2018 November 21 Wednesday
വിഡ്ഢികള്‍ പാതിനിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയിടുന്നു. ബുദ്ധിമാന്‍മാര്‍ തടാകംപോലെ ശാന്തരാകുന്നു

ഹജ്ജ് 2018: ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹജ്ജ് മിഷന്‍ പ്രവര്‍ത്തനം തൃപ്തികരം

ഹാജിമാര്‍ക്ക് സഹായകരമായി മലയാളി ഹജ്ജ് സേവന സംഘങ്ങള്‍ സജീവം

 

 

അബ്ദുസ്സലാം കൂടരഞ്ഞി

മദീന: ഇന്ത്യയില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിവിധ സൗകര്യങ്ങളൊരുക്കിയ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഹാജിമാര്‍ തൃപ്തര്‍. മദീനയില്‍ സജ്ജമാക്കിയ ഹജ്ജ് മിഷന്‍ ഓഫിസിനോടനുബന്ധിച്ച് വിവിധ സേവനങ്ങളാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സജ്ജമാക്കിയിരിക്കുന്നത്. ഹാജിമാരുടെ സേവനത്തിനായി ആശുപത്രികള്‍, സദാസമയവും ലഭ്യമായ പാരാമെഡിക്കല്‍ സംഘം, ഹജ്ജ് മിഷന്‍ വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം പ്രായമായവര്‍ക്കും വനിതകള്‍ക്കും ഏറെ ആശ്വാസകരമാണ്.

ഇന്ത്യയിലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ വരവ് മൂന്നാം ദിവസത്തിലേക്ക് പിന്നിട്ടു. ഇതിനകം ഏഴായിരത്തോളം ഹാജിമാരാണ് മദീനയിലെത്തിയത്. ദിനേന 2700 ഓളം ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് എത്തി കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഹാജിമാരില്‍ ഇതുവരെ കാര്യമായ മെഡിക്കല്‍ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്ത്യന്‍ ഹാജിമാര്‍ക്ക് ആശ്വാസമായി മലയാളി സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനവും ലഭ്യമാകുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യക്കാര്‍ക്കിടയില്‍ മാത്രം കണ്ടുവരുന്ന ഈ സഹായ സംഘങ്ങള്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. മദീനയില്‍ ആദ്യ ഹാജി എത്തിയതു മുതല്‍ സജീവമായ സന്നദ്ധ സംഘങ്ങള്‍ അവസാന ഹാജിയും തിരിച്ചു പോകുന്നതുവരെയും ലഭ്യമാകും. മദീനയില്‍ പതിനൊന്നോളം സംഘടനകള്‍ ഒരുമിച്ച് ഇന്ത്യന്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന് കീഴിലും കെ.എം.സി.സി, വിഖായ തുടങ്ങിയവ സ്വന്തമായാണ് പ്രവര്‍ത്തിക്കുന്നത്. വനിതാ ഹാജിമാര്‍ക്കായി വനിതാ ഹജ്ജ് വളണ്ടിയര്‍മാരും സജീവമായി രംഗത്തുള്ളത് ഏറെ ആശ്വാസകരമാണ്. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കുന്നുണ്ട്.

മദീനയിലെത്തുന്ന ഹാജിമാര്‍ വിശ്രമവും കഴിഞ്ഞു മദീന സന്ദര്‍ശനം നടത്തുകയാണ്. നാല്‍പത് വഖ്ത് നിസ്‌കാരം എന്ന നിലയില്‍ മദീനയില്‍ എട്ടു ദിവസം ചെലവഴിച്ച ശേഷമായിരിക്കും സംഘത്തിലെ ആദ്യമെത്തിയവര്‍ ക്രമേണ മക്കയിലേക്ക് യാത്ര തിരിക്കുക. അതിനു മുന്‍പ് തന്നെ ഇവര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News