2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഹര്‍ത്താല്‍ ആര്‍ക്കുവേണ്ടിയാണ്

സി.ആര്‍. നീലകണ്ഠന്‍
94464 96332#

 

ഇക്കഴിഞ്ഞ ദിവസം തിരുവല്ലയില്‍ വ്യാപാരി വ്യവസായി സംഘടനകളും നിരവധി സാമൂഹ്യപ്രസ്ഥാനങ്ങളും ചേര്‍ന്നു നടത്തിയ ഹര്‍ത്താല്‍ വിരുദ്ധസമ്മേളനത്തിലും റാലിയിലും പങ്കാളിയായിരുന്നു. കേരളത്തെ കാര്‍ന്നുതിന്നുന്ന ഹര്‍ത്താല്‍ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവരുന്നുവെന്ന തോന്നല്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴുണ്ടായി.
കഴിഞ്ഞവര്‍ഷം സംസ്ഥാന, ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നു. എല്ലാ മുന്നണികളും അതില്‍ പങ്കാളികളാണ്. പ്രതിപക്ഷത്തുള്ളവര്‍ കൂടുതല്‍ ഹര്‍ത്താലുകള്‍ നടത്തുമെന്നു മാത്രം. ഭരിക്കുമ്പോള്‍ ഹര്‍ത്താലിനെതിരേ നിരാഹാരം നടത്തുകയും നിയമമുണ്ടാക്കാന്‍ ശ്രമം നടത്തുകയും ചെയ്തവര്‍ പ്രതിപക്ഷത്തായപ്പോള്‍ അതെല്ലാം മറന്നു.
ശബരിമല വിഷയത്തില്‍ മാത്രം ആറ് ഹര്‍ത്താലുകള്‍ നടന്നു കഴിഞ്ഞു. ഇതില്‍, പുതുവര്‍ഷത്തില്‍ നടന്ന ഹര്‍ത്താല്‍ സിവില്‍ യുദ്ധമായി മാറി. ജനങ്ങളെ ദുരിതത്തിലാക്കുക മാത്രമല്ല, അവരുടെ ജീവനും സ്വത്തിനും നേരേ അതിക്രൂരമായ കൈയേറ്റം നടത്തുകയും ചെയ്തു. ഹര്‍ത്താലെന്ന ഇത്തരം സമരാഭാസത്തിനെതിരേ കേരളത്തില്‍ ശക്തമായ ജനവികാരം ഉണര്‍ന്നു കഴിഞ്ഞു. അതു കക്ഷിരാഷ്ട്രീയ, ജാതിമതങ്ങള്‍ക്ക് അതീതമാണ്.
ഹര്‍ത്താല്‍ വളരെ പഴക്കമുള്ള പ്രതികരണരീതിയാണ്. ഇന്നത് മാരകമായ സമരായുധമാണ്. ഇതെങ്ങനെ സംഭവിച്ചു. ഇതിന്റെ പിന്നാമ്പുറം അന്വേഷിക്കുമ്പോഴാണ് ഒരു കൊടുംചതി പുറത്തുവരുന്നത്. സുപ്രിംകോടതിയുടെ 1997ലെ ഒരു വിധിയുടെ ചുവടുപിടിച്ചാണ് ഹര്‍ത്താല്‍ ഭീകരരൂപമെടുക്കുന്നത്. ഭാരത്കുമാറും സി.പി.എമ്മും തമ്മിലുള്ള കേസില്‍ കോടതി ബന്ദ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. കേരള ഹൈക്കോടതിയുടേതുള്‍പ്പെടെ നിരവധി മുന്‍കാല വിധികള്‍ വിശദമായി പരിശോധിച്ചായിരുന്നു ഈ വിധി.
കേരളത്തില്‍ ഇപ്പോള്‍ സജീവമായ ശബരിമലയിലെ യുവതീപ്രവേശനവും ഒരു കോടതി വിധിയെ തുടര്‍ന്നുണ്ടായതാണല്ലോ. അതു നടപ്പാക്കണമെന്ന സര്‍ക്കാരിന്റെ നിലപാടാണല്ലോ പ്രതിഷേധത്തിനു വഴി വച്ചത്. അങ്ങനെയെങ്കില്‍ ബന്ദ് നിരോധിച്ച വിധിയും നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടല്ലോ. പക്ഷേ, നടന്നതു മറ്റൊന്നാണ്, വെറുമൊരു പേരുമാറ്റത്തിലൂടെ കോടതി വിധിയെ നോക്കുകുത്തിയാക്കി ബന്ദ് അനുസ്യൂതം തുടര്‍ന്നു.
