2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹാജര്‍ ബീവി(റ): ത്യാഗജീവിതത്തിന്റെ അനുകരണീയ മഹിളാ രത്‌നം

ദാരിമി ഇ.കെ കാവനൂര്‍

 

ലോകചരിത്രത്തില്‍ ധാരാളം സ്ത്രീകള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്. ചിലര്‍ വ്യക്തി പ്രഭാവംകൊണ്ട് ഇടം ലഭിച്ചവരാണെങ്കില്‍ മറ്റു ചിലര്‍ ഭരണരംഗത്തും വിദ്യാഭ്യാസരംഗത്തും കായികരംഗത്തും ഉന്നത ഭരണാധിപന്റെ സഹധര്‍മിണി എന്നതിന്റെ പേരിലും അറിയപ്പെട്ടവരായിരുന്നു. എന്നാല്‍, അവരെയെല്ലാം നിശ്ചിത കാലങ്ങളില്‍ മാത്രമേ ലോകം ഓര്‍ത്തെടുക്കുകയുള്ളു. അതുതന്നെ ഓരോ വര്‍ഷം കഴിയുംതോറും വിസ്മൃതിയിലേക്കവര്‍ തള്ളപ്പെടുന്നു. എന്നാല്‍ ഇന്നോളമുള്ള മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടുന്നതും അനുകരിക്കപ്പെടുന്നതുമായ സ്ത്രീ ആരാണ്? സംശയമില്ല. ഹാജര്‍ (റ)തന്നെ. ഓരോ വര്‍ഷവും വിശുദ്ധ ഹജ്ജും ഉംറയും നിര്‍വഹിക്കുന്ന ലക്ഷോപക്ഷം സ്ത്രീകളും പുരുഷന്‍മാരും അവരെ അനുകരിച്ച് സഫാ-മര്‍വ്വ മലകളില്‍ നില്‍ക്കുന്നു. അവയുടെയിടയിലൂടെ അനേകം തവണ നടക്കുന്നു. ബീവി ഹാജര്‍ (റ)വേഗം നടന്നേടത്ത് വേഗത്തിലും മെല്ലെ നടന്നേടത്ത് സാവധാനത്തിലും നടക്കുന്നു. ഇവിടെ രാജാവോ ചക്രവര്‍ത്തിയോ പ്രധാനമന്ത്രിയോ പ്രസിഡന്‍ന്റോ ആരുമാവട്ടെ, മഹതി ഹാജര്‍(റ) നടന്നിടങ്ങളില്‍ നടക്കാതെയും ഓടിയ സ്ഥലങ്ങളില്‍ ഓടാതെയും ഒരാള്‍ക്കും ഹജ്ജും ഉംറയും നിര്‍വഹിക്കുക സാധ്യമല്ല.

