2017 November 13 Monday
മനുഷ്യാവസ്ഥയെക്കുറിച്ചു നിരാശപ്പെടുന്നവന്‍ ഭീരു തന്നെ; അതില്‍ മോഹം കൊള്ളുന്നവന്‍ വിഡ്ഢിയും
ആല്‍ബര്‍ട്ട് കാമ്യു

ഹാര്‍ദിക് പട്ടേലിനെതിരെ ‘സെക്‌സ് ടേപ്പ്’: ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്ട്രീയമെന്ന് പ്രതികരണം

ഗാന്ധിനഗര്‍: വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളിയാവുമെന്നു കണ്ട പട്ടിതാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ‘സെക്‌സ് ടേപ്പു’മായി ബി.ജെ.പി രംഗത്ത്. എന്നാല്‍ ഇത് വ്യാജമാണെന്നും ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ഹാര്‍ദിക് പാട്ടേല്‍ പ്രതികരിച്ചു.

തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുന്നതിനു വേണ്ടി ഗുജറാത്തിലെ സ്ത്രീകളെ ബി.ജെ.പി അപമാനിക്കുകയാണെന്നും ഹാര്‍ദിക് പറഞ്ഞു.

ഗുജറാത്തിലെ പ്രാദേശിക ചാനലുകളിലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഒരു ഹോട്ടലില്‍ നിന്നുള്ള നാലു മിനിറ്റ് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ബി.ജെ.പി ഇത്തരം പ്രവൃത്തി ചെയ്യുമെന്ന് ഹാര്‍ദിക് പറഞ്ഞതിന്റെ പത്താം ദിനത്തിലാണ് വീഡിയോ പുറത്തുവന്നത്. ബി.ജെ.പി ഒരു കൃത്രിമ സെക്‌സ് വീഡിയോ തയ്യാറാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് അത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി.ജെ.പിയില്‍ നിന്ന് ഇതല്ലാതെ വേറൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഹാര്‍ദികിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ബി.ജെ.പി ഗുജറാത്ത് അധ്യക്ഷന്‍ ജിതു വഘാനി തയ്യാറായിട്ടില്ല.

ബി.ജെ.പി തന്നെ അപമാനിക്കാന്‍ ഇനിയും ഇത്തരം പ്രവൃത്തി തുടരുമെന്നും താന്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സമുദായത്തിനു വേണ്ടി പോരാടുമ്പോള്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്നും ഹാര്‍ദിക് പറഞ്ഞു.

ഗുജറാത്തിലെ 13 ശതമാനം വരുന്ന പട്ടേല്‍ സമുദായത്തെ പ്രതിനിധീകരിച്ച് സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയയാളാണ് ഹാര്‍ദിക് പാട്ടേല്‍. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ ചര്‍ച്ചായാവാമെന്ന് ഹാര്‍ദിക് നേരത്തെ പ്രതികരിച്ചിരുന്നു. ഹാര്‍ദിക്കിന്റെ മുന്നേറ്റം വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാവുമെന്നാണ് നിരീക്ഷണം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.