2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ഹാദിയയെ ചെറുതാക്കരുത്

 

മതം മാറിയെത്തുന്ന അനേകം സ്ത്രീ പുരുഷന്മാര്‍ കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്്‌ലാം സഭ വഴിയും പൊന്നാനി മഊത്തുല്‍ ഇസ്്‌ലാം സഭ വഴിയും തുടര്‍ പഠനം നടത്തി വരുന്നു. ചര്‍ച്ചയാകുന്നത് പോലും അപൂര്‍വങ്ങളില്‍ അപൂര്‍വം. ഹാദിയ തര്‍ബിയത്തില്‍ വന്നതിലും പഠിച്ചതിലും ആക്ഷേപങ്ങള്‍ ഉണ്ടായിട്ടില്ല. തര്‍ബിയത്ത് വിട്ട് പിന്നീട് പോപ്പുലര്‍ ഫ്രണ്ടുകാരനായ ഷെഫിനുമായുള്ള ബന്ധമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ തര്‍ബിയത്തിനെ പോലും നിരാകരിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ പറയാന്‍ ഹാദിയയെ നിര്‍ബന്ധിച്ചവരുടെ താല്‍പര്യം സംഘടനാ സങ്കുചിതത്വം മാത്രമാണ്.

 

നാസര്‍ ഫൈസി കൂടത്തായി

ജീവിത പീഡനത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും ഹാദിയ അവരുടെ അവകാശം നേടിയെടുത്തു. അതിന് അവരെ സഹായിച്ച നിരവധി ഘടകങ്ങളുണ്ട്. എല്ലാം ശ്രേഷ്ടകരമാണ്. മുസ്ലിമായി ജീവിക്കാനുള്ള അവകാശം, പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാം നേടുന്നതിന് അതിന്റേതായ മേഖലകളില്‍ സഹായിച്ചവരും പിന്തുണച്ചവരുമുണ്ട്. കേരളത്തിന്റെ മതേതര മുഖം ഹാദിയയ്‌ക്കൊപ്പമായിരുന്നു. ഹാദിയയുടെ ഭര്‍ത്താവ് തീവ്രവാദ ആരോപണ വിധേയമായ ഒരു സംഘടനയുടെ മുന്‍നിര പ്രചാരകനായിട്ടും നീതി ലഭിച്ചാലും ഹാദിയ അസംഘടനയുടെ തടവറയിലായിരിക്കും എന്നറിയാമായിരുന്നിട്ടും ഹാദിയയുടെ പക്ഷത്ത് മാത്രം നിന്ന് പിന്തുണച്ചവരാണ് എല്ലാവരും. ഉറച്ച മനോധൈര്യവും വിശ്വാസത്തിലെ കളങ്കമില്ലായ്മയും ഹാദിയക്ക് നീതി നല്‍കി.അതിന്ന് അവരെ പിന്തുണച്ചവരോടെല്ലാം ഹാദിയക്ക് വേണമെങ്കില്‍ നന്ദി പറയാം. പറയാതെ തന്നെ അവരുടെ നിശ്ചയദാഢ്യം തന്നെ മതി കൂടെ നിന്നവര്‍ക്ക് തൃപ്തിയാവാന്‍. സംഘ്പരിവാറിന്റേയും പൊലിസിലെ സങ്കിപക്ഷത്തിന്റേയും നിരന്തര വേട്ടയ്ക്ക് മുന്‍പില്‍ ഇരയായി അമരേണ്ട ഹാദിയ നെഞ്ചുറപ്പോടെ നിന്നു. അതിനാല്‍ പരമോന്നത നീതിപീഠം കടമ നിര്‍വഹിച്ചു. 

