2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹജ്ജ് 2020: മാർഗ്ഗ നിർദേശങ്ങൾ പുറത്ത് വിട്ടു, ഈ മാസം 19 മുതൽ അനുമതിയില്ലാതെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശനമില്ല 

ജംറകളിൽ കല്ലേറിന് ഒരേ സമയം 50 പേർക്ക് മാത്രം അനുമതി,   അണുവിമുക്തമാക്കിയ കല്ലുകൾ മാത്രം

അബ്ദുസ്സലാം കൂടരഞ്ഞി 

     മക്ക: കൊവിഡ് മഹാമാരി വൈറസ് ഭീഷണി നില നിൽക്കെ വളരെ പരിമിതമായ ആഭ്യന്തര തീർത്ഥാടകരുമായി മാത്രം നടത്തുന്ന ഈ വർഷത്തെ ഹജിന് മാർഗ്ഗ നിർദേശങ്ങൾ പുറത്ത് വിട്ടു. സഊദി ദേശീയ പകർച്ചവ്യാധി പ്രതിരോധ കേന്ദ്രമാണ് തീർത്ഥാടകരുടെ നീക്കങ്ങൾ ഏത് വിധേനയായിരിക്കണമെന്ന നിർദേശങ്ങൾ ഉൾപ്പെടുന്ന പെരുമാറ്റ ചട്ടം പുറത്തിറക്കിയത്. തീർഥാടകരുടെ താമസസ്​ഥലങ്ങൾ, ഭക്ഷണം കഴിക്കുന്ന ഇടങ്ങൾ, ബസ്​, ബാർബർ ​ഷോപ്പ്​, അറഫാത്ത്, മിന, മുസ്​ദലിഫ, ജംറ, മസ്​ജിദുൽ ഹറാം എന്നിവിടങ്ങളിലും നീരിക്ഷണ, ബോധവത്​കരണ രംഗത്തും ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ നിർദേശങ്ങളാണ്​ പെരുമാറ്റ ചട്ടത്തിലുള്ളത്​.വൈറസ് ഭീതി നിലനിൽക്കെ തന്നെ അതിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള കർശന നിർദേശങ്ങൾ ഉൾപ്പെടുന്ന ചട്ടപ്രകാരം 19 മുതൽ ദുൽഹജ് 12 വരെ മിന, മുസ്‌ദലിഫ, അറഫാത് എന്നിവിടങ്ങളിൽ ഹജ്ജിനുള്ള പ്രത്യേക അനുമതി പത്രം (തസ്‌രീഹ്) ഇല്ലാത്തവർക്ക് പ്രവേശനം നൽകില്ല. 

      അറഫാത്, മുസ്​ദലിഫ, മിന എന്നിവിടങ്ങളിൽ തീർഥാടകർക്ക്​ നിശ്ചിത സ്​ഥലം നിശ്ചയിക്കണം, സ്​ഥലംമാറി മാറി താമസിക്കാതിരിക്കുക, ഭക്ഷണം മുൻകുട്ടി പാക്കറ്റുകളിലാക്കി മാത്രം​ വിതരണം ചെയ്യണം, സംഘം ചേരാതിരിക്കുക, സമൂഹ അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങളും ജംറകളിൽ കല്ലേറിനു പോകുമ്പോൾ  ഓരോ നിലകളിലും ഒരേ സമയം സാമൂഹിക അകലം പാലിച്ച് 50 പേർക്ക് മാത്രമായിരിക്കും അനുമതിയെന്നും വ്യക്‌തമാക്കുന്നു. അണുവിമുക്തമാക്കി പ്രത്യേകം പാക്ക് ചെയ്ത കല്ലുകൾ ഇതിനായി നൽകും. ഒരോ വ്യക്തികൾക്കിടയിലും ഒന്നര മീറ്റർ അകലം പാലിക്കണമെന്നും ജംറകളിലേക്ക്​ പോകുമ്പോൾ മുഴുവൻ ഹാജിമാർക്കും വേണ്ട മാസ്ക്കുകൾ, സ്​റ്റെറിലൈസറുകൾ എന്നിവ ഒരുക്കണമെന്നും നിർദേശമുണ്ട്.