ഇത്രയധികം അനുകരിക്കപ്പെടാന്‍ ഹാജര്‍(റ) ആരായിരുന്നു. തൊലികറുത്തവളായിരുന്നുവെങ്കിലും വിനീതയും സുശീലയുമായിരുന്നു ഹാജര്‍(റ). ദരിദ്രയായ ഒരു ഇത്യോപ്യന്‍ അടിമ സ്ത്രീ. ഹാജറി(റ)ന് ഇത്രയധികം മഹത്വം ലഭിക്കാനുള്ള കാരണമെന്ത്? ഹാജറി(റ)ന്റെ ജീവിതം ഇതിന്നുത്തരം നല്‍കുന്നു. മഹാനായ ഇബ്‌റാഹീംനബി(അ) ന്റെ പ്രിയപത്‌നി സാറാബീവി സാധാരണഗതിയില്‍ പ്രസവിക്കുന്ന പ്രായം പിന്നിട്ടു. എന്നിട്ടും ഒരു കുഞ്ഞിക്കാലുകാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നത് അവരെ അത്യധികം അലോസരപ്പെടുത്തി. അതിനാല്‍ ഹാജറി(റ)ല്‍ ഭര്‍ത്താവിന് ഒരു കുട്ടിയുണ്ടായാല്‍ തനിക്കും അതൊരു അനുഗ്രഹമായിരിക്കുമെന്ന് സാറാബീവി(റ) സമാധാനിച്ചു. സന്‍മനസ്സുകാരിയായ സാറാബീവി(റ) ഇബ്‌റാഹീം നബി (അ) യോട് ഹാജറിനെ സഹധര്‍മിണിയായി സ്വീകരിക്കാനാവശ്യപ്പെട്ടു. ഈ സംഭവം ഉല്‍പത്തിപുസ്തകം 16: 2.3, ല്‍ ഇങ്ങനെ വിവരിക്കുന്നു. ‘സാറായി അബ്രഹാമിനോട്: പ്രസവിക്കാന്‍ ദൈവം എനിക്ക് വരം നല്‍കിയിട്ടില്ല. അങ്ങ് എന്റെ ദാസിയെ സമീപിച്ചാലും ഒരു പക്ഷെ അവളിലൂടെ എനിക്ക് കുട്ടിയെ കിട്ടിയേക്കാം’.
കാലങ്ങള്‍ കഴിഞ്ഞു. ഇബ്‌റാഹീംനബി (അ) ഹാജര്‍(റ)നെ ജീവിതപങ്കാളിയായി സ്വീകരിച്ചു. അവരില്‍ അദ്ദേഹത്തിന് ഒരുകുഞ്ഞ് ലഭിച്ചു. പേര് ‘ഇസ്മാഈല്‍’ ഇബ്‌റാഹീം നബി (അ)ന്റെയും സാറാ(റ)യുടെയും ദീര്‍ഘകാല കാത്തിരിപ്പിന്നും വിളിക്കും ഉത്തരമായിരുന്നു ആ കുഞ്ഞ.് അതിനാലാണ് ‘വിളികേട്ടവര്‍’ എന്നര്‍ത്ഥമുള്ള പേര്‍നല്‍കിയതെന്ന് ചരിത്രം.
എന്നാല്‍ ഇസ്മാഈല്‍ പിതാവിന്റെ പുത്രവാത്സല്യത്തില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ അല്ലാഹു ആഗ്രഹിച്ചില്ല. ഒരു പുതിയ ചരിത്രത്തിന് അത് തുടക്കം കുറിക്കുകയായിരുന്നു. സംസ്‌കാരമുള്ള പുതിയൊരു ജനത ഇസ്മാഈല്‍ നബി(അ) യിലൂടെ പിറക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ ഹാജര്‍(റ) പാലായനത്തി(ഹിജ്‌റ)നൊരുങ്ങി. ആയിടക്ക് സാറ(റ)ക്കുണ്ടായ അപ്രതീക്ഷിതമായ ഗര്‍ഭധാരണവും പ്രസവവും അതിനൊരു നിമിത്തമാവുകയും ചെയ്തു.