എന്നാല്‍ ഇതിന്റെ മൊത്തം അവകാശവാദം പോപ്പുലര്‍ഫ്രണ്ടിന് പതിച്ചു വാങ്ങാന്‍ അവരെക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിപ്പറയിപ്പിച്ചത് ഹാദിയയോടുള്ള ബാധ്യതാ നിര്‍വഹണമാണോ? അതോ അവരെ ബലിയാടാക്കുകയാണോ? പോപ്പുലര്‍ ഫ്രണ്ട് അവരെ സഹായിച്ചിട്ടുണ്ടാകാം കാരണം ഷിഫിന്‍ ജഹാന്‍ എന്ന ഭര്‍ത്താവ് ആ സംഘടനയില്‍ മുന്‍നിരയിലാണത്രെ! അതുകൊണ്ടും അല്ലാതെയും അവരുടെ സഹായം ലഭ്യമാവും. ജീവിതപങ്കാളിത്വം നല്‍കിയ വ്യക്തിയെന്ന നിലയില്‍ ഷിഫിന്‍ ജഹാനോടും അദ്ദേഹത്തിന്റെ സംഘടനയോടും ഹാദിയക്ക് കടപ്പാടും വിധേയത്വവുമുണ്ടാവാം. സ്വന്തം ജീവിതത്തിന് അടിസ്ഥാനമുണ്ടാക്കുന്ന പെടാപ്പാടില്‍ പോപ്പുലര്‍ഫ്രണ്ടിനെ കുറിച്ച് കൂടുതല്‍ പഠിക്കാനൊന്നും ഹാദിയക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ഷിഫിന്‍ ജഹാന്റെ കൂടെനിന്ന് അവര്‍ക്ക് പറയാന്‍ മാത്രമല്ല വിലയിരുത്താന്‍ പോലും പരിമിതികളുണ്ടാവും. അത് മനസ്സിലാക്കാന്‍ കേരളീയര്‍ക്കും കഴിയും. പക്ഷേ ഹാദിയയും ഷിഫിന്‍ ജഹാനും പോപ്പുലര്‍ഫ്രണ്ടിനെ പിന്തുണക്കുന്ന ‘സാംസ്‌കാരിക’പരിവേശം സ്വയം പതിച്ചെടുത്തവരും അറിയേണ്ട ചിലതുണ്ട്. അന്താരാഷ്ട്ര തലം ഉറ്റുനോക്കിയ ഒന്നാണ് ഹാദിയ കേസ്. ഹാദിയക്ക് നീതി ലഭിക്കുമ്പോള്‍ ഇവിടെ പരാജയപ്പെടുന്ന ഒരു വിഭാഗമുണ്ട്. ഹാദിയയെ തങ്ങള്‍ക്ക് തന്നെ കിട്ടണമെന്ന് സൃഷ്ടിച്ചെടുത്ത വാശിയാണെങ്കിലും അതിനായി നിയമ പോരാട്ടം നടത്തിയ മാതാപിതാക്കള്‍. ഇസ്്‌ലാം മത വിശ്വാസത്തെ ലൗ ജിഹാദെന്ന് പേരിട്ട് ഹാദിയയെ ഘര്‍വാപ്പസിയും നിയമപോരാട്ടവും നടത്തിയ സംഘ്പരിവാര്‍.ഈ വിധിയില്‍ അവര്‍ പൂര്‍ണ നിരാശരായിരിക്കും. ഇന്ത്യയുടെ വര്‍ധിച്ചു വരുന്ന ഫാസിസ്റ്റ് വല്‍ക്കരണം. കേന്ദ്രത്തിന്റെ ഏത് ഇംഗിതത്തിനും കൂട്ടുനില്‍ക്കുന്ന കേരള സര്‍ക്കാര്‍. ഇതെല്ലാം ചേര്‍ത്ത് നിര്‍ത്തി എരിതീയില്‍ എണ്ണ ഒഴിക്കാനല്ല, കെടുത്താനാണ് ഇത്തരം വിഷയങ്ങളെ സമീപിക്കേണ്ടത്. സൗഹൃദത്തിന്റെ കേരളീയ പരിസരത്ത് കലാപം വിതക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുക. ഞങ്ങളുണ്ടിവിടെ, എതിര്‍പ്പുകള്‍ ഞങ്ങള്‍ നെഞ്ചുറപ്പോടെ നേരിടും അതിനാല്‍ ഹാദിയയെ ഞങ്ങള്‍ ആഘോഷിക്കും എന്ന അവകാശവാദമാണെങ്കില്‍ അവരോട് പറയാനുള്ളത് ഇത്തരം ചെയ്തികള്‍ക്ക് വില നല്‍കപ്പെടേണ്ടി വരുന്നത് നിങ്ങളല്ല. നിരപരാധികളായ ജനങ്ങളാണ്. മതേതരം പോലും അമാന്തിച്ച് നില്‍ക്കുന്നു.