ബന്ദ് നിരോധിച്ച കോടതി ഉത്തരവു വന്നതിനു ശേഷം ബന്ദിന് ബന്ദ് എന്ന പേര് ഒഴിവാക്കി, പകരം ഹര്‍ത്താലെന്ന പേരു നല്‍കി. ഹര്‍ത്താലെന്ന വാക്കിന് മുന്‍കാലത്ത് സ്വന്തമായി ഒരര്‍ഥമുണ്ടായിരുന്നു. അതെന്താണ്, ഏതെങ്കിലും ഒരു പ്രമുഖ വ്യക്തി മരിക്കുമ്പോഴും മറ്റും ഒരു പ്രദേശത്തെ ജനങ്ങള്‍ അതില്‍ ദുഃഖിച്ചു കടകമ്പോളങ്ങള്‍ അടയ്ക്കുന്നതായിരുന്നു ആ സമ്പ്രദായം. ഹര്‍ത്താലില്‍ ആരെയും തടയില്ല, ഒരുതരം സമ്മര്‍ദവും പ്രയോഗിക്കില്ല.
ബന്ദ് നിരോധനവിധിക്കു ശേഷം ഹര്‍ത്താല്‍ അനുശോചന പരിപാടിയല്ലാതായി. അങ്ങനെ നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് അതിന്റെ നടത്തിപ്പുകാര്‍ രക്ഷപ്പെട്ടു. എന്നാല്‍, സാധാരണജനങ്ങള്‍ക്ക് അവരുടെ ജീവിതം നൂലാമാലകള്‍ക്കിടയിലായി. ഭരണകൂടത്തിനെതിരേ ശക്തമായ സമരം നടത്തുന്നവര്‍ തങ്ങള്‍ നിയമലംഘനമാണു നടത്തുന്നതെങ്കില്‍ അതു തുറന്നു പറഞ്ഞ് സമരം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിലുള്ള ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുകയെന്നതാണു ഗാന്ധിജി മുന്നോട്ടു വച്ച രീതി. ഇവിടെ ഒരു നിയമലംഘനസമരം നടത്തുകയും അതു നിയമവിധേയമെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയെന്ന കാപട്യമുണ്ട്. അതിന്റെ ഇരകളാക്കപ്പെടുന്നതു സാധാരണമനുഷ്യരാണ്.
ഹര്‍ത്താല്‍ എങ്ങനെ ജനദ്രോഹമാകുന്നുവെന്ന് ഇന്ന് ആരോടും പറയേണ്ടതില്ല. അത് ഏറ്റവും പ്രതികൂലമാകുന്നതു പ്രധാനമായും ഓരോ ദിവസവും അധ്വാനിച്ചാല്‍ മാത്രം ആ ദിവസത്തെ വരുമാനം കിട്ടുന്നവരെയാണ്. നിത്യക്കൂലി മുടങ്ങിയാല്‍ അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. മാസശമ്പളമുള്ളവര്‍ക്ക് ഇതത്ര ബാധകമല്ല. അവര്‍ക്ക് ആ ദിവസം കാഷ്വല്‍ അവധിയോ മറ്റോ ആക്കി ശമ്പളം രക്ഷിക്കാം. കര്‍ഷകര്‍ക്കും വരുമാനം കുറയും.
ഹര്‍ത്താല്‍ പ്രത്യക്ഷമായി ബാധിക്കുന്നത് വ്യാപാരികളെയും വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെയുമാണ്. വ്യാപാരസ്ഥാപനങ്ങളില്‍ ഒന്ന് ഇരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്താല്‍പ്പോലും അവധി ലഭിക്കാത്തവരാണ് വ്യാപാരസ്ഥാപന തൊഴിലാളികള്‍. ഹര്‍ത്താലിന് എത്താന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞാല്‍ മുതലാളി അനുവദിക്കില്ലല്ലോ. വ്യാപാരിക്കാണെങ്കില്‍ തൊഴിലാളികള്‍ എത്തിയാലും തുറക്കാനാകില്ല.