ഒരു ദിവസം ഇബ്‌റാഹീംനബി (അ) ഹാജര്‍(റ)നെയും കൊച്ചുകുഞ്ഞിനെയും കൂട്ടി വീടുവിട്ടിറങ്ങി. നിരവധി സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷം നാലുഭാഗവും മലകളാല്‍ ചുറ്റപ്പെട്ട വന്ധ്യമായ ഒരു താഴ്‌വരയിലെത്തി. 30 നാളത്തെ ഒട്ടകയാത്രയുടെ ദൂരമായിരുന്നു അവര്‍ താണ്ടിക്കടന്നതെന്ന് ചരിത്രത്തില്‍ കാണാം. ഇബ്‌റാഹീം (അ) വരുമ്പോള്‍ മക്ക അതിരുകളില്ലാത്ത വിശാലവും വന്ധ്യവുമായ താഴ്‌വരയായിരുന്നു. അവിടെ ജനവാസമുണ്ടായിരുന്നില്ല. അവിടെയെത്തിയ ഇബ്‌റാഹീം (അ) ഹാജര്‍ബീവി(റ)യും ഒരു സര്‍ഹാ മരത്തിന്റെ ചുവട്ടില്‍ അല്‍പനേരമിരുന്നു. ഈ സമയത്ത് കുഞ്ഞ് ഹാജറയുടെ മടിയിലായിരുന്നു. ഇബ്‌റാഹീം അടങ്ങിയിരുന്നില്ല. അദ്ദേഹം ഏറെ ചിന്തിച്ചു ദൈവങ്ങളെ ഉണ്ടാക്കുന്നവരുടെയും ദൈവങ്ങളായിരിക്കുന്നവരുടെയും വ്യവസ്ഥയെ തകര്‍ക്കാന്‍ അല്ലാഹുനിയോഗിച്ച ആ പ്രവാചകന്‍ അല്‍പം വിശ്രമത്തിനുശേഷം നടന്നുനീങ്ങി. അതൊരു വല്ലാത്ത നിമിഷങ്ങളായിരുന്നു. ഹാജറു(റ)മായുള്ള വേര്‍പാടിന്റെ വേദനയറിഞ്ഞ നിമിഷങ്ങള്‍.ഈ താഴ്‌വരയില്‍ ഞാനും പിഞ്ചുകുഞ്ഞും തനിച്ചാണെന്ന തിക്തസത്യം ഹാജറിനെ തളര്‍ത്തി. പ്രിയഭര്‍ത്താവ് യാത്ര പോവാന്‍ ഒരുങ്ങിയപ്പോള്‍ പിന്നാലെച്ചെന്ന് ചോദിച്ചു. ഞങ്ങളെ ഇവിടെ തനിച്ചാക്കി താങ്കള്‍ പോവുകയാണോ? ‘അതെ’ ഹാജര്‍, നിങ്ങള്‍ ഇവിടെ ഒറ്റയ്ക്കല്ല നിങ്ങളോടൊപ്പം അല്ലാഹുവുമുണ്ട്. യാത്രയില്‍ അദ്ദേഹം തിരിഞ്ഞുനോക്കിയില്ല. കാരണം:- പിഞ്ചോമനയുടെയും പ്രിയതമയുടെയും മുഖം കാണാനുള്ള കരുത്ത് അദ്ദേഹത്തിന്നുണ്ടായിരുന്നില്ല. വിരഹത്തിന്റെ വിഹ്വലതയാല്‍ വിവര്‍ണമായ മുഖം സഹധര്‍മിണിയെ തളര്‍ത്തരുതല്ലോ.
‘അല്ലാഹുവിന്റെ ആജ്ഞ അനുസരിച്ചാണോ ഞങ്ങളെ ഇവിടെകൊണ്ടുവന്നാക്കിയത്! ഹാജര്‍(റ) അന്വേഷിച്ചു. ‘അതെ’ – ആ പ്രവാചക ശ്രേഷ്ഠര്‍ പറഞ്ഞു. ‘എങ്കില്‍ അങ്ങ് പോയിക്കൊള്ളുക. ഞങ്ങളെ അവന്‍ രക്ഷിക്കും. ഭാരമേല്‍പ്പിക്കാന്‍ ഏറ്റവും അര്‍ഹന്‍ അവനാണല്ലോ.’ ചാലിട്ടൊഴുകികൊണ്ടിരിക്കുന്ന കണ്ണുനീര്‍ തുടച്ചു. പ്രിയതമന്‍ കണ്‍മുന്നില്‍ നിന്ന് മറയുന്നത്‌വരെ സ്‌നേഹമതിയായ ഹാജര്‍(റ) നോക്കിനിന്നു. ഇബ്‌റാഹീം (അ) അല്‍പം മാറിനിന്ന് ആ നാടിനും സന്താനപരമ്പരകള്‍ക്കും തലമുറകള്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു.