മാറാടും പുന്നാടും തിരിച്ചടി നല്‍കിയവര്‍ കടലില്‍ബോട്ട് മാര്‍ഗവും കാട്ടില്‍ ഒളിച്ചിരുന്നും രക്ഷ നേടി ആഘോഷിച്ചപ്പോള്‍ സങ്കിപ്പടയുടെ അക്രമത്തിന് ഇരയായി എല്ലാം നഷ്ടപ്പെട്ടത് പാവം മുസ്്‌ലിംകള്‍ക്കായിരുന്നു. തിരിച്ചടി ഓപ്പറേഷന്‍ നടത്തിയവര്‍ ആരും മാറോടോ പുന്നാടോ നെഞ്ചുറപ്പോടെ നിന്ന് ‘ജിഹാദ്’ നടത്താന്‍ നിന്നില്ല. ഇസ്്‌ലാമും ഭരണഘടനയും അനുവദിക്കുന്ന പ്രതിരോധം പോലും സാധ്യമാക്കിയില്ല. കലാപം വിതച്ചവര്‍ ആഘോഷിച്ചു. തിരിച്ചടിച്ച് അഭിമാനിച്ചവര്‍ രക്ഷപ്പെട്ടു. നിരപരാധികള്‍ അനുഭവിച്ചു. ഹാദിയക്ക് അനുകൂല വിധി ലഭിച്ചാല്‍ എല്ലാം നേടി എന്ന് ധരിക്കുന്നത് മൗഢ്യമാണ്. ഒന്നാമതായി അവര്‍ക്ക് സ്വതന്ത്രമായി ജീവിക്കണം, ഇനിയും ഹാദിയമാര്‍ കടന്നു വരണം. സന്തോഷാധിക്യത്താല്‍ എന്തൊക്കെയോ പറയണമെന്നു ഹാദിയക്കുണ്ടാവും. അത് പറയിക്കുന്നിടത്തല്ല ഷിഫിന്‍ വിജയിക്കേണ്ടത്, ഹാദിയക്ക് സുരക്ഷിത ജീവിതം കൊടുക്കുന്നിടത്താണ്.
തന്നെ സഹായിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് മാത്രമാണെന്നാണ് ഹാദിയയെ ധരിപ്പിച്ചത്. അതിനാല്‍ അതിന്റെ മാത്രം നേതൃത്വത്തോട് ഹാദിയക്ക് നന്ദി പറയാം. പക്ഷേ അതിന് വേണ്ടി കോഴിക്കോട്ടെത്തിച്ച് സകല ചാനലുകളയും ക്ഷണിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാന്നിധ്യത്തില്‍ വാര്‍ത്താ സമ്മേളനം നടത്തി, മറ്റെല്ലാ മുസ്്‌ലിം സംഘടനകളേയും തള്ളിപ്പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ടിനെ മാത്രം ഉയര്‍ത്തിക്കാട്ടി അവതരിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഇതാര്‍ക്ക് വേണ്ടിയാണ് ഹാദിയക്ക് വേണ്ടിയോ അതോ പോപ്പുലര്‍ഫ്രണ്ടിന് വേണ്ടിയോ? ഹാദിയയെ എന്തിനാണ് ഇത്ര ചെറുതാക്കിയത്? നേരത്തെ പൊതു സമൂഹത്തിന് മുമ്പില്‍ ധീരയായ ഹാദിയയെ ഈ വാര്‍ത്താ സമ്മേളനത്തോടെ മാറ്റിമറിക്കേണ്ടിയിരുന്നോ?
തന്നെ ഒരു മുസ്്‌ലിം സംഘടനയും സഹായിച്ചില്ലെന്ന് ഹാദിയയെ കൊണ്ട് പറയിക്കുന്നു. കോഴിക്കോട് തര്‍ബിയ്യത്തുല്‍ ഇസ്്‌ലാം സഭയില്‍ നിന്നാണ് ഹാദിയ ഇസ്്‌ലാം സ്വീകരിച്ചതും മതംമാറ്റ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതും. കേസു സംബന്ധിയായ ആവശ്യമായ രേഖയെല്ലാം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് തര്‍ബിയ്യത്തില്‍ നിന്നാണ്. തര്‍ബിയത്ത് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായതിനാല്‍ കേസില്‍ ഹാദിയക്ക് അനുകൂലമായി ഇതും നിലകൊണ്ടു. തീവ്രവാദ ബന്ധആരോപണത്തെ ചെറുക്കാനായതും തര്‍ബിയത്തിലെ രേഖകളാണ്. 82 വര്‍ഷം മുന്‍പ് സമസ്ത മുശാവറ അംഗം സയ്യിദ് അലി ഇമ്പിച്ചിക്കോയ തങ്ങള്‍ സ്ഥാപിച്ചതും ഇപ്പോള്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും ഹംസ ബാഫഖി തങ്ങള്‍ ജന.സിക്രട്ടറിയും കെ. ഉമര്‍ ഫൈസി മുക്കം സിക്രട്ടറിയും ഈ ലേഖകനടക്കമുള്ളവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് ഇപ്പോള്‍ തര്‍ബിയത്ത് നടത്തുന്നത്.
