2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഹാക്കറെയും പരിപാടിയെയും കോണ്‍ഗ്രസിന്റെ തലയിലിട്ട് ബി.ജെ.പി

 

ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ (ഇ.വി.എം) അട്ടിമറിനടത്തിയാണ് ബി.ജെ.പി അധികാരത്തില്‍ വന്നതെന്നുള്‍പ്പെടെയുള്ള വെളിപ്പെടുത്തല്‍ നടത്തിയ യു.എസ് ഹാക്കര്‍ സയ്യിദ് ഷുജക്കെതിരേ നടപടിക്ക് തുടക്കമിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍.
ഷുജക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കമ്മിഷന്റെ ആവശ്യം. ഹാക്കര്‍ നടത്തിയത് ഐ.പി.സി 505 ഒന്ന് ബിയുടെ (സമൂഹത്തില്‍ പരിഭ്രാന്തി പരത്തല്‍) ലംഘനമാണെന്ന് ഡല്‍ഹി ഡെപ്യൂട്ടി പൊലിസ് കമ്മിഷനര്‍ക്ക് നല്‍കിയ പരാതിയില്‍ കമ്മിഷന്‍ വ്യക്തമാക്കി.
സുപ്രിംകോടതിയും വിവിധ ഹൈക്കോടതികളും വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത വിവിധ കേസുകളില്‍ അംഗീകരിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികള്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ ആശങ്കയും സംശയവും ഉയര്‍ത്തിയപ്പോള്‍ കമ്മിഷന്‍ പരസ്യ വെല്ലുവിളിയിലൂടെ വിദഗ്ധരെ ക്ഷണിച്ചു വരുത്തി ആശങ്കകള്‍ ദുരീകരിച്ചതാണെന്നും കമ്മിഷന്‍ പറയുന്നു. തിങ്കളാഴ്ച ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ‘ഹാക്കത്തോണ്‍’ പരിപാടിക്കിടെയാണ് സയ്യിദ് ഷുജ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ പരിപാടി സംഘടിപ്പിച്ചതും അതു വിജയിപ്പിച്ചെടുത്തതും കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. പരിപാടിയിലേക്ക് ക്ഷണം സ്വീകരിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ സാന്നിധ്യത്തെ ചോദ്യം ചെയ്ത കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, പരിപാടിക്ക് മേല്‍നോട്ടം വഹിക്കാനാണ് കോണ്‍ഗ്രസ് പ്രതിനിധിയായി സിബല്‍ ലണ്ടനില്‍ എത്തിയതെന്നും കുറ്റപ്പെടുത്തി. ലണ്ടനിലേത് കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്ത വാര്‍ത്താസമ്മേളനമായിരുന്നു. 2014ലെ ജനവിധിയെ അപമാനിക്കാനാണ് കോണ്‍ഗ്രസ് ആ പരിപാടി സ്‌പോണ്‍സര്‍ ചെയ്തത്. രാജ്യത്തെ വോട്ടര്‍മാരെ അപമാനിക്കുകയായിരുന്നു ഇതിലൂടെ സിബല്‍ ചെയ്തത്. നാലരവര്‍ഷമായി ഇന്ത്യയുടെ വിവരസാങ്കേതികമന്ത്രിയായ താന്‍ ഇതുവരെ ഇങ്ങനെയൊരു ഹാക്കറെ കുറിച്ച് കേട്ടിട്ടില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പരിപാടിയുടെ സംഘാടകനായ ആഷിഷ് റേ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ഇയാളാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസിന് നിരവധി സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുണ്ടെന്നും നരേന്ദ്രമോദിയെ മാറ്റാനായി ഇവര്‍ പാകിസ്താനില്‍നിന്നു വരെ സഹായം തേടാറുണ്ടെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും ആരോപിച്ചു.
എന്നാല്‍, ലണ്ടനിലെ അട്ടിമറി പരീക്ഷണത്തോട് എടുത്തുചാടി പ്രതികരിക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. പാര്‍ട്ടി പ്രതിനിധിയായല്ല, മറിച്ച് സംഘാടകര്‍ ക്ഷണിച്ചതു കൊണ്ടാണ് സിബല്‍ പോയതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ വി.വിപാറ്റ് പരിശോധന ശക്തമാക്കണമെന്നും സിങ്‌വി ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകള്‍ ഗൗരവമേറിയതാണ്. അതിന്റെ സത്യാവസ്ഥയെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും സിങ്‌വി ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രം അട്ടിമറിക്കപ്പെടാമെന്നുള്ള ആശങ്ക വര്‍ഷങ്ങളായി തങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പ്രതികരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News