ഹാജര്‍ബീവി (റ) പിഞ്ചുപൈതലിനോടൊപ്പം താഴ്‌വരയില്‍ തനിച്ചായി. അവരുടെവശം ആകെയുണ്ടായിരുന്നത് ഒരു തോല്‍സഞ്ചിയില്‍ അല്‍പം വെള്ളവും ഇത്തിരി കാരക്കയും മാത്രം. അവ തീര്‍ന്നാലെന്ത് ചെയ്യും? നമ്മെ ആരെങ്കിലും ആക്രമിച്ചാലോ? പേടിപ്പെടുത്തുന്ന പലതരം ചോദ്യങ്ങള്‍ മനസ്സില്‍ മിന്നിമറിഞ്ഞു. അവയ്ക്കുമുമ്പില്‍ ഭൗതികമായി ഉത്തരം കാണാനാവാതെ ഹാജറും(റ) കുഞ്ഞും വാടിത്തളര്‍ന്നുകിടന്നുറങ്ങി. ഈ രംഗം വീക്ഷിക്കുവാന്‍ അല്ലാഹുമാത്രം. ഹാജര്‍(റ) ഒരിക്കലും പതറിയില്ല. ഏകാകിയായിരുന്നിട്ടും തികഞ്ഞ നിരാലംബതയിലും അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസം ബീവിക്ക് കരുത്ത് പകര്‍ന്നു.

ഹാജറി(റ)ന് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. അതെല്ലാം തറയില്‍ വീണ പളുങ്കുപാത്രം പോലെ പൊട്ടിച്ചിതറി. എന്നിട്ടും അടങ്ങിയിരുന്നില്ല. ആരെയും പഴിച്ചില്ല. വിധിയെ ശപിച്ചില്ല. ഏതോ ഒരു ഉള്‍പ്രേരണയില്‍ മകനെ നിലത്തുകിടത്തി അടുത്തുണ്ടായിരുന്ന സഫാമലയുടെ മുകളിലേക്ക് ഓടിക്കയറി. അബൂഖുബൈസ് മലയോട് ചേര്‍ന്നുള്ള കുന്നാണ് സഫ. ഹാജര്‍ കുന്നിന്‍മുകളില്‍ നിന്ന് ചുറ്റും കണ്ണോടിച്ചു. എവിടെയെങ്ങാനും വല്ല നീരുറവയുണ്ടോ എന്നറിയാന്‍. നിരാശയായിരുന്നു ഫലം. താഴോട്ടുതന്നെ ഓടിയിറങ്ങി. മറുഭാഗത്ത് 395 മീറ്റര്‍ അകലെയുള്ള മര്‍വ്വാ കുന്നിന്റെ മുകളിലേക്ക് ഓടിക്കയറി. അവിടെയും ഒരു തുള്ളി വെള്ളമോ ആള്‍പാര്‍പ്പിന്റെ അടയാളമോ, പറവകളുടെ സാന്നിധ്യമോ കാണാന്‍ കഴിഞ്ഞില്ല. വീണ്ടും സഫയുടെ മുകളിലേക്ക് തന്നെ. അങ്ങനെ ഒരിറ്റുവെള്ളം തേടി സഫാ മര്‍വ്വ താഴ്‌വരകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം പരിഭ്രാന്തയായി ഓടിനടന്നു. ഈ നടത്തം വെറും നടത്തമായിരുന്നില്ല. വിശക്കുന്നവന്റെയും ദാഹിക്കുന്നവന്റെയും നെട്ടോട്ടമായിരുന്നു. ഒരു പിഞ്ചുകുഞ്ഞിന് ദാഹജലത്തിനായി പ്രയാസപ്പെടുന്ന ഒരുമ്മയുടെ വെപ്രാളം പൂണ്ട പാച്ചില്‍. മാത്രവുമല്ല അത് മനുഷ്യചരിത്രത്തിലെ ഒരു വലിയ സംഭവമായി മാറുകയായിരുന്നു. ഒരു കറുത്ത അടിമപ്പെണ്ണ്, തന്റെ കുഞ്ഞിന് ദാഹജലം തേടി നടത്തിയ ഓട്ടം അല്ലാഹു തനിക്കുള്ള തന്റെ ദാസിയുടെ അതിശ്രേഷ്ഠമായ ആരാധനയായി അംഗീകരിച്ചു. ആ ഓട്ടത്തിന്റെ അനുകരണവും ആവര്‍ത്തനവും അതിപ്രധാനമായ അനുഷ്ഠാനമായി നിശ്ചയിച്ചു.