മതം മാറിയെത്തുന്ന അനേകം സ്ത്രീ പുരുഷന്മാര്‍ കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്്‌ലാം സഭ വഴിയും പൊന്നാനി മഊത്തുല്‍ ഇസ്്‌ലാം സഭ വഴിയും തുടര്‍ പഠനം നടത്തി വരുന്നു. ചര്‍ച്ചയാകുന്നത് പോലും അപൂര്‍വങ്ങളില്‍ അപൂര്‍വം. ഹാദിയ തര്‍ബിയത്തില്‍ വന്നതിലും പഠിച്ചതിലും ആക്ഷേപങ്ങള്‍ ഉണ്ടായിട്ടില്ല. തര്‍ബിയത്ത് വിട്ട് പിന്നീട് പോപ്പുലര്‍ ഫ്രണ്ടുകാരനായ ഷെഫിനുമായുള്ള ബന്ധമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ തര്‍ബിയത്തിനെ പോലും നിരാകരിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ പറയാന്‍ ഹാദിയയെ നിര്‍ബന്ധിച്ചവരുടെ താല്‍പര്യം സംഘടനാ സങ്കുചിതത്വം മാത്രമാണ്. കേസ് നടത്താന്‍ ഫണ്ട് ശേഖരിച്ചപ്പോള്‍ ആരാണ് ഇതിന് പിന്നിലെന്ന് അറിഞ്ഞും അറിയാതെയും സഹായം നല്‍കിയവര്‍ ഹാദിയക്ക് നീതി കിട്ടണം എന്ന് മാത്രമാണ് കരുതിയത്. അവരെ കൂടിയാണ് ഹാദിയ വേദനിപ്പിച്ചത്. അല്ല അവരെ കൊണ്ട് ചെയ്യിപ്പിച്ചത്. കോടതിവിധി വന്ന ഉടനെ ഇങ്ങിനെ ഹാദിയയെ സംഘടന വളര്‍ത്താനുള്ള പ്രദര്‍ശനമാക്കുന്നവര്‍ ഒരു സംഘത്തിന്റെ വൃണത്തിലാണ് കുത്തുന്നത്.
ആത്മാഭിമാനം പോലെ ധരിക്കപ്പെട്ട ഒരു വിഷയത്തില്‍ പരാജയം നേരിടുമ്പോള്‍ പിന്നീട് അവരെ പ്രകോപിപ്പിക്കുന്നത് വിഷയം വഷളാക്കുകയേയുള്ളൂ. ഇത്തരം കാര്യങ്ങള്‍ സാഹചര്യം നോക്കാതെ ആഘോഷിച്ച് പ്രകടിപ്പിക്കേണ്ടതല്ല. കേരളത്തിന്റെ ചരിത്രത്തില്‍ വലിയൊരു ദുരന്തമാണ് മാറാട് കലാപം. ഹൈന്ദവ സമുദായത്തില്‍പ്പെട്ട എട്ട് ആളുകള്‍ കൊലചെയ്യപ്പെട്ട ദിവസം 2003 മെയ് രണ്ടിന് തന്നെ ന്യൂനപക്ഷ സമുദായത്തിന്റെ അന്തസ്സ് ഉയര്‍ത്തിയ ഒരു സംഭവം നടന്നിരുന്നു. എസ്.കെ.എസ്.എസ്.എഫിന്റെ സ്‌കോളര്‍ഷിപ്പില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് ഐ.എ.എസ് ലഭിച്ചു. ഒരു ജനത വൃണപ്പെട്ടിരിക്കുമ്പോള്‍ അതിനെ ആഘോഷമാക്കുന്നത് ശരിയല്ലെന്ന് സംഘടന തിരിച്ചറിഞ്ഞു. അതേക്കുറിച്ച് പ്രമുഖ എഴുത്തുകാരന്‍ റഹീം മേച്ചേരി എഴുതിയത് ഇങ്ങിനെയാണ്: ‘വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും അര ശതാബ്ദത്തിലേറെയായി സേവനം ചെയ്യുന്ന സംഘടനകള്‍ വരെ നമുക്കുണ്ട്.
