2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹജ്ജ് 2018: സൂര്യാഘാതം നേരിടാന്‍ വിപുലമായ പദ്ധതികള്‍

ബെഡുകളുടെ എണ്ണം ഇരട്ടിയാക്കി, പകര്‍ച്ച വ്യാധി ഭീതികളില്ല

 

 

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: ഹജ്ജ് സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ നേരിടാന്‍ വിപുലമായ പദ്ധതികള്‍ ഒരുക്കി. സൂര്യതാപം നേരിടാനും ആവശ്യമായ ചികിത്സ നല്‍കാനും ആരോഗ്യമന്ത്രാലയവും പ്രത്യേക പദ്ധതികളും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ മക്ക, മദീന, മിന, അറഫ തുടങ്ങിയ സ്ഥലങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്ന സജ്ജീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. സൂര്യാഘാതമേല്‍ക്കുന്ന തീര്‍ഥാടകരെ കിടത്തി ചികിത്സിക്കുന്നതിനുള്ള കിടക്കകളുടെ എണ്ണം ഈ വര്‍ഷം ഇരട്ടിയായി ഉയര്‍ത്തിയതായി ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഖദാര്‍ പറഞ്ഞു.

പ്രവാചക പള്ളിയുടെ നാലു ഭാഗത്തും ഓരോന്നു വീതം നാലു ഹെല്‍ത്ത് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഓരോ ഹെല്‍ത്ത് സെന്ററിലും സൂര്യാഘാതമേല്‍ക്കുന്നവരെ കിടത്തി ചികിത്സിക്കുന്നതിന് 20 കിടക്കകള്‍ വീതമുണ്ട്. കഴിഞ്ഞ വര്‍ഷം മദീനയിലെ ഹെല്‍ത്ത് സെന്ററുകളില്‍ പത്തു വീതമുള്ള കിടക്കകളായിരുന്നു ഉണ്ടായിരുന്നത്. സൂര്യതാപമേല്‍ക്കുന്നവര്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സ നല്‍കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ജോലിക്കാര്‍, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമായ ആശുപത്രികള്‍ എന്നിവ ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. സൂര്യതാപത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ബോധവല്‍ക്കരണത്തിനായി ഹജ്ജ് ക്യാംപുകളിലും മുതവ്വിഫുമാരുടെ ഓഫിസുകളും കേന്ദ്രീകരിച്ചു വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട് .

അതേസമയം, ഹജ്ജ് സീസണില്‍ പകര്‍ച്ച വ്യാധി ഭീഷണിയെകുറിച്ചു ഭീതിയില്ലെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പകര്‍ച്ച വ്യാധികള്‍ രാജ്യത്തെത്താതെ നോക്കുന്നതിനുമുള്ള ശക്തമായ നടപടികള്‍ ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുത്തിവയ്പ്പുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട് മാത്രമല്ല, ഇതുവരെ എത്തിയ തീര്‍ത്ഥാടകരുടെ ആരോഗ്യസ്ഥിതി സസൂക്ഷ്മം ആരോഗ്യമന്ത്രാലയം വീക്ഷിക്കുന്നുണ്ട്. ഹജ്ജ് തീര്‍ഥാടകര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന ഏതു പകര്‍ച്ചവ്യാധികളും നിയന്ത്രണവിധേയമാക്കുന്നതിനുള്ള എല്ലാ വിധ തയാറെടുപ്പുകളും ആരോഗ്യമന്ത്രാലയം നടത്തിയിട്ടുണ്ട്. ഇതുവരെ തീര്‍ഥാടകര്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോ. ഹാനി ജോഖദാര്‍ പറഞ്ഞു. മദീന ആരോഗ്യ വകുപ്പ് ഈ വര്‍ഷം ആദ്യമായി മദീന-മക്ക റോഡില്‍ മൊബൈല്‍ ക്ലിനിക് ആരംഭിച്ചിട്ടുണ്ടെന്ന് മദീന ആരോഗ്യ വകുപ്പ് മേധാവി അബ്ദുല്‍ഹമീദ് അല്‍സുബ്ഹി പറഞ്ഞു. ദുല്‍ഖഅ്ദ 15 (നാളെ) മുതല്‍ മുഹര്‍റം ഒന്നു വരെയുള്ള കാലത്ത് മൊബൈല്‍ ക്ലിനിക് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.