എല്ലാവരും അവഗണിക്കപ്പെടുന്ന കറുത്ത ഒരടിമപെണ്ണിന്റെ പാദം പതിഞ്ഞതിനാല്‍ സഫാ -മര്‍വ്വ കുന്നുകള്‍ അല്ലാഹുവിന്റെ ചിഹ്നങ്ങളായി മാറി. ഹാജര്‍(റ) മനം തകര്‍ന്ന് ശരീരം തളര്‍ന്ന് കുട്ടിയെ കിടത്തിയേടത്തേക്ക് തന്നെ തിരിച്ച് പോയി. ഞാന്‍ എത്രയായി ഓടുന്നു. തന്റെ കുഞ്ഞിന്റെ ശ്വാസം തന്നെ നിലച്ചുവോ എന്ന് ഹാജര്‍(റ) കരുതി. എന്നാല്‍ കുഞ്ഞിന്റെ അടുത്തെത്തിയ ഹാജര്‍(റ) ആശ്ചര്യഭരിതയായി സന്തോഷംകൊണ്ട് തുള്ളിച്ചാടി. ഹാ, എന്തൊരത്ഭുദം കുട്ടി കാലിട്ടടിച്ച സ്ഥലത്തുനിന്ന് വെള്ളമതാ പൊട്ടിയൊഴുകുന്നു. ഹാജറിന്റെ കണ്ണുകള്‍ കൃതജ്ഞതയാല്‍ നിറഞ്ഞൊഴുകി. ഹാജര്‍(റ) വെള്ളം തടഞ്ഞുനിര്‍ത്തി. വീണ്ടുമൊഴുകിയപ്പോള്‍ ആ മാതാവ് കുഞ്ഞിനെ മതിവരുവോളം കുടിപ്പിച്ചു. ഈ വെള്ളത്തിന് ‘സംസം’ എന്നാണ് പേര്‍. വെള്ളം ലഭിച്ചപ്പോള്‍ ആളുകള്‍ മക്കയില്‍ താമസിക്കാന്‍ തുടങ്ങി. ജുര്‍ഹൂം ഗോത്രക്കാരായിരുന്നു. ആദ്യമായി താമസം ആരംഭിച്ചത്. മക്ക വിഖ്യാതനഗരമായി. മനുഷ്യചരിത്രത്തിലെ ഏറെ തിരക്കേറിയ രാപ്പകല്‍ ഭേദമില്ലാത്ത പട്ടണം. അത് മനുഷ്യരാശിയുടെ ഏറ്റവും ഗംഭീരവും വിശുദ്ധവുമായ ഒത്തുകൂടലിന്റെ ഇടമായിമാറി. അവിടെ ഒരുമിച്ചുകൂടുന്നവരില്‍ വര്‍ഗ, വര്‍ണ, ദേശ, ഭാഷാ ഭേദമില്ലാതെ ഒരൊറ്റ കയറില്‍ ബന്ധിപ്പിക്കുന്ന ദേശമായി മാറി. ഇന്ന് ലോകത്ത് ഏറ്റവും അറിയപ്പെടുന്ന പട്ടണമാണ് മക്ക. മഹതി ഹാജര്‍(റ) ആ പ്രദേശത്തിന്റെ പേരില്‍ എന്നും അറിയപ്പെടുന്നവരുമായി മാറി.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.