2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അബദ്ധവും അപകടവും വിതച്ച് ടിക് ടോക്, നിരോധിക്കണമെന്നാവശ്യം

 

  • ഹംസ ആലുങ്ങല്‍

കോഴിക്കോട്: നേരത്തെ ‘ബ്ലൂവെയില്‍, ഇന്നലെ മോമോ, സൈക്കോ ചെക്കന്‍. ഇന്ന് ടിക് ടോക്. കൗമാരക്കാര്‍ക്കു മുമ്പിലെ സൈബര്‍ ചുഴികളുടെ പേര് നാളെ മറ്റൊന്നാകും. കൗമാരത്തിന്റെ ജിജ്ഞാസ അവരെ ഇതിന്റെ പിറകെ പായാന്‍ പ്രേരിപ്പിക്കുന്നു. കുറുക്കു വഴികളിലൂടെ കുതിച്ചുയരാന്‍ വെമ്പല്‍ കൊള്ളുന്ന കൗമാരത്തിന്റെ മുമ്പില്‍ ഇപ്പോള്‍ തരംഗമാകുന്ന ടിക് ടോക്കു വീഡിയോകള്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

അതിരു കടക്കുന്ന ടിക് ടോക് വിപത്തില്‍പെട്ട് വിദ്യാര്‍ഥികള്‍ കടലുണ്ടിപ്പുഴയില്‍ ചാടിയെന്ന തരത്തില്‍ വാട്‌സാപ്പിലും മറ്റും ഒരുപാട് മെസേജുകളാണ് പ്രചരിച്ചത്. ഇതിന്റേതെന്നു പറഞ്ഞ് ചില വീഡിയോകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് കടലുണ്ടിയിലേതല്ലെന്നും പ്രചാരണമുണ്ടായി. സമൂഹത്തില്‍ ശ്രദ്ധേയരാവാനാണ് കൗമാരക്കാര്‍ ഈ വഴി തിരഞ്ഞെടുക്കുന്നത്. ഇവരില്‍ പലരും ചെന്നു ചാടുന്നത് അബദ്ധങ്ങളിലും അപകടങ്ങളിലുമാണ്.

സൈബര്‍ നിയമങ്ങള്‍ ശക്തമാണിന്ന്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണ വികസനത്തിനുള്ള സംഘടനയായ (ഒ.ഇ.സി.ഡി) ആയിരുന്നു സൈബര്‍ കുറ്റകൃത്യങ്ങളെ ആദ്യമായി കൈകാര്യം ചെയ്യാന്‍ തുടക്കമിട്ടത്. 1985ലായിരുന്നു ഇത്. അന്താരാഷ്ട്ര തലത്തില്‍ ഒരു താത്കാലിക കമ്മിറ്റിക്കു രൂപം കൊടുത്തു. എല്ലാ കുറ്റകൃത്യനിയമങ്ങളും സംയോജിപ്പിച്ച് കംപ്യൂട്ടറുമായി ബന്ധപ്പെട്ട കുറ്റങ്ങളെ ചെറുക്കാന്‍ ചര്‍ച്ച നടത്തി. 1983-85 കാലത്തെ കുറ്റകൃത്യങ്ങളാണ് ചര്‍ച്ചയ്ക്ക് വിധേയമാക്കിയത്. ഇതിന്റെ ചുവടു പിടിച്ചാണ് ലോകത്തും വൈകാതെ ഇന്ത്യയിലും സൈബര്‍ നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നിയമങ്ങള്‍ നിര്‍മിതമായത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000വും ഭേദഗതിചെയ്ത ഇന്‍ഫര്‍മേഷന്‍ ആക്ട് 2008 ഉം അതിനോടനുബന്ധിച്ച വിവിധ ചട്ടങ്ങളും ഇന്ത്യന്‍ പീനല്‍കോഡിലെ ചില വകുപ്പുകളും മൂന്നുവര്‍ഷം മുതല്‍ 10 വര്‍ഷം വരേ തടവും ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരേ പിഴയും ലഭിക്കാവുന്ന കുറ്റങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. നിയമം ഏറെയുണ്ടെങ്കിലും സൈബര്‍ കേസുകളുടെ വര്‍ധനവ് അമ്പരപ്പിക്കുന്നതാണ്.

