2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

ജനരോഷം നല്‍കിയ കനത്ത താക്കീത്


പ്രളയക്കെടുതിയുടെ ദുരിതഭാരം പേറുന്ന കേരളത്തിന് ഒട്ടും താങ്ങാവുന്നതായിരുന്നില്ല ഇന്നലത്തെ ഹര്‍ത്താല്‍. ഇക്കാര്യം പലരും നേരത്തെ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യമാകെ ആളിക്കത്തിയ ജനരോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാവാത്ത സാഹചര്യത്തിലായിരുന്നു കേരളം. അതുകൊണ്ടാണ് ഈ ദുരിതാവസ്ഥയിലും സംസ്ഥാനം ശക്തമായി തന്നെ പ്രതികരിച്ചത്. മറ്റു ഹര്‍ത്താലുകളില്‍ നിന്ന് വ്യത്യസ്തമായി അതു പ്രഖ്യാപിച്ച കക്ഷികള്‍ക്കു പുറത്തുള്ളവരില്‍ നിന്ന് പോലും പിന്തുണ ലഭിച്ചെന്നാണ് സൂചന.
അതുതന്നെയായിരുന്നു രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെയും അവസ്ഥ. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആറു മണിക്കൂര്‍ ഭാരത് ബന്ദിന് നിരവധി പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിക്കുകയുണ്ടായി. പലയിടങ്ങളിലും അത് ആറു മണിക്കൂറിലധികം നീണ്ടു. കൂടെ ഇടതുപക്ഷം പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താലും കൂടിയായപ്പോള്‍ രാജ്യം ഏറെക്കുറെ നിശ്ചലമായി. ഭാരത് ബന്ദിന് പിന്തുണ നല്‍കാന്‍ വിസമ്മതിച്ച മമതാ ബാനര്‍ജിയുടെ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ പോലും ബന്ദ് ആഹ്വാനത്തിനു മികച്ച പ്രതികരണമുണ്ടായി.
ഇന്ധനവില ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നതു കാരണം പൊറുതിമുട്ടിയ ജനതയുടെ രോഷമാണ് ഇന്നലെ രാജ്യം കണ്ടത്. പുതിയ കാലത്ത് സാധാരണക്കാരുടെയടക്കം ജീവിതത്തില്‍ കുടിവെള്ളത്തിനും ആഹാരത്തിനും വസ്ത്രത്തിനുമൊക്കെയുള്ള അത്ര തന്നെ പ്രാധാന്യം പെട്രോളിനും ഡീസലിനുമൊക്കെയുണ്ട്. കൂലിപ്പണിക്കാരടക്കമുള്ളവര്‍ക്ക് തൊഴില്‍ ചെയ്തു ജീവിക്കാന്‍ ഏതെങ്കിലും തരം വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കാലമാണിത്. കൂടാതെ ഇന്ധനവില അവശ്യവസ്തുക്കളുടെ വിലയില്‍ സൃഷ്ടിക്കുന്ന വര്‍ധന വേറെയും. ഇതെല്ലാം സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചിട്ടുണ്ട്.

എണ്ണക്കമ്പനികള്‍ തോന്നിയതുപോലെ ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇക്കാര്യത്തില്‍ തികഞ്ഞ നിഷ്‌ക്രിയത്വം പാലിക്കുകയാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍. വില നിശ്ചയിക്കാനുള്ള അവകാശം യു.പി.എ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്കു നല്‍കിയതിനാല്‍ സര്‍ക്കാരിന് ഇതിലൊന്നും ചെയ്യാനാവില്ലെന്നും രൂപയുടെ മൂല്യശോഷണവുമൊക്കെ പറഞ്ഞൊഴിയാന്‍ ന്യായങ്ങളുണ്ടെങ്കിലും വേണമെങ്കില്‍ ഇടപെടാന്‍ ഇടങ്ങളുണ്ടെന്നതാണ് യാഥാര്‍ഥ്യം. രാജ്യത്ത് ഇന്ധന ബിസിനസില്‍ വലിയൊരു പങ്കു വഹിക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. അവരുടെ വിലനിര്‍ണയത്തില്‍ സര്‍ക്കാരിന് ഇടപെടാം. ന്യായമായ ലാഭം മാത്രമെടുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചാല്‍ അതിന് അനുസൃതമായി വില കുറയ്ക്കാന്‍ സ്വകാര്യ കമ്പനികള്‍ നിര്‍ബന്ധിതരാകും.

