2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ടോംഗയില്‍നിന്നെത്തിയത് ഏക ഹാജി; ഇസ്‌ലാം ആശ്ലേഷിച്ച അബാകസി വിവരിക്കുന്നത് തന്റെ ജീവിത കഥ

അബ്ദുസ്സലാം കൂടരഞ്ഞി

മക്ക: പസഫിക് സമുദ്രത്തിന് തെക്ക് പരന്നുകിടക്കുന്ന 169 ദ്വീപുകള്‍ അടങ്ങിയ ടോംഗയില്‍ നിന്നെത്തിയത് ഒരു ഹാജി മാത്രം.

300 പേര്‍ മാത്രമുള്ള ഇവിടെ നിന്നും അബാകസി ലാന്‍ഗി (50) ആണ് തന്റെ രാജ്യത്തെ ഈ വര്‍ഷത്തെ ഹജ്ജിന് പ്രതിനിധീകരിക്കുന്ന ഏക വ്യക്തി. നാല് വര്‍ഷം മുന്‍പ് ഇസ്‌ലാം ആശ്ലേഷിച്ച ഇവര്‍ ന്യൂസിലാന്റില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കൊപ്പമാണ് എത്തിയത്.

തലസ്ഥാന നഗരിയായ നുകുവാലോഫയിലാണ് രാജ്യത്തെ ഏക മസ്ജിദുള്ളത്. ഒരു ദിവസം രാത്രിയില്‍ ഈ മസ്ജിദിനു സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതിനിടെ എന്തോ ഒരു പ്രത്യേക ആകര്‍ഷണം തോന്നി പള്ളിക്കകത്ത് താന്‍ പ്രവേശിക്കുകയായിരുന്നെന്ന് അബാകസി പറഞ്ഞു.

ഈ സമയത്ത് മസ്ജിദില്‍ ആളുകള്‍ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ആരാധന തന്നെ ഏറെ ആകര്‍ഷിച്ചു. ഇതേ കുറിച്ച് കൂടുതല്‍ അറിയുന്നതിന് താന്‍ ഇമാമിനെ സമീപിച്ചു.

അദ്ദേഹമാണ് ഇസ്‌ലാമിനെ കുറിച്ച് വിവരിച്ചു തന്നത്. ഇസ്‌ലാം ആശ്ലേഷിക്കുന്നതിനുള്ള ഇമാമിന്റെ നിര്‍ദേശം താന്‍ പാലിച്ചു. തന്റെ ക്ഷണം സ്വീകരിച്ച് മാതാവ് ഒഴികെയുള്ള കുടുംബാംഗങ്ങളും പിന്നീട് ഇസ്‌ലാം ആശ്ലേഷിച്ചു. മാതാവിന്റെ കാര്യത്തില്‍ തനിക്ക് പ്രത്യാശ നഷ്ടപ്പെടില്ല.

അവരെ താന്‍ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നത് തുടരുമെന്ന് മെക്കാനിക്ക് കൂടിയായ അബാകസി ലാന്‍ഗി പറഞ്ഞു.

കിംഗ്ഡം ഓഫ് ടോംഗ എന്ന പസഫിക് സമുദ്രത്തിനു തെക്ക് പരന്നു കിടക്കുന്ന 169 ദ്വീപു സമൂഹത്തില്‍ 36 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്.

ആകെ വിസ്തീര്‍ണം ഏഴു ലക്ഷം ചതുരശ്ര കിലോമീറ്ററാണെങ്കിലും ഇതില്‍ കര വെറും 750 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ടോംഗയില്‍ നിന്നുള്ള ഒരാള്‍ക്ക് ഹജ് നിര്‍വഹിക്കുന്നതിന് അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്തത്.

ഇവിടെയുള്ള മസ്ജിദ് ഇമാം വഴി നടന്ന തിരഞ്ഞെടുപ്പില്‍ അബാകസിക്കാണ് ആ ഭാഗ്യം ലഭിച്ചത്. ആളെ തെരഞ്ഞെടുക്കുന്നതിനും രേഖകള്‍ പൂര്‍ത്തിയാക്കുന്നതിനും അല്‍പം കാലതാമസമുണ്ടായി.

നാലു രാജ്യങ്ങള്‍ വഴി 23 മണിക്കൂര്‍ യാത്ര ചെയ്താണ് അബാകസി സഊദിയിലെത്തിയത്. പ്രത്യേകമൊരു കുളിര്‍മമായുള്ള അനുഭവമാണ് തനിക്ക് പുണ്യസ്ഥലങ്ങളില്‍ ഉണ്ടായതെന്നും വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കണമെന്നതാണ് അടുത്ത ആഗ്രഹമെന്നും ഇദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News