മിക്ക വ്യാപാരസ്ഥാപനങ്ങളും ഉടമകള്‍ നടത്തിക്കൊണ്ടുപോകുന്നത് വായ്പയെടുത്താണ്. വായ്പാ തിരിച്ചടവിനായി ദിവസേന ഒരു ചെറിയ തുക മാറ്റിവയ്ക്കലാണ് അവരുടെ രീതി. കട തുറന്നില്ലെങ്കില്‍ തിരിച്ചടവു മുടങ്ങും. അതു കടബാധ്യത കൂട്ടും. വ്യാപാരമാന്ദ്യമുണ്ടാക്കും. വ്യാപാരത്തിലെ മാന്ദ്യം ഉല്‍പ്പാദനത്തെ ബാധിക്കും. നോട്ടു നിരോധനവും ജി.എസ്.ടി അടിച്ചേല്‍പ്പിക്കലും മൂലം തകര്‍ന്ന വ്യാപാരമേഖലകള്‍ക്ക് ഇതു വലിയ ആഘാതമാകും. ഉപഭോഗസംസ്ഥാനമായ കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്കു തൊഴിലും ജീവനോപാധിയുമായ ഈ മേഖലയുടെ തകര്‍ച്ച സംസ്ഥാനത്തിനാകെ തകര്‍ച്ചയാകും.
ഇതുമൂലം മാരകമായി ശിക്ഷിക്കപ്പെടുന്ന മറ്റൊരു കൂട്ടര്‍ സ്വകാര്യ ബസ്, ടാക്‌സി, ഓട്ടോ മുതലായവയുടെ ഉടമകളും ജീവനക്കാരുമാണ്. സി.സി അടിസ്ഥാനത്തില്‍ വായ്പയെടുത്തു തിരിച്ചടക്കുന്ന ഇവര്‍ക്കു മാസത്തില്‍ ആറോ ഏഴോ ദിവസം വരുമാനമില്ലാതിരുന്നാല്‍ ഉണ്ടാകുന്ന ഗതികേട് ചിന്തിക്കാമല്ലോ. ബാങ്കുകളില്‍ അതിവേഗം ചെക്ക് ക്ലിയര്‍ ചെയ്യുന്ന രീതി കൂടി വന്നതിനാല്‍ ഇവര്‍ക്കു തിരിച്ചടവിനു സാവകാശം പോലും കിട്ടില്ല. വ്യാപാര ഗതാഗതരംഗത്തെ തകര്‍ച്ച ഉല്‍പ്പാദനമേഖലയെയും കാര്യമായി ബാധിക്കും.
കേരളത്തിലെ പ്രധാന വരുമാനമേഖലയായ ടൂറിസത്തെ ഹര്‍ത്താല്‍ എത്രമാത്രം ബാധിക്കുമെന്നു പറയേണ്ടതില്ല. വളരെ നേരത്തേ തന്നെ ഓരോ ദിവസത്തെയും യാത്രാപരിപാടികള്‍ ആസൂത്രണം ചെയ്ത് ഇവിടെയെത്തുന്നവര്‍ക്ക് ഹര്‍ത്താല്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി താങ്ങാന്‍ കഴിയില്ല. അതുകൊണ്ടാണു മഹാഭൂരിപക്ഷവും ഹര്‍ത്താലിനെ എതിര്‍ക്കുന്നത്. ഹര്‍ത്താല്‍ സൃഷ്ടിക്കുന്ന സാമൂഹ്യാനിശ്ചിതത്വങ്ങള്‍ വേറെയുമുണ്ട്.
ഇതൊക്കെ നന്നായി അറിയാമായിരുന്നിട്ടും നമ്മുടെ രാഷ്ട്രീയനേതാക്കള്‍ എന്തുകൊണ്ടാണ് ഓര്‍ക്കാപ്പുറത്തും തുടരെത്തുടരെയും ഹര്‍ത്താലാഹ്വാനം നടത്തുന്നത്. അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനുമാണോ ഇവര്‍ ഇങ്ങനെ ചെയ്യുന്നത്. അങ്ങനെ അവര്‍ അവകാശപ്പെടാറുണ്ടെങ്കിലും അതു സത്യമല്ലെന്ന് അനുഭവസ്ഥര്‍ക്കറിയാം.
ഹര്‍ത്താല്‍ നടത്തി ഉന്നയിച്ച ഒരാവശ്യവും ഇതുവരെ നടന്നിട്ടില്ല. പെട്രോള്‍ വിലയായാലും നോട്ടു നിരോധനമായാലും അഴിമതിയായാലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളായാലും അവയൊക്കെ മാറ്റമില്ലാതെ തുടരുന്നു. ഈ വിഷയമാണു കക്ഷികളെ പ്രതിക്കൂട്ടിലാക്കുന്നത്. ജനാധിപത്യപരമായി സമരങ്ങള്‍ നടത്താന്‍ അവര്‍ക്കവകാശമുണ്ടെങ്കിലും അതിനൊന്നും അവര്‍ മുതിരാറില്ല. അങ്ങനെ സമരം നടത്തിയാല്‍ അതു ജനങ്ങള്‍ അറിയുക പോലുമില്ല.
