2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഹജ്ജ് 2018: ജിദ്ദ കെ.എം.സി.സി 1500 വൊളണ്ടിയര്‍മാരെ സേവനത്തിനയയ്ക്കും

ജിദ്ദ: ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന സന്ദേശവുമായി സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് വേളയില്‍ മിനയിലും മറ്റു പുണ്യസ്ഥലങ്ങളിലും സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജിദ്ദയില്‍ നിന്ന് 1500 വൊളണ്ടിയര്‍മാരെ സേവനത്തിനയയ്ക്കും.

ശറഫിയ്യ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടന്ന ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ ഹജ്ജ് സെല്‍ ഭാരവാഹികളുടെ യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹജ്ജ് നിര്‍വഹിക്കാനെത്തിയ അബൂബക്കര്‍ ബാഫഖി തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടുനിന്ന വൊളണ്ടിയര്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ജിദ്ദയിലെ ജില്ലാ മണ്ഡലം ഏരിയ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി സേവനത്തിനിറങ്ങിയ വളണ്ടിയര്‍മാര്‍ക്ക് മുന്‍ഗണന നല്‍കിയാണ് രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചത്. കേരളത്തിന് പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന, ഹൈദരാബാദ്, കര്‍ണാടക, തമിഴ്‌നാട്, ബീഹാര്‍, ജാര്‍ഖണ്ഡ്, ആസാം, വെസ്റ്റ് ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 250 വൊളണ്ടിയര്‍മാരും ജിദ്ദ കെ.എം.സി.സി സേവന സംഘത്തിലുണ്ട്. ഒരു ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും കോ-ഓഡിനേറ്ററും ഉള്‍ക്കൊള്ളുന്ന 33 അംഗങ്ങളുള്ള ഗ്രൂപ്പുകളായാണ് വൊളണ്ടിയര്‍ ടീമിനെ ക്രമീകരിച്ചിട്ടുള്ളത്.

പ്രായം ചെന്ന നടക്കാന്‍ കഴിയാത്ത ഹാജിമാരെ സഹായിക്കാന്‍ 150 വീല്‍ ചെയറുകളുമായി പ്രത്യേക വീല്‍ചെയര്‍ ടീമും, ഡോക്ടര്‍മാരും പാരമെഡിക്കല്‍ സ്റ്റാഫും അടങ്ങുന്ന വിപുലമായ മെഡിക്കല്‍ സംഘം, ആബുലന്‍സ് അടക്കമുള്ള സര്‍വസന്നാഹങ്ങളുമായി ജിദ്ദ കെ.എം.സി.സി വൊളണ്ടിയര്‍ സംഘത്തോടൊപ്പം മിനയില്‍ ഹാജിമാരെ സഹായിക്കാനുണ്ടാവും. ഇന്ത്യന്‍ ഹാജിമാര്‍ക്ക് മുത്വവഫിന്റെ സഹകരണത്തോടെ ടെന്റുകളില്‍ കഞ്ഞിവിതരണം ചെയ്യാന്‍ വിപുലമായ പദ്ധതിയും ജിദ്ദ കെ.എം.സി.സി ആവിഷ്‌കരിച്ചിട്ടുണ്ട്.

ആദ്യ ഹജ്ജ് വിമാനം ജിദ്ദ വിമാന താവളത്തില്‍ ഇറങ്ങിയത് മുതല്‍ ജിദ്ദ കെ.എം.സി.സി എയര്‍പോര്‍ട്ട് മിഷന്‍ സേവന പ്രവര്‍ത്തനങ്ങളുമായി കര്‍മരംഗത്തുണ്ട്. ഹാജിമാരെ ലഗേജുകള്‍ കണ്ടെത്തി ബസ്സുകളില്‍ കയറ്റാനും, ഹാജിമാരെ മക്കയിലേക്കുള്ള ബസ്സുകളില്‍ കയറ്റാനും മറ്റുമായി കെ.എം.സി.സി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ചെയ്യുന്ന സേവനം ഇന്ത്യന്‍ ഹജ്ജ് മിഷന് വലിയ സഹായമാവുന്നുണ്ട്. ഇതിന് വേണ്ടി കെ.എം.സി.സി സംഭാവന നല്‍കിയ ഇലക്ട്രിക് കാറും വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഹജ്ജ് വേളയില്‍ മാശാഇര്‍ റെയില്‍വേ സേവനത്തിന് പ്രത്യേക ടീമിനെ നിയോഗിക്കുന്നതോടൊപ്പം അടുത്ത വെള്ളിയാഴ്ച മുതല്‍ മക്കയില്‍ ഹാജിമാരുടെ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് മക്കാ കെ.എം.സി.സി ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ജിദ്ദ കെ.എം.സി.സി യുടെ 150 അംഗ ഫ്രൈഡെ ബാച്ചിനേയും സേവനത്തിനയയ്ക്കും. ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങുന്ന ഹാജിമാരെ താമസ കേന്ദ്രങ്ങളിലേക്കുള്ള ബസ്സില്‍ കയറാന്‍ സഹായിക്കുന്നതോടൊപ്പം ഹാജിമാര്‍ക്ക് കുടിവെള്ളവും ചെരിപ്പും നല്‍കി സഹായിക്കും.

സെന്‍ട്രല്‍ കമ്മിറ്റി ഹജ്ജ് സെല്‍ ഭാരവാഹികളായ നിസാം മമ്പാട്, വി.പി മുസ്തഫ, പി.സി.എ റഹ്മാന്‍, അബ്ദുല്ല പാലേരി, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, അസീസ് കൊട്ടോപാടം, നാസര്‍ മച്ചിങ്ങല്‍, നാഷനല്‍ ക്യാപ്റ്റന്‍ ഉമ്മര്‍ അരിപ്പാമ്പ്ര, ജിദ്ദ ക്യാപ്റ്റന്‍ വി.പി ഉനൈസ്, കോ-ഓഡിനേറ്റര്‍ മുസ്തഫ ചെമ്പന്‍,
ജില്ലാ നേതാക്കളും കോ-ഓഡിനേറ്റര്‍മാരുമായ ഗഫൂര്‍ പട്ടിക്കാട്, ടി.സി.മൊയ്തീന്‍കോയ, അബ്ബാസ് നാട്ട്യമംഗലം, ലത്തീഫ് കളരാന്തിരി, ഹസ്സന്‍ ബത്തേരി, മജീദ് അരിമ്പ്ര, അബ്ദുള്ള ഹിറ്റാച്ചി, ഷബീറലി കോഴിക്കോട്, മുഹമ്മദലി കാഞ്ഞീരപ്പുഴ, ശിഹാബ് ആലുങ്ങല്‍, ഷാ കാസിം ആലുവ, ഉപസമിതി ലീഡര്‍മാരായ നാസര്‍ ഒളവട്ടൂര്‍, അന്‍വര്‍ സാദത്ത്, ഇബ്രാഹിം കൊല്ലി, പി.വി ഹസ്സന്‍ സിദ്ദീഖ് ബാബു, ജലീല്‍ ഒഴുകൂര്‍, നിസാര്‍ മടവൂര്‍, മുസ്തഫ കോഴിശ്ശേരി, ശിഹാബ് കണ്ണമംഗലം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ചര്‍ച്ചക്ക് മറുപടി പറയുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.