെയ്തുവെന്ന് ഞങ്ങള്‍ക്ക് അറിയാം. അതേകുറിച്ച് ഒരുതെറ്റായധാരണയും നിങ്ങള്‍ക്ക് വേണ്ട. ആര്‍ക്കാണ് വോട്ട്‌ചെയ്തതെന്ന് അധികം ആളുകളും പറയാന്‍ ധൈര്യപ്പെടില്ല. പക്ഷേ നിങ്ങള്‍ ആര്‍ക്കാണ് വോട്ട്‌ചെയ്തതെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും. കാരണം മോദിജിയുടെ കണ്ണ് വളരെ ശക്തിയുള്ളതാണ്. നിങ്ങള്‍ ഏതു ബട്ടണ്‍ അമര്‍ത്തിയാലും എല്ലാ വോട്ടും പോവുന്നത് താമരക്ക് ആവും. അങ്ങിനെയാണ് നമ്മള്‍ യന്ത്രം സെറ്റ്‌ചെയ്തിരിക്കുന്നത്”. അസ്സാന്ദില്‍ നിന്നുള്ള സിറ്റിങ് എം.എല്‍.എ കൂടിയാണ് വിര്‍ക്.

പ്രസംഗത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും പ്രതിപക്ഷം രംഗത്തുവരികയും ചെയ്തതോടെ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെട്ടു. വിര്‍കിന് നോട്ടീസയച്ച കമ്മിഷന്‍, എത്രയും വേഗം ഇതുസംബന്ധിച്ച് മറുപടി അറിയിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മുന്‍ ഡപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷനര്‍ വിനോദ് സുത്ഷിയെ അസ്സാന്ദിലേക്ക് അയച്ചിട്ടുണ്ട്.

എന്നാല്‍, താന്‍ അങ്ങിനെ പ്രസംഗിച്ചിട്ടില്ലെന്നും വിഡിയോ വ്യാജമാണെന്നുമാണ് വിര്‍കിന്റെ അവകാശവാദം. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിയെ പുറത്തെറിയുമെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് പാര്‍ട്ടി അട്ടിമറിശ്രമം നടത്തുന്നതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജ പ്രതികരിച്ചു.

ഹരിയാനയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്നലെയാണ് വിര്‍കിന്റെ പ്രസംഗം പുറത്തുവന്നത്. സംസ്ഥാനത്തെ 90 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Haryana Elections: EC Issues Notice to BJP Candidate after Every Vote For Party Claim on EVsM. EVM Tampering 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.