എന്നാല്‍ ആ സംഘടനകളുടെ സേവനങ്ങള്‍ ഇപ്പോഴും അര്‍ഹിക്കുന്ന ആളുകളില്‍ എത്തിച്ചേരുന്നില്ല. പത്തു രൂപയുടെ സേവനത്തിന് പതിനായിരം രൂപയുടെ പ്രസിദ്ധീകരണമെന്നതാണ് നമ്മുടെ പതിവ് രീതി. ഈ രീതിയില്‍ നിന്ന് വ്യത്യസ്തമായി നിശ്ശബ്ദ സേവനം ചെയ്ത ഒരു സംഘടനയുടെ പ്രവര്‍ത്തനം മൂലം കേരളത്തിലെ മാപ്പിള സമുദായത്തില്‍ നിന്ന് രണ്ട് ഐ .എ.എസുകാരുണ്ടായിരിക്കുന്നു. ഇവരെ സ്‌കോളര്‍ഷിപ്പ് നല്‍കി സഹായിച്ച വിവരം ആസംഘടന ഒരിക്കലും പത്ര കോളങ്ങളിലൂടെ വിളിച്ചറിയിച്ചതുമില്ല.എസ്.കെ.എസ്.എസ്.എഫ് കാണിച്ച ഈ മാതൃക വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളുടെ സേവന കഥ പറയുന്ന സംഘടനകള്‍ക്കെല്ലാം ഒരു പാീമാണ്. ഡോക്ടറോ എന്‍ജിനിയറോ അല്ലാത്ത സാമൂഹ്യ വിഷയങ്ങള്‍ പഠിക്കുന്ന ആര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ട് ഫലമില്ല എന്ന് വിശ്വസിക്കുന്ന സമുദായത്തിലെ വിദ്യാഭ്യാസ സേവകന്മാര്‍ക്ക് മറുപടിയായി ഇതാ ജാഫറും സിദ്ദീഖും. എസ്.കെ.എസ്.എസ്.എഫ് അര്‍പ്പിച്ച സേവനത്തിന്റെ തൂക്കം മറ്റെല്ലാവരുടെ സേവനങ്ങളുടെ ത്രാസുകളെക്കാളും കനം തൂങ്ങുന്നതാണ്. കാല്‍ നൂറ്റാണ്ടിന് മുമ്പ് വണ്ടൂരിലെ സാധാരണ കുടുംബാംഗമായ ഹകീം കൈവരിച്ച നേട്ടത്തിന് ശേഷം ആദ്യമായിതാ മലബാറിലെ രണ്ട് മാപ്പിളമാര്‍ സിവില്‍ സര്‍വിസിന്റെ കടമ്പകള്‍ കടന്നിരിക്കുന്നു. അങ്ങിനെ ഒരു ചരിത്ര സംഭവത്തിന് എസ്.കെ.എസ്.എസ്.എഫ് നിമിത്തമായിരിക്കുന്നു’. (ചന്ദ്രിക ദിനപ്പത്രം, 12.5.2003)
ഐ.എ.എസ് ഫലപ്രഖ്യാപനം നടന്ന ദിവസം മാറാട് സംഭവത്തെ പരിഗണിച്ചു കൊണ്ടാണ് അന്നോ തുടര്‍ന്ന ദിവസങ്ങളിലോ ഐ.എ.എസുകാരെ പ്രകടിപ്പിച്ച് ഒരു വാര്‍ത്താ സമ്മേളനം പോലും സംഘടന നടത്താതിരുന്നത്. ഇതാവട്ടെ മറ്റൊരു വിഭാഗത്തെ പ്രകോപിപ്പിക്കുന്നതല്ലാതിരുന്നിട്ടും മാറാട് സംഭവത്തെ പരിഗണിക്കുകയാണുണ്ടായത്. ഹാദിയ കേസിലെ വിജയാഹ്ലാദവും അവകാശവാദവും വൃണപ്പെട്ട ഒരു സംഘത്തെ നോവിപ്പിക്കുമെന്ന തിരിച്ചറിവ് ഭീരുത്വമല്ല; വിവേകമാണ്. ഹാദിയയെ ഇനിയെങ്കിലും ഇതിന്റെ പേരില്‍ പ്രദര്‍ശിപ്പിക്കാതിരിക്കണം. മരിക്കാനും കൊല്ലാനുമല്ല, ഇസ്ലാമിന് വേണ്ടി ജീവിക്കാനാണ് നാം കരുതിവെപ്പ് നടത്തേണ്ടത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.