2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ചെറുപ്പത്തില്‍തന്നെ മുടി കൊഴിയുന്നുണ്ടോ; എങ്കില്‍ ഇതാണ് കാരണം

ഡോ.ബീഗം ഫാത്തിമ( നൂര്‍ബീഗം പോളി ക്ലിനിക്, പത്തനംതിട്ട)

ഡോക്ടര്‍, എനിക്ക് 20 വയസ് മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ എന്റെ മുടി ധാരാളമായി കൊഴിഞ്ഞുപോകുന്നു. നെറ്റി കൂടുന്നതാണെന്ന് പലരും പറഞ്ഞെങ്കിലും ഫലത്തില്‍ മുടി കൊഴിഞ്ഞ് അറുപതുകഴിഞ്ഞപോലെ കഷണ്ടി ആയിരിക്കുന്നു. എനിക്ക് വലിയ മാനസിക വിഷമമുണ്ട്. എന്താണിങ്ങനെ? എന്തു ചികിത്സയാണുള്ളത്?
മേല്‍പറഞ്ഞ രീതിയിലുള്ള ചോദ്യങ്ങളുമായാണ് ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാര്‍ഥി തൊട്ട് മധ്യവയസ് പിന്നിട്ടിട്ടില്ലാത്ത യുവജനങ്ങള്‍ എത്തുന്നത്. മുടി കൊഴിച്ചില്‍ കൂടി വന്ന് ഒടുവില്‍ കഷണ്ടിയിലേക്ക് കുതിക്കുന്നതാണ് പ്രതിഭാസം.

നമ്മുടെ നാട്ടില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ ഈ ആരോഗ്യപ്രശ്‌നം ഉണ്ടെന്നു വേണം മനസിലാക്കാന്‍. ഉദാഹരണത്തിന് ചൈനയില്‍ ഇരുപതുകള്‍ പിന്നിട്ടിട്ടില്ലാത്ത യുവാക്കള്‍ക്ക് അവരേക്കാള്‍ പ്രായമുള്ളവരില്‍ നിന്ന് വ്യത്യസ്തമായി മുടി കൊഴിഞ്ഞു പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 18 വയസ് കഴിഞ്ഞ യുവതീ യുവാക്കള്‍ ഈ ആരോഗ്യപ്രശ്‌നത്തിന് മരുന്നു തേടി നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുടി കൊഴിയാത്തവര്‍ക്ക് ആരോഗ്യമില്ലാത്ത മുടിയാണുണ്ടാകുന്നതെന്നും പറയുന്നു. ആരോഗ്യമുള്ള ഒരാള്‍ക്ക് പ്രതിദിനം 50 മുതല്‍ നൂറു വരെ മുടിയിഴകള്‍ നഷ്ടമാകുന്നുണ്ട്. എന്നാല്‍ ഇതിലധികം മുടി കൊഴിഞ്ഞു പോകുന്നതിനു കാരണമെന്ത് എന്നതാണ് ചോദ്യം. അതുപോലെ 20 കളിലെത്തുമ്പോഴേക്കും കഷണ്ടി വരുന്നതും ആരോഗ്യപ്രശ്‌നമല്ലേ എന്നും ചോദ്യമുണ്ട്.

കൃത്യമായി ഇതിനുത്തരം നിര്‍വചിക്കാന്‍ ശാസ്ത്ര ലോകത്തിനായിട്ടില്ലെങ്കിലും നമ്മള്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ മുടി കൊഴിച്ചിലിനെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. മനസുവച്ചാല്‍ മുടി കൊഴിച്ചില്‍ ഒരു പരിധിവരെ തടയാമെന്നും മനസിലാക്കണം.

മാനസിക സംഘര്‍ഷം

മുടി കൊഴിച്ചിലിന് പ്രധാന കാരണം മാനസിക സംഘര്‍ഷമാണ്. വളരുന്ന മുടി വളര്‍ച്ചയുടെ അവസാനം കൊഴിഞ്ഞു പോകുകയാണ് പതിവ്. വളര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ മുടി നിശ്ചലാവസ്ഥ പ്രാപിക്കുകയും കൊഴിയുകയും ചെയ്യും. അതേസമയം മാനസിക സംഘര്‍ഷമുണ്ടെങ്കില്‍ വളര്‍ച്ചയുടെ ആരംഭ ഘട്ടത്തില്‍ തന്നെ മുടി കൊഴിഞ്ഞു പോകുന്നു. കോര്‍ട്ടിസോള്‍ അനുപാതം കൂടുതലുള്ളയാളുകളില്‍ കൂടുതല്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കോര്‍ട്ടിസോള്‍ എന്നത് സ്‌ട്രെസ് ഹോര്‍മോണ്‍ ആണ്.

