2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കുല്‍ഭൂഷണ്‍ കേസില്‍ പ്രതിഫലമായി വാങ്ങിയത് ഒരു രൂപ! ഇത് ഹരീഷ് സാല്‍വെയുടെ വിജയം

ന്യൂഡല്‍ഹി: ചാരന്‍ എന്നാരോപിച്ച് പാക് കോടതി വധശിക്ഷ വിധിച്ച് ജയിലിലടച്ച കുല്‍ഭൂഷണു വേണ്ടി അന്താരാഷ്ട്ര അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദിച്ചത് ഹരീഷ് സാള്‍വ് എന്ന മുന്‍ സോളിസിറ്റര്‍ ജനറല്‍. അതീവ സാമര്‍ഥ്യവും നിയമമേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവപാഠങ്ങളും മുന്നിലുള്ള സാള്‍വെയുടെ കൃത്യതയാര്‍ന്ന ഇടപെടലാണ് കുല്‍ഭൂഷണെ കഴുമരത്തില്‍നിന്ന് നിലത്തിറക്കിയത്. ലോകത്തെ ശ്രേദ്ധയരായ അഭിഭാഷകരില്‍ ഒരാളായ സാല്‍വെ ഒരു സിറ്റിങ്ങിനു ആറു മുതല്‍ 12 വരെ ലക്ഷങ്ങളാണ് വാങ്ങുന്നത്. അത്രമേല്‍ കഴിവും പ്രാപ്തിയുമുള്ള ഒരാള്‍ നേടിയെടുത്ത വിജയം ഇന്ത്യയുടെ തന്നെ അഭിമാനം ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ കുല്‍ഭൂഷന്‍ വിഷയത്തില്‍ കേവലം ഒരു രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം. മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഇതാണ് യഥാര്‍ഥ ദേശീയത എന്നും രാജ്യത്തിന്റെ വികാരം മനസില്‍ ഉള്‍ക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഒരു രൂപ ഈടാക്കാന്‍ തീരുമാനിച്ചതെന്നും സാള്‍വിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ലോകത്തു തന്നെ ഏറ്റവും വിലയേറിയ അഭിഭാഷകനെന്നും സാള്‍വെയെ വിശേഷിപ്പിക്കുന്നുണ്ട്. അത്രമേല്‍ കൃത്യതയും മുനകൂര്‍ത്തതുമായ ഇടപെടലുകളാണ് അദ്ദേഹം നിയമപരിജ്ഞാന മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിലെ ഇര ബല്‍ക്കീസ് ഭാനുവിനു വേണ്ടി 2003ല്‍ ഹാജരായ ഇദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1999 നവംബര്‍ ഒന്നു മുതല്‍ 2002 നവംബര്‍ മൂന്നുവരെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ച സാള്‍വെ വിവിധ പ്രശ്‌നങ്ങളില്‍ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര തലത്തില്‍ മധ്യസ്ഥത വഹിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാവും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ എന്‍.കെ.പി സാള്‍വിന്റെ മകനായി 1955ല്‍ ജനിച്ച ഇദ്ദേഹം പിതാവിന്റെ വഴിയെ ആയിരുന്നു ആദ്യം സഞ്ചരിച്ചിരുന്നത്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സിയും പിന്നീട് നിയമപഠനവും നടത്തിയ ഇദ്ദേഹം ഒരു കമ്പനിയില്‍ അക്കൗണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980ല്‍ ജെ.ബി ദാദചാന്ദ്ജിയില്‍ നിന്നാണ് അഭിഭാഷക വൃത്തി ആരംഭിച്ചത്. മുന്‍ അറ്റോര്‍ണി ജനറലായിരുന്ന സോളി സൊറാബ്ജിയോടൊത്തായി പിന്നീടുള്ള ആറുവര്‍ഷവും.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രിം കോടതി ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂറിയായും നിയമിച്ചു. 2013ല്‍ വിദഗ്ധ ഇംഗ്ലീഷ് അഭിഭാഷകരുടെ സംഘമായ ബ്ലാക്ക് സ്റ്റോണ്‍ ചാംബേര്‍സില്‍ ചേര്‍ന്നു പ്രവര്‍ത്തനം തുടങ്ങി. നിലവില്‍ റിലയന്‍സ്, ടാറ്റാ ഗ്രൂപ്പ് തുടങ്ങിയ വമ്പന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്കു വേണ്ടിയും സാള്‍വെ പ്രവര്‍ത്തിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News