      കഅ്ബയും ഹജറുൽ അസ്‌വദും തൊടാനോ ചുംബിക്കാനോ അനുവദിക്കില്ല. കൂടിക്കലരൽ ഒഴിവാക്കാൻ ഒന്നര മീറ്റർ അകലം പാലിച്ചായിരിക്കണം ത്വവാഫ് ചെയ്യേണ്ടത്. ആൾക്കൂട്ടം അനുവദിക്കില്ല, ബാരിക്കേഡുകളിൽ നിന്നും അകലം പാലിക്കണം തുടങ്ങിയ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ടെന്റുകളിൽ പത്തിലധികം ഹാജിമാർക്ക് അനുവാദം ഉണ്ടാകുകയില്ല.  ജമാഅത്ത്​ നിസ്‌കാര വേളകളിൽ നിർബന്ധമായും മാസ്​ക്​ ധരിക്കണം. പള്ളിയിലേതുപോലെ സമൂഹ അകലം പാലിക്കണമെന്നും നിർദേശമുണ്ട്.

      ഓരോ ഗ്രൂപ്പിനും പ്രത്യേകം ബസുകളും വ്യക്തികൾക്ക് പ്രത്യേകം സീറ്റ് നമ്പറുകളും നൽകും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി മാത്രമേ ബസുകളിൽ അനുവദിക്കൂ. ഏതെങ്കിലും യാത്രക്കാരന് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അണുവിമുക്തമാക്കിയ ശേഷമേ യാത്ര തുടരൂ. മുടി വെട്ടുന്നവർ മാസ്‌കും കൈയുറയും ധരിക്കലടക്കം എല്ലാ വ്യവസ്ഥകളും പാലിക്കണം. രോഗലക്ഷണങ്ങളുള്ളവരെ ഹജിന് അനുവദിക്കില്ല. ഹജ്ജ്​ വേളയിൽ രോഗബാധയുണ്ടെന്ന്​ സംശയിക്കുന്നവരെ കണ്ടെത്തിയാൽ ഡോക്​ടർമാരുടെ വിലയിരുത്തലിനുശേഷം രോഗവസ്​ഥക്കനുസരിച്ചായിരിക്കും തുടർ ഹജ്ജ് നടപടികൾ. എന്നാൽ രോഗബാധയുണ്ടെന്ന്​ സംശയിക്കുന്നവർക്ക്​ പ്രത്യേക കെട്ടിടങ്ങളും താമസ സൗകര്യങ്ങളുമൊരുക്കിയിരിക്കണം.

    ആർക്കെങ്കിലും രോഗ ലക്ഷണം കണ്ടെത്തിയാൽ അവർക്ക് പ്രത്യേക ബസ്, റൂം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തും. പള്ളികളിൽ ഏർപ്പെടുത്തിയ കൊവിഡ് പ്രോട്ടോകൾ പ്രകാരം മസ്‌ജിദുൽ ഹറാമിൽ കാർപറ്റ് ഉണ്ടാവില്ല. പകരം ഓരോ തീർത്ഥാടകനും കയ്യിൽ മുസ്വല്ല കരുതണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബോട്ടിലുകളിൽ സംസം വിതരണം ചെയ്യും. നേരത്തേയുള്ള സംസം കണ്ടെയ്‌നറുകൾ ഉണ്ടാവില്ല.
സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പുറത്തിറക്കിയ തത്മൻ, തവക്കൽനാ, തബാഉദ് ആപുകൾ എല്ലാവരും ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണമെന്നും രോഗവിവരം മറച്ചുവെക്കരുതെന്നും നിർദേശമുണ്ട്. ആംബുലൻസ്​ ടീം, തീവ്രപരിചരണ സംവിധാനമുള്ള മൊബൈൽ യൂനിറ്റ്​​ എന്നിവ ഹജ്ജ്​ നിർവഹിക്കാൻ പോകുന്ന സമയത്ത്​ ഉണ്ടാകണം, രോഗ ലക്ഷണമുള്ളവരെ കണ്ടെത്തിയാൽ രണ്ടാഴ്​ചത്തേക്ക്​ നിരീക്ഷിക്കണം, ഹജ്ജ്​ കഴിഞ്ഞശേഷം രണ്ടാഴ്​ച ക്വറൻറിനീലായിരിക്കണം തുടങ്ങിയുള്ള നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

      ഈ വർഷം പതിനായിരത്തിൽ താഴെ ഹാജിമാർക്ക് മാത്രമാണ് ഹജ്ജിനു അനുമതിയുണ്ടാകുകയുള്ളൂവ്വെന്ന് നേരത്തെ തന്നെ സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും ഈ വർഷം ഹാജിമാർ ഉണ്ടാകുകയില്ല. എന്നാൽ, സഊദിക്കകത്ത് നിന്നും വിദേശികളെ അനുവദിക്കും. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.