അതിനവര്‍ക്കുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുന്നുവെന്നതല്ലേ സത്യം. കഴിഞ്ഞ രണ്ടുമൂന്നു പതിറ്റാണ്ടായി ഈ കക്ഷികള്‍ ജനകീയ വിഷയമേറ്റെടുത്ത് ഒരു സമരം നടത്തി വിജയിപ്പിച്ചിട്ടുണ്ടോ. വലിയ സംഘടനാസംവിധാനങ്ങളുള്ള ഇടതുപക്ഷമടക്കമുള്ളവര്‍ പൊതുവെ ജനകീയവിഷയങ്ങള്‍ ഉന്നയിക്കാറേയില്ല. സ്വാശ്രയകോളജുകള്‍ തുടങ്ങി സോളാര്‍ അഴിമതി വരെയുള്ള വിഷയങ്ങളില്‍ ഇവര്‍ നടത്തിയ സമരങ്ങള്‍ ഒന്നും യഥാര്‍ഥ ലക്ഷ്യം വച്ചു നടത്തിയവയായിരുന്നില്ലെന്ന് അവര്‍ ഭരിക്കുമ്പോള്‍ ചെയ്യുന്ന നടപടികളിലൂടെ ബോധ്യമാകും.
കൂത്തുപറമ്പ് വെടിവയ്പ്പിന് അടിസ്ഥാനം :’പരിയാരത്തെ കോഴക്കോളജ് ‘ ആയിരുന്നല്ലോ. അന്ന് അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ച സമരം നടത്തിയ ഇടതുപക്ഷം പലവട്ടം അധികാരത്തിലെത്തിയിട്ടും അതു കോഴക്കോളജ് തന്നെയായി തുടരുന്നു. അവര്‍ തന്നെ ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായി കോഴ വാങ്ങുന്നു, അഴിമതി നടത്തുന്നു. സോളാറിന്റെ സ്ഥിതിയെന്താണെന്നു നമുക്കറിയാം. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരേ സമരം നടത്തിയവര്‍ നേരം പുലര്‍ന്നപ്പോള്‍ മാണിയെ കൂടെക്കൂട്ടാന്‍ തിടുക്കം കാട്ടി.
ഇതുതന്നെയാണു കോണ്‍ഗ്രസിന്റെയും വലതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും അവസ്ഥ. ജനങ്ങളെ അണിനിരത്തി ഒരു സമരം നടത്തി വിജയിപ്പിക്കാന്‍ അവര്‍ക്കാകുന്നില്ല. അപ്പോഴാണ് ഒരു ബുദ്ധിമുട്ടുമില്ലാതെ ഒരു പത്രക്കുറിപ്പിലൂടെ നാട് മുഴുവന്‍ നിശ്ചലമാക്കാന്‍ കഴിയുന്ന ഹര്‍ത്താലെന്ന വജ്രായുധം പ്രയോഗിക്കുന്നത്. ഇതുവഴി കേരളമാകെ സ്തംഭിപ്പിക്കാം. സമരം ശക്തമാണെന്നു സ്ഥാപിക്കാം. സമരത്തോടോ അതിന്റെ ലക്ഷ്യത്തോടോ അനുഭാവം ഉള്ളവര്‍ പോലും ശപിക്കുന്ന ഈ സമരമുറ അവരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു.
ഹര്‍ത്താലില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതും വാഹനമോടിക്കാത്തതും കടകള്‍ തുറക്കാത്തതും അതിനോടുള്ള അനുഭാവം കൊണ്ടല്ലെന്ന് അതു നടത്തുന്നവര്‍ക്കും അറിയാം. ഏത് ഈര്‍ക്കില്‍ സംഘടന നടത്തിയാലും വിജയിപ്പിക്കാവുന്ന ഒന്നായി ഹര്‍ത്താല്‍ മാറിയത് അങ്ങനെയാണ്. നിയമപാലനം ഇല്ലാതാക്കാന്‍ ഇവര്‍ക്കു കഴിയുന്നു.