മാനസികമായി എന്തെങ്കിലും പ്രശ്‌നമുള്ളവരോ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരോ ഒക്കെയാണ് ഇന്‍ര്‍നെറ്റിന്റെ നീരാളിപ്പിടുത്തത്തില്‍ കൂടുതലായി അകപ്പെടുന്നത്.
കൊച്ചിയിലും കോഴിക്കോട്ടും വയനാട്ടിലും മാത്രമല്ല, കൊച്ചുഗ്രാമങ്ങളില്‍ നിന്നുപോലും സൈക്കോ ചെക്കന്‍മാരെ കൂടുതലായി കണ്ടെത്തിയിരുന്നു.
മലപ്പുറത്തെ പാണ്ടിക്കാട്ടുനിന്നുപോലും ഇരകളെ കണ്ടെത്തിയിരിക്കുന്നു. നേരത്തെ ബിന്‍ലാദന്റെ ഇന്‍ഷാ അല്ലാ ഡോട്ട് കോമിലേക്ക് ഇമെയില്‍ അയച്ച് രക്ഷിതാക്കളെയും നാട്ടുകാരേയും ബേജാറാക്കിയതും പാണ്ടിക്കാട്ടുനിന്നുള്ള രണ്ട് കൗമാരക്കാരായിരുന്നു.

ഇരകളോ വേട്ടക്കാരോ ആയ ഏത് കുട്ടികളെ ശ്രദ്ധിക്കുമ്പോഴും ഒരുകാര്യം വ്യക്തമാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാത്തവരാണ് പലരും. അല്ലെങ്കില്‍ ആണ്‍കുട്ടികളല്ലേ അവര്‍ വഴിതെറ്റില്ലല്ലോ എന്നു കരുതുന്ന രക്ഷിതാക്കളാണിവര്‍ക്കുള്ളത്.

അടുത്ത കാലത്ത് വയനാട്ടിലുണ്ടായ മൂന്നു കുട്ടികളുടെ മരണങ്ങളും ദുരൂഹതയില്‍ പൊലിഞ്ഞ മറ്റു ചില കൗമാര ആത്മഹത്യകളിലും ഇത് സത്യമാണെന്നു വ്യക്തമാക്കുന്നതായി വയനാട് സംഭവത്തില്‍ വസ്തുതാ അന്വേഷണം നടത്തിയ കോഴിക്കോട് ഇംഹാന്‍സിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ കുര്യന്‍ ജോസ് പറഞ്ഞു.
ഇതൊരു കള്‍ച്ചറല്‍ ഇംപാക്ടാണ്. ഈ മൂന്നു കേസിലും കുട്ടികളുടെ മേലില്‍ രക്ഷിതാക്കളുടെ കടിഞ്ഞാണ്‍ ഉണ്ടായിരുന്നില്ല. അമ്മമാര്‍ കുട്ടികളെ വേണ്ടതുപോലെ നിരീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഭദ്രദതയുള്ള കുടുംബത്തിലെ കുട്ടികളായിരുന്നില്ല അവര്‍. എന്നിട്ടും ആവശ്യപ്പെട്ടതെല്ലാം രക്ഷിതാക്കള്‍ വാങ്ങിക്കൊടുത്തിരുന്നു.

കുട്ടികള്‍ ഇതില്‍ ഇരകളും പലപ്പോഴും പ്രതികളുമാകുന്നു. അതിന്റെ തോത് കൂടുകയേയുള്ളൂ. ഇന്റര്‍നെറ്റിന്റെ ഉപയോഗം കുറയ്ക്കുക ഇനി സാധ്യമല്ല. ഓരോ വീടുകളിലെ ഓരോകുട്ടിക്കും സാധ്യതകളെ ഉപയോഗപ്പെടുത്താതിരിക്കാനും സാധിക്കില്ല. ഒരേപോലെ രക്ഷകനും ശിക്ഷകനുമാണ് ഇന്റര്‍നെറ്റെന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് ഉണ്ടാക്കികൊടുക്കുകയേ നിര്‍വാഹമുള്ളൂ. അതിനുള്ള ബോധവത്കരണമാണ് കുട്ടികള്‍ക്കിനി നല്‍കേണ്ടത്.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.