മുടി സംരക്ഷണം

മുടി സംരക്ഷിക്കാന്‍ ആധുനിക മാര്‍ഗങ്ങള്‍ അവലംബിക്കുന്നവരില്‍ കൂടുതല്‍ മുടി കൊഴിച്ചിലുണ്ടാകുന്നെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഉദാഹരണത്തിന് ഡൈയിങ്, ബ്ലീച്ചിങ് തുടങ്ങിയവ കണ്ടമാനം ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുപോലെ തിരുപ്പന്‍ പോലുള്ളവയും മുടി അലങ്കാരങ്ങളും മുടിയിഴകളില്‍ ഭാരം ഉണ്ടാക്കുകയും അത് മുടികൊഴിച്ചിലില്‍ കലാശിക്കുകയും ചെയ്യും.

ആഹാരരീതി, പോഷകം

നിങ്ങളുടെ ആഹാര രീതി മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. വെജിറ്റേറിയന്‍ ഭക്ഷണക്കാരില്‍ മുടി കൊഴിച്ചില്‍ അധികമായുണ്ടാകുന്നെന്ന ഒരു പഠനവും പുറത്തുവന്നിട്ടുണ്ട്. പ്രോട്ടീന്‍, സിങ്ക്, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവ് മുടി കൊഴിച്ചിലിനു കാരണമാകുന്നെന്ന് ടെക്‌സാസിലെ ബെയര്‍ കോളജ് ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. വെജിറ്റേറിയന്‍കാര്‍ക്ക് വേണ്ടത്ര പോഷകം ലഭിക്കുന്നില്ലെങ്കില്‍ ഇപ്പറഞ്ഞതുപോലെ വിറ്റാമിനുകളുടെ അഭാവം ഉണ്ടാവാമെന്നും വിശദീകരണമുണ്ട്.

ജൈവിക വിഷം

ഭക്ഷണ പദാര്‍ഥങ്ങളിലുള്‍പ്പെടെ എവിടെയും വിഷമയമായിരിക്കുന്നു ഇന്ന്. മലിനീകരണം സര്‍വവ്യാപിയാകുന്നതും മുടി കൊഴിച്ചിലിനു കാരണമാകും. മുടിയിഴകള്‍ പൊട്ടിപ്പോകുകയും നേര്‍മയാകുന്നതും മലിനീകരണം മൂലം സംഭവിക്കുന്നതാണ്. നഗര പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ മുടി കൊഴിച്ചില്‍ കൂടുതലാണെന്നുകാണാം.
കാരണം പുക, ലെഡ്, നിക്കല്‍, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവ അന്തരീക്ഷത്തില്‍ അമിതമായി കലരുന്നതിനാല്‍ അത് മുടിയെ ദോഷകരമായി ബാധിക്കുന്നു. സിഗരറ്റിലെ ജൈവിക വിഷം ചര്‍മത്തിലും നഖങ്ങളിലും പല്ലുകളിലും ഒപ്പം മുടിയിലും ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പകര്‍ച്ചവ്യാധി പ്രതിരോധ കേന്ദ്രം തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യകരമായ മുടി വേണമെങ്കില്‍ പുകയില വര്‍ജിക്കണം.

ഹോര്‍മോണ്‍

ഹോര്‍മോണ്‍ വ്യതിയാനവും മുടിയുടെ ഘടനയെ പ്രതികൂലമായി ബാധിക്കും. തൈറോയിഡും ചില തരം രോഗങ്ങളും മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ഹോര്‍മോണ്‍ വ്യതിയാനം യുവതീ യുവാക്കളില്‍ മുടി കൊഴിച്ചിലുണ്ടാകുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ്.

മുടികൊഴിച്ചില്‍ തടയാന്‍

ചര്‍മ രോഗ വിദഗ്ധന് നിങ്ങളെ സഹായിക്കാന്‍ കഴിയും. അതുപോലെ ആഹാര രീതി മനസിലാക്കിയാല്‍ എന്തു കഴിക്കുന്നതിലൂടെയാണ് മുടി നഷ്ടപ്പെടുന്നതെന്നും എന്തു കഴിച്ചാലാണ് അതു തടയാന്‍ സാധിക്കുന്നതെന്നും മനസിലാക്കാം. എങ്കിലും സാധാരണ ഗതിയില്‍ മുടി കൊഴിച്ചില്‍ തടയാന്‍ നമുക്ക് ഒരു പരിധിവരെ സാധിക്കും.

  • ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും മുടി കഴുകുക.
  • ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ഡി എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണക്രമം.
  • തലമുടിയില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് കഴിയുമെങ്കില്‍ ഒഴിവാക്കുകയോ ചുരുക്കുകയോ ചെയ്യുക. മുടി കൂടുതല്‍ മുറുക്കി കെട്ടാതിരിക്കുക.
  • പുറത്തുപോകുമ്പോള്‍ മുടി പൊതിഞ്ഞു വയ്ക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് പൊടിശല്യമുള്ളപ്പോള്‍.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News