ആവശ്യത്തില്‍ക്കൂടുതല്‍ വരുമാനവും സുരക്ഷിതത്വവുമുള്ള മധ്യവര്‍ഗം കേരളത്തില്‍ പെരുകിയിരിക്കുന്നുവെന്നതും ഹര്‍ത്താലുകളുടെ വിജയത്തിനു കാരണമാണ്. നാളെ ഹര്‍ത്താലുണ്ടെന്ന് എവിടെയെങ്കിലും കേട്ടാല്‍ അവര്‍ക്കു സന്തോഷമാണ്. ഒരു മുടക്കു ദിവസം കിട്ടിയ സ്‌കൂള്‍ കുട്ടിയേക്കാള്‍ ഇവര്‍ സന്തോഷിക്കുന്നു. പിന്നെ ഹര്‍ത്താല്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങളായി, ഭക്ഷണവും ചിലര്‍ക്കെങ്കിലും മദ്യവുമൊക്കെ വാങ്ങാനുള്ള തിരക്കായി.
ഹര്‍ത്താലുകളുടെ വിജയത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കും വിമര്‍ശനാത്മകമായി പരിശോധിക്കപ്പെടണം. ആരെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചെന്നു കേട്ടാല്‍ ഉടനെ പ്രധാനവാര്‍ത്തയായി സ്‌ക്രോള്‍ ചെയ്യാന്‍ തുടങ്ങും. ഇതുവഴി നാളെ നാടെങ്ങും സ്തംഭിക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെടും. മുന്‍കാലാനുഭവത്താല്‍ ജനം ഭീതിയിലാകും. പിന്നെ ആ ദുരന്തം എങ്ങനെ മറികടക്കാമെന്ന ചിന്തയാകും. പിറ്റേന്ന് പരീക്ഷ, യാത്ര, വിവാഹം, മരണശുശ്രൂഷ, ചികിത്സ തുടങ്ങിയ അനിവാര്യതകളുള്ളവരാണ് ഏറെ വിഷമിക്കുന്നത്.
സ്വകാര്യ ബസുകളും ടാക്‌സിയും ഓട്ടോയും ഓടില്ലെന്നുറപ്പ്. നിയമം പാലിക്കാന്‍ ബാധ്യതപ്പെട്ട പൊലിസാണെങ്കില്‍ മിക്കപ്പോഴും നോക്കുകുത്തികളായിരിക്കും. സര്‍ക്കാര്‍ ബസ്സുകള്‍ നിരത്തിലിറക്കിയാല്‍ പിന്നെ പറയാനില്ല. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം ഏറുകൊണ്ടു പൊളിഞ്ഞ വണ്ടിയുമായി അവര്‍ നടത്തിയ വിലാപയാത്ര നമ്മള്‍ കണ്ടു.
പ്രളയം കൊണ്ടു ജനജീവിതം തകര്‍ന്ന കേരളത്തില്‍ ഇത്രയേറെ ഹര്‍ത്താലുകള്‍ നടത്തുക വഴി കൂടുതല്‍ തകര്‍ച്ചയിലേയ്ക്കു നീങ്ങുകയാണ്. അഖിലേന്ത്യാപണിമുടക്കെന്ന പേരില്‍ നടത്തിയാലും മിക്കവാറും കേരളത്തില്‍ മാത്രമേ സ്തംഭനമുണ്ടാകൂവെന്നതാണ് അനുഭവം.
മറ്റേതെങ്കിലും രീതിയിലേയ്ക്കു സമരം മാറ്റാന്‍ നമുക്കു കഴിയുമോ. തൊഴിലാളികള്‍ ദീര്‍ഘകാലത്തെ സമരം നടത്തിയാണ് അവകാശങ്ങള്‍ നേടിയെടുത്തതെന്നറിയാം. ആ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എന്നാല്‍, സമരത്തില്‍ പങ്കെടുക്കാത്ത, സമരങ്ങള്‍ മൂലം തന്നെ ചോദ്യം ചെയ്യപ്പെടുന്ന വലിയൊരു ഭൂരിപക്ഷത്തിന്റെ ജീവിക്കാനുള്ള അവകാശങ്ങളോ.