എന്നാല്‍ അയല്‍രാജ്യങ്ങളിലൊക്കെ ഉള്ളതിലധികം ഇന്ധനവില ഈടാക്കി ഇന്ത്യന്‍ ജനതയെ പിഴിയാന്‍ വന്‍കിട മൂലധന ഭീമന്‍മാര്‍ക്ക് സൗകര്യമൊരുക്കുകയാണ് മോദി സര്‍ക്കാര്‍. ആരെയും വിലക്കു വാങ്ങാന്‍ പാകത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ പണപ്പെട്ടി നിറഞ്ഞുകവിയുന്നതിനു പിന്നില്‍ ഈ ഉപകാരം കൂടിയുണ്ടെന്നു വ്യക്തം.
എണ്ണക്കമ്പനികളുടെ ലാഭത്തിനു പുറമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതികള്‍ കൂടി ഉള്‍പ്പെട്ടതാണ് നമ്മള്‍ നല്‍കേണ്ടിവരുന്ന ഇന്ധനവില. അതില്‍ ഇളവു വരുത്തി ചെറിയ ആശ്വാസമെങ്കിലും ജനങ്ങള്‍ക്കു നല്‍കാവുന്നതുമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു തുടക്കമിട്ടാല്‍ സംസ്ഥാന സര്‍ക്കാരുകളും അതിനു നിര്‍ബന്ധിതരാകും. എന്നാല്‍ ഈ ആവശ്യത്തിനു നേരെയും പുറംതിരിഞ്ഞു നില്‍ക്കുകയാണ് മോദി സര്‍ക്കാര്‍. കൂട്ടത്തില്‍, ഇന്ധനവിലയുടെ കാര്യത്തില്‍ ഭാവിയിലും ഒരുതരം ഇടപെടലുമുണ്ടാവില്ലെന്ന സൂചന കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്. അങ്ങനെ ജനതയെ വെല്ലുവിളിച്ചുകൊണ്ട് എണ്ണക്കമ്പനികള്‍ക്കു ദാസ്യവൃത്തി ചെയ്യുകയാണ് കേന്ദ്ര ഭരണകൂടം.
രാഷ്ട്രീയമായി മോദി സര്‍ക്കാരിനു ശക്തമായ താക്കീതു നല്‍കുക കൂടി ചെയ്തിരിക്കുകയാണ് ഇന്നലത്തെ പ്രക്ഷോഭം. പല വിഷയങ്ങളിലും എന്തെങ്കിലുമൊക്കെ കാരണത്താല്‍ ഒരുമിച്ചു നില്‍ക്കാന്‍ വിസമ്മതിക്കുന്ന പ്രതിപക്ഷ കക്ഷികളില്‍ മിക്കതിനെയും ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ബന്ദിനായി. കോണ്‍ഗ്രസുമായി സ്വരച്ചേര്‍ച്ചയില്ലാത്ത ചില കക്ഷികള്‍ പോലും ബന്ദില്‍ പങ്കാളികളായി. മോദി സര്‍ക്കാരിന്റെ കടുത്ത ജനവിരുദ്ധ നയങ്ങള്‍ അതിനവരെ നിര്‍ബന്ധിതരാക്കി എന്നതാണ് യാഥാര്‍ഥ്യം. രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഈ ഘട്ടത്തില്‍ മോദിക്കും ബി.ജെ.പിക്കും കനത്ത വെല്ലുവിളി കൂടിയാണ് ഈ ഒത്തുചേരല്‍. ജനവിരുദ്ധ ഭരണത്തെ രാജ്യം അധികകാലം വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം കൂടി ഈ പ്രക്ഷോഭം നല്‍കുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.