ഹര്‍ത്താലില്‍ സംഘടിത ന്യൂനപക്ഷം അസംഘടിത മഹാഭൂരിപക്ഷത്തിന്റെ നിലനില്‍പ്പാണു ചോദ്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ശരിയായ ഹര്‍ത്താല്‍ തെറ്റായ ഹര്‍ത്താല്‍ എന്നു കാണാന്‍ കഴിയില്ല. പണിമുടക്കുന്നവര്‍ക്ക് അതുചെയ്യാം. പക്ഷേ, അതുമായി ഒരു ബന്ധവുമില്ലാത്തവരുടെ സഞ്ചരിക്കാനും പണി എടുക്കാനുമുള്ള അവകാശം നിഷേധിച്ചു കൂടാ.
ഹര്‍ത്താല്‍ ന്യായമാണെന്നു വാദിക്കുന്നവര്‍ ഭരിക്കുമ്പോള്‍ ശരിയായ ജനകീയ സമരങ്ങളോടെടുക്കുന്ന സമീപനമെന്താണെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. സ്വന്തം ഭൂമിയും വീടും തൊഴില്‍സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍, പരിസ്ഥിതിനാശം കൊണ്ടു ദുരിതമനുഭവിക്കുന്നവര്‍, ഭരണകൂടങ്ങള്‍ നിയമം പാലിക്കാത്തതിനാല്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ തുടങ്ങിയവര്‍ സമരം നടത്തുമ്പോള്‍ ഇതേ രാഷ്ട്രീയനേതൃത്വങ്ങളെടുക്കുന്ന സമീപനമെന്താണ്. ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന വികസനതടസങ്ങളോ മൂലധനസൗഹൃദ നാശമോ ഇവര്‍ പരിഗണിക്കാത്തതെന്തുകൊണ്ടാണ്.
ചുരുക്കത്തില്‍, ഇപ്പോള്‍ നടന്നുവരുന്ന ഹര്‍ത്താലുകളൊന്നും ജനങ്ങളുടെ താല്‍പ്പര്യത്തിനല്ല, ഓരോ കക്ഷികളുടെയും സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയാണ്. അവര്‍ക്ക് ശക്തി തെളിയിക്കാനുള്ള ഒരു മാര്‍ഗം മാത്രം. ഇതു ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.
അഴിമതിവിരുദ്ധ ജനകീയപ്പോരാട്ടങ്ങളിലൂടെ വളര്‍ന്നു വന്ന രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ ഹര്‍ത്താലുകളെ ആം ആദ്മി പാര്‍ട്ടി അംഗീകരിക്കുന്നില്ല. ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അതിനീചമായ വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദ്രോഹിച്ചപ്പോഴോ, പാര്‍ട്ടിയുടെ നിരവധി ജനപ്രതിനിധികളെ കള്ളക്കേസില്‍ കുടുക്കിയപ്പോഴോ പോലും ആം ആദ്മി പാര്‍ട്ടി ഹര്‍ത്താലാഹ്വാനം നടത്തിയിട്ടില്ല. കാരണം, ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കെതിരാണ്. ഈ ജനവികാരം വളര്‍ത്തിയെടുത്തു കേരളത്തെ മോചിപ്പിക്കാനുള്ള ചുമതല ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ ഏറ്റെടുക്കണമെന്നാണു കാലം ആവശ്യപ്പെടുന്നത്.
ഹര്‍ത്താലിന്റെ ഇരകളാക്കപ്പെടുന്ന ജനങ്ങളെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഈ കൂട്ടായ്മയില്‍ അണി നിരത്താന്‍ കഴിയും. ജനാധിപത്യവിരുദ്ധമായ ഹര്‍ത്താലിനെ എതിര്‍ക്കുന്ന ഒട്ടനവധി വ്യക്തികള്‍ കേരളത്തിലുണ്ട്. അവരുടെ പിന്തുണയും ഈ പോരാട്ടത്തിനുണ്ടാകുമെന്ന ഉറച്ച വിശ്വാസമുണ്ട്.
പക്ഷേ, ജനങ്ങളുടെ ഐക്യത്തിനു ഭീഷണിയായ ഒരു വസ്തുത കൂടിയുണ്ട്. ഏതു പൊതു ജനകീയവിഷയത്തെയും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടുകൊണ്ടു ജനങ്ങളെ വിഭജിക്കാനും അതുവഴി തങ്ങള്‍ക്കു ലാഭമുണ്ടാക്കാനും ശ്രമിക്കും. ജനങ്ങള്‍ വിഭജിക്കപ്പെടുന്നതോടെ അവരുടെ യോജിച്ച മുന്നേറ്റങ്ങള്‍ പരാജയപ്പെടും. ഹര്‍ത്താല്‍ വിഷയത്തില്‍ അതുണ്